നിരവധി ആരാധകരുള്ള നടനാണ് പ്രഭു. ഇപ്പോഴിതാ സഹോദരന്റെ കടബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്ന് പറയുകയാണ് നടൻ. പ്രഭുവിന്റെ മൂത്ത സഹോദരൻ രാംകുമാറിന്റെ മകന്റെ കടബാധ്യത ഏറ്റെടുക്കാനാവില്ല എന്ന് പ്രഭു മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നടന്റെ ബംഗ്ലാവിന്റെ ഭാഗം കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രഭു രംഗത്തെത്തിയിരിക്കുന്നത്.
ടി നഗറിൽ പിതാവ് ശിവാജി ഗണേശന്റെ പേരിലുണ്ടായിരുന്ന ബംഗ്ലാവിന്റെ നാലിലൊരു ഭാഗം കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് പ്രഭു ഹർജി നൽകിയിരിക്കുന്നത്. സഹോദരങ്ങൾ തമ്മിലുള്ള ധാരണപ്രകാരം ‘അണ്ണൈ ഇല്ലം’ ബംഗ്ലാവിന്റെ ഉടമ താനാണെന്നും രാംകുമാറിന് സ്വത്തിൽ അവകാശമില്ലാത്തതിനാൽ അദ്ദേഹത്തിന്റെ ബാധ്യത തീർക്കാനാകില്ലെന്നും പ്രഭു നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
താൻ ഇതുവരെ കടം വാങ്ങിയിട്ടില്ല. മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കാൻ താൽപര്യമില്ല എന്നാണ് പ്രഭു പറയുന്നത്. സഹോദരൻ രാംകുമാറിന്റെ മകനും ഭാര്യയും ചേർന്ന് സിനിമാ നിർമ്മാണത്തിനായി വായ്പ എടുത്ത തുക തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് സ്വത്തിന്റെ ഭാഗം കണ്ടുകെട്ടാൻ കോടതി തീരുമാനിച്ചത്.
രാംകുമാർ താങ്കളുടെ സഹോദരനല്ലേ എന്നും ഒരുമിച്ചല്ലേ ജീവിക്കുന്നതെന്നും വായ്പ തിരിച്ചടച്ച ശേഷം രാംകുമാറിൽ നിന്നും തുക തിരിച്ചു വാങ്ങിക്കൂടെ എന്നും ഹർജി പരിഗണിക്കുന്നതിനിടെ കോടതി പ്രഭുവിനോട് ചോദിച്ചു. എന്നാൽ രാംകുമാർ പലരിൽ നിന്നും കടം വാങ്ങിയിട്ടുണ്ടെന്നും നിർദേശം അംഗീകരിക്കാനാകില്ലെന്നും പ്രഭു പറയുന്നു.