പ്രശസ്ത നടൻ മോഹൻ ബാബുവിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി മകനും നടനുമായ മഞ്ജു മനോജ്. ഹൈദരാബാദിലെ വീടിന് മുന്നിലാണ് പ്രതിഷേധം. മനോജിന് ജൽപള്ളിയിലെ പിതാവിന്റെ വീട്ടിൽ കയറാനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതോടെയാണ് പ്രതിഷേധം തുടങ്ങിയത്. നടൻ ഗേറ്റിന് മുന്നിൽ കുത്തിയിരുന്നതോടെ ആളുകളും മാധ്യമങ്ങളും തടിച്ച് കൂടുകയായിരുന്നു.
ഇതിന് പിന്നാലെ മോഹൻ ബാബുവിന്റെ വീടിന് മുന്നിൽ വലിയൊരു പൊലീസ് സംഘം അണിനിരന്നു. മഞ്ജു മനോജിനെ അവിടെ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല.
ഏപ്രിൽ 11ന് താൻ മകന്റെ ജന്മദിനം ആഘോഷിക്കാൻ ജയ്പൂരിലായിരുന്നപ്പോൾ സഹോദരൻ വിഷ്ണുവും നൂറിലേറെ ഗുണ്ടകളും ജൽപള്ളിയിലെ വീട്ടിൽ അതിക്രമിച്ച് കടന്ന് വീട് തകർത്തെന്നും കാറുകൾ വലിച്ചിഴച്ച് റോഡിൽ ഉപേക്ഷിച്ചെന്നും മഞ്ജു മനോജ് ആരോപിച്ചു.
മോഷ്ടിച്ച കാറുകളിൽ ഒരെണ്ണം വിഷ്ണുവിന്റെ വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയാണെന്നും നടൻ പറഞ്ഞു. എന്റെ സുരക്ഷ ഉദ്യോഗസ്ഥരെ അവർ മർദിച്ചു. നർസിംഗി പൊലീസിൽ പരാതി നൽകിയെന്നും ഇയാൾ പറഞ്ഞു. സ്വത്ത് തർക്കവും മറ്റ് ചില പ്രശ്നങ്ങളുമായി നടൻ മഞ്ജു മനോജും പിതാവ് മോഹൻ ബാബുമായും വിഷ്ണുവുമായും അത്ര നല്ല ബന്ധത്തിലല്ലെന്നാണ് വിവരം.