കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.
88 ദിവസത്തോളം ജയിലിൽ കഴിഞ്ഞതിന് ശേഷമായിരുന്നു നടൻ ദിലീപിന് ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളോടെയായിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു. അതിലൊരാളാണ് നിർമാതാവ് സജി നന്ത്യാട്ട്. ഇപ്പോൾ അന്തിമ വിധി പറയാനായി കേസ് മാറ്റിയിരിക്കുകയാണ്. ജൂലൈയിൽ തന്നെ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോഴിതാ കേസ് അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന വേളയിൽ ദിലീപിനെ കുറിച്ചും നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പിന്തുണയ്ക്കാനുള്ള കാരണത്തെ കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ് നടൻ മഹേഷ്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് അനുകൂലമായി സംസാരിച്ചതിന്റെ പേരിൽ ഒട്ടനവധി വ്യക്തി അധിക്ഷേപങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് നടൻ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ചെല്ലാം തുറന്ന് സംസാരിക്കുന്നത്.
കേസിന്റെ തുടക്കം മുതൽ ചാനൽ ചർച്ചകളിൽ ദിലീപിന് വേണ്ടി നിരന്തരം വാദിക്കുന്നയാളാണ് മഹേഷ്. 1990 കളിലെ ഒരു സംവിധായകനെതിരെ ഞാൻ കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്. വർഷങ്ങളായെങ്കിലും അതിൽ ഇതുവരെ ഒരു നടപടിയും ആയിട്ടില്ല. ആ സമയത്ത് കേസുമായി ബന്ധപ്പെട്ട് ടിവിയിൽ ചർച്ചക്ക് വരുന്നുവരെ ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നു. ചാനൽ ഹെഡ്ഡുകൾ, ചർച്ച നടത്തുന്നവർ, പിന്നെ ചർച്ചക്ക് വരുന്നവർ തുടങ്ങിയവരായിരുന്നു അതിൽ ഉണ്ടായിരുന്നത്. ആ ഗ്രൂപ്പിലാണ് ഇദ്ദേഹം എനിക്കെതിരെ വളരെ മോശമായ പ്രസ്താവന നടത്തിയത്. ‘നിന്റെ മക്കളെ കൊണ്ടുപോയി ദിലീപിന് കാഴ്ച വെക്കടാ’ എന്നതായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ആ സംവിധായകന്റെ സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടൊക്കെയുണ്ട്. ചാനൽ ചർച്ചകളിൽ ഇരുന്നും ഇദ്ദേഹം അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു. എന്നെ മാത്രമല്ല പലരോടും അയാൾ ആ രീതിയിൽ പരാമർശിച്ചിട്ടുണ്ട്. എനിക്ക് രണ്ട് പെൺമക്കളാണ്, എൻ്റെ ഭാര്യ, അമ്മ, സഹോദരിമാർ, സ്ത്രീത്വ വളരെ അധികം ബഹുമാനിക്കുന്ന വ്യക്തിയാണ്. ആ എന്നെക്കുറിച്ചാണ് അദ്ദേഹം വളരെ നീചമായിട്ട് സംസാരിച്ചത്. അതിജീവിതയായ നടിക്കുണ്ടായ അവസ്ഥയെ ഞാൻ അങ്ങേയറ്റം സങ്കടത്തോടെയാണ് കാണുന്നത്. ആര് ഇതിന് പിന്നിൽ പ്രവർത്തിച്ചു എന്നുള്ള ഇടത്താണ് എനിക്ക് വ്യത്യസ്ത അഭിപ്രായമുള്ളത്.
പലരും പലതും കണ്ടിട്ട് തന്നെയാണ് ഗൂഡാലോചന നടത്തിയത്. അതിൽ ഒരാൾ ഒരു സിനിമ തന്നെ ചെയ്തിട്ട് ഈ ഏരിയയിലെ ഇല്ലാതായിപ്പോയി. അങ്ങനേയുള്ള നിരവധി സംഭവങ്ങളുണ്ട്. അതായത് ഇതിന് പിന്നിൽ ഒരു കോക്കസുണ്ട്. ഡബ്ല്യൂസിസി അംഗങ്ങളിൽ ആർക്കെങ്കിലും ദിലീപിന് എതിരായ ഗൂഡാലോചനയിൽ പങ്കുള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല. ഒരു കലാകാരാനും കലാകാരിക്കും ഇങ്ങനെയൊന്നും ചെയ്യാൻ സാധിക്കില്ല. പക്ഷെ കലയുടെ പേര് പറഞ്ഞ് വന്നവർ തന്നെയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. ഡബ്ല്യൂസിസിയിലേക്ക് ആദ്യം പോയ വ്യക്തിയാണ് മഞ്ജു വാര്യർ. പിന്നീട് എന്താണ് അവർ എത് വിട്ടിട്ട് പോയത്. അങ്ങനെ പലരുമുണ്ട്.
സ്ത്രീകളുടെ പരാതിയിൽ തന്നെ ഡബ്ല്യൂസിസി ചിലർക്കൊപ്പം മാത്രമാണ് നിൽക്കുന്നത്, ചിലർക്കൊപ്പം നിൽക്കുന്നില്ല എന്ന് തുടങ്ങിയ വിമർശനങ്ങളൊക്കെ പലരും പറഞ്ഞും അറിയുണ്ട്. എന്നാൽ നമ്മൾ അതിൽ പെടാത്ത ആളായതുകൊണ്ട് അഭിപ്രായം പറയാൻ പോകുന്നില്ല. പക്ഷെ അവരുടെ കഠിനധ്വാനം കൊണ്ടാണ് ഹേമ കമ്മിറ്റി നിലവിൽ വന്നതെന്ന് പറയാതിരിക്കാനാകില്ല. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവങ്ങളിലെ പരാതികളായതുകൊണ്ടാണ് പലതും തെളിയിക്കാനാകാതെ പോയത്. കോടതിക്ക് വേണ്ടത് തെളിവുകളാണല്ലോ.
ദിലീപിന്റെ കേസിൽ തന്നെ പറഞ്ഞ ഒരു കാര്യം ഒരു ടവറിന് കീഴിൽ രണ്ടുപേർ വന്നു എന്നതായിരുന്നു. എന്നുവെച്ച് ഗൂഡാലോചന എങ്ങനെ തെളിയിക്കും. നിഷ്പ്രയാസം തെളിയിക്കാൻ സാധിക്കും എന്ന് ചുമ്മാ പറഞ്ഞിട്ട് കാര്യമില്ല. എന്തൊക്കെ ആയിരുന്നു, ദിലീപിനൊക്കെ ആ ഹോട്ടലിൽ പോകുന്നു. ആരൊക്കെയോ എന്തൊക്കെയോ വിളിച്ച് പറയുന്നു, ദിലീപ് റിയാക്ട് ചെയ്യുന്നു, പൊലീസ് തള്ളിക്കൊണ്ട് പോകുന്നു. ആ സമയത്ത് എന്തൊരു മേളമായിരുന്നു. എന്നിട്ടും എന്താണ് ഇപ്പോഴും ഇങ്ങനെ നീണ്ടുപോകുന്നത്.
കോടതി എടുക്കുന്ന സമയത്തെ ഞാൻ മനസ്സിലാക്കുന്നു, അതിനെ എല്ലാ ബഹുമാനത്തോടെയും കാണുന്നു. കോടതിക്ക് വേണ്ടത് തെളിവുകളാണ്. വാളെടുത്തവർ എല്ലാം വെളിച്ചപ്പാട് എന്ന് പറഞ്ഞപോലെ പലരും ചറപറാന്ന് ആരോപണം ഉന്നയിച്ച് തുടങ്ങിയില്ലേ. ആലുവയിലുള്ള ഒരു സ്ത്രീ ഇനി ആരുടെ പേരാണ് പറയാനുള്ളത്. അവസരങ്ങൾ കിട്ടിയില്ലെങ്കിൽ അവനൊരു പണി കൊടുക്കാം എന്ന് പറഞ്ഞ് ഇറങ്ങിയിട്ട് കാര്യമുണ്ടോയെന്നും മഹേഷ് ചോദിക്കുന്നു.
ദിലീപിനെ എനിക്കധികം അറിയില്ല. ദിലീപിന്റെ സിനിമകളിൽ പോലും എന്നെ വിളിക്കാറില്ലല്ലോ. വേറൊന്നും കൊണ്ടല്ല, അദ്ദേഹത്തെ എനിക്കത്രയേ പരിചയമുള്ളൂ. ചക്കരമുത്തിൽ ഞാനും അദ്ദേഹവും തമ്മിൽ കോംബിനേഷൻ ഒന്നുമില്ല. താൻ ഈ കേസിൽ ദിലീപിന് അനുകൂലമായി നിലപാടെടുക്കാൻ കാരണമുണ്ടെന്നും മഹേഷ് പറയുന്നുണ്ട്. ജനങ്ങൾക്ക് ഇഷ്ടമുള്ള നടൻ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. ഇല്ലെങ്കിൽ ആ മനുഷ്യൻ ജയിലിൽ കിടക്കേണ്ടത് 20 വർഷമാണ്.
സ്വയം കരിയറിൽ കേറി വന്ന വ്യക്തിയാണ്. അങ്ങനെയൊരാൾക്ക് ഇനി കാരാഗൃഹ ജീവിതമാണോ എന്ന് ആലോചിച്ചു. ഞാൻ നോക്കിയപ്പോൾ അദ്ദേഹം ബുദ്ധിയില്ലാത്ത മനുഷ്യനൊന്നുമല്ല. സിനിമ നിർമിക്കാൻ സാമ്പത്തികമുള്ളവരുണ്ടായിട്ടും എന്തുകൊണ്ട് ദിലീപ് ട്വന്റി ട്വന്റിയെടുത്തു. അവിടെ അവന്റെ ബിസിനസ് ബുദ്ധിയുണ്ട്. ദിലീപ് പല സിനിമകളും ത്യജിച്ചാണ് ആ സിനിമ ചെയ്തത്. പക്ഷെ അതിൽ പ്രധാന വേഷമുണ്ട്. ദിലീപ് തന്റെ സിനിമകളുടെ മാർക്കറ്റിംഗ് ബുദ്ധിപരമായി നടത്തി.
അങ്ങനെയൊക്കെ ചെയ്യുന്ന ആൾ അത്ര വിഡ്ഢിയൊന്നും അല്ലല്ലോ. അദ്ദേഹത്തിന്റെ അന്നത്തെ സാമ്പത്തികാവസ്ഥ വെച്ച് ഈയൊരു ക്രെെം ചെയ്യണമെങ്കിൽ ഇവിടെ നിന്നാരെയും വിളിക്കേണ്ട കാര്യമില്ല. എന്തിന് പൾസർ സുനി. അവൻ പ്രൊഡക്ഷൻ ഡ്രെെവറായി വണ്ടി ഓടിക്കുകയും അത്യാവശ്യം തരികിട പരിപാടികൾ കാണിക്കുകയും ചെയ്യുന്ന ആളാണ്. 2011-12 കാലഘട്ടത്തിൽ ഇതേ പോലൊരു നടിയെ ഇത് പോലെ കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്ത ക്രെെം റെക്കോഡുള്ള ആളാണ്. അങ്ങനെയൊരാളെ വീണ്ടും അതേ ക്രെെം ചെയ്യാൻ പ്രേരിപ്പിക്കാൻ മാത്രം വിഡ്ഢിയല്ല ദിലീപ്.
കാരണം പൊലീസ് എങ്ങനെയാണ് ക്രെെം കണ്ട് പിടിക്കുന്നത്. ഹിസ്റ്ററി നോക്കിയാണ്. ഇതേ പോലൊരു ക്രെെം മുമ്പ് ആര് ചെയ്തെന്ന് നോക്കും. അത് വെച്ചാണ് അവർ പെട്ടെന്ന് പ്രതിയിലേക്ക് എത്തും. അങ്ങനെയുള്ള പൾസർ സുനിയെ ദിലീപ് ഈ കുറ്റകൃത്യം ചെയ്യാൻ ഏൽപ്പിക്കില്ലെന്നും മഹേഷ് വാദിക്കുന്നു. പൾസർ സുനി നേരിട്ട് കണ്ടാൽ ബോധം കെട്ട് വീഴുന്ന രണ്ട് കോടി രൂപയാണ് വാഗ്ദാനം ചെയ്തതെന്ന് പറയുന്നു. പൾസർ സുനി 20 രൂപയ്ക്ക് ചെയ്തേക്കാം. കാരണം സുനിയുടെ സാമ്പത്തിക സ്ഥിതി അതാണ്. പൾസർ സുനിയെ റിമാൻഡ് ചെയ്ത് രണ്ടോ മൂന്നോ ആഴ്ചകൾക്ക് ശേഷമാണ് പെട്ടെന്ന് ദിലീപിന്റെ പേര് പറയാൻ ഓർമ വരുന്നു. ഒരു പൊലീസുകാരൻ തന്നെ ഫോൺ കൊടുക്കുന്നു, ആ ഫോണിൽ നാദിർഷയെ വിളിക്കുന്നു, ദിലീപിന്റെ പേര് പറയുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇതിന് പിന്നിലെല്ലാം കോക്കസ് ഉണ്ടെന്നും മഹേഷ് പറയുന്നു.
നേരത്തെ, ദിലീപ് കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ലെന്ന് മഹേഷ് പറഞ്ഞിരുന്നു. കേസിന്റെ തുടക്കം മുതലുളള പല കാര്യങ്ങളിലും അന്വേഷണം വേണമെന്നും അന്ന് പലരേയും ചോദ്യം ചെയ്യാതെ വിട്ടത് തെറ്റായിപ്പോയെന്നും നടൻ പറയുന്നു. ആക്രമിക്കപ്പെട്ട നടി അന്നത്തെ ദിവസം തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്നുണ്ട് എന്ന് പൾസർ സുനി എങ്ങനെ അറിഞ്ഞു എന്നതൊരു ചോദ്യമാണ്. ആരുടെ വർക്കിന് വേണ്ടി വന്നു എന്നുളളതൊരു ചോദ്യം.
അവരെ ചോദ്യം ചെയ്യേണ്ടേ എന്നുളളതൊരു ചോദ്യം. ഇതിനുത്തരം പോലീസ് തരേണ്ടതല്ലേ. സംഭവം നടന്നതിന് ശേഷം അന്ന് രാത്രി നടിയെ ഒരു നടനും സംവിധായകനുമായ ആളുടെ വീട്ടിൽ കൊണ്ടുവിട്ടു. അവിടെ ചോദ്യം ചെയ്യാൻ പോയ പോലീസിന് എന്ത് കൊണ്ട് കാത്ത് നിൽക്കേണ്ടി വന്നു. എന്തുകൊണ്ട് ചോദ്യം ചെയ്യൽ പിറ്റേ ദിവസം രാവിലേക്ക് മാറ്റി വെയ്ക്കേണ്ടി വന്നു. മെഡിക്കലിന് കൊണ്ട് പോയത് പിറ്റേ ദിവസമാണ്. എന്തുകൊണ്ടാണ് ഡിലേ വന്നത് എന്നത് അന്വേഷിക്കണം.
തനിക്ക് കാര്യങ്ങൾ തുറന്ന് പറയുന്നതിന് പരിമിതിയുണ്ട്. താൻ നടിക്ക് എതിരെ ആണെന്ന് എല്ലാവരും പറയുന്നു. താൻ ഇതുവരെ നടിക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. ദിലീപ് തെറ്റ് ചെയ്തില്ല എന്ന് പറയുന്നത് കൊണ്ട് താൻ എങ്ങനെയാണ് നടിക്ക് എതിരെ ആവുന്നത്. റൂട്ട് മുതലുളള കാര്യങ്ങൾ അന്വേഷിച്ചാൽ അന്ന് പലരേയും ചോദ്യം ചെയ്യാതെ വിട്ടത് തെറ്റായി പോയെന്ന് പോലീസിന് മനസ്സിലാകും. ദിലീപിനെ കുടുക്കാൻ വേണ്ടി പോലീസ് ശ്രമിക്കുകയാണ്. ഇത് പോലീസിന്റെ അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്. കോടതിയെയും സമ്മർദ്ദതിലാക്കുകയാണ്.
കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് മുൻപ് തന്നെ അത് മാധ്യമങ്ങളിൽ വന്നു. അതിൽ ആരാണ് തെറ്റുകാരൻ. സാമ്പത്തികമായി മൂക്ക് കുത്തിയ ഒരു പ്രധാനപ്പെട്ട ചാനൽ വഴിയാണ് കഴിഞ്ഞ അഞ്ചാറ് മാസമായി തുടർച്ചയായി ചർച്ച ചെയ്ത് കൊണ്ടിരിക്കുന്നത്. ആ ചാനലിന് എങ്ങനെയാണ് ഓരോരോ കാര്യങ്ങൾ ലഭിക്കുന്നത്. നാഥനില്ലാ കളരി പോലെ കുറച്ച് പേരുടെ താൽപര്യങ്ങൾക്ക് വേണ്ടി അവർ കളിക്കുന്ന കളികളാണ്.
ഈ സർക്കാരിന്റെ ഭാഗമായിട്ടിരുന്നപ്പോഴാണ് ദിലീപ് നിരപരാധിയാണ് എന്ന് സെൻകുമാർ പറയുന്നത്. റിട്ടയർ ആകുന്നതിന്റെ തൊട്ട് മുൻപാണ് പറഞ്ഞത്. ബൈജു പൗലോസ് കൊടുത്തതല്ലാതെ എന്താണ് അധികമായി എഡിജിപിക്ക് കോടതിയിൽ കൊടുക്കാൻ സാധിച്ചിട്ടുളളത്. ഒന്നും ഇല്ല. ഇത്രയും നാളെടുത്തിട്ടും എന്തുകൊണ്ടാണ് കേസ് തെളിയിക്കാൻ പറ്റാത്തത്. ഇതിനൊരു പരിധിയില്ലേ. കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാൽ ഇതുവരെ കിട്ടിയ തെളിവുകളൊന്നും ദിലീപോ ഒപ്പമുളളവരോ കുറ്റക്കാരാണെന്ന് പറയാവുന്നതല്ലെന്നും മഹേഷ് പറഞ്ഞിരുന്നു.