മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത് ഏറെ ശ്രദ്ധ നേടുകയാണ്. താൻ പലപ്പോഴും സ്ക്രിപ്റ്റുകളിൽ സജഷൻസ് പറയാറുണ്ട്.
എന്നാൽ ആ സജഷൻസ് അവർ എടുത്താൽ തന്നെ, നിങ്ങൾ ഒന്നുകൂടി ആലോചിച്ചിട്ട് മാത്രം മാറ്റിയാൽ മതിയെന്ന് താൻ പറയാറുണ്ടെന്നും ലാൽ പറഞ്ഞു. എന്നാൽ നടൻ ജഗദീഷിന് പണ്ട് സ്ക്രിപ്റ്റിൽ കൈ കടത്തും എന്നൊരു ചീത്തപ്പേര് ഉണ്ടായിരുന്നു എന്നും അദ്ദേഹം അവതാരകന്റെ ചോദ്യത്തിന് മറുപടിയായി പറയുന്നു.
പുതിയ സംവിധായകരോട് ഞാൻ സജഷൻസ് പറയാറുണ്ട്. പുതിയ സംവിധായകരാണെങ്കിലും അല്ലെങ്കിലുമൊക്കെ ഞാൻ സാർ എന്നേ വിളിക്കാറുള്ളൂ. വളരെ അടുത്തുപോകുമ്പോഴാണ് പേര് വിളിക്കുന്നത്. അവർ പറയുന്നത് അനുസരിക്കുക എന്നതാണ്. എന്നാലും നമുക്ക് ചില അഭിപ്രായങ്ങൾ ഉണ്ടാകും.
എനിക്ക് ചെറിയ ഒരു അഭിപ്രായമുണ്ട്, ഇങ്ങനെ പറയുന്നത് ഈ രീതിയിൽ പറഞ്ഞാൽ നന്നാകില്ലേ എന്ന രീതിയിൽ സംശയം ചോദിക്കും. ചേട്ടൻ പറയുന്നത് ശരിയാണ് അത് വേണ്ട എന്ന് അവർ പറഞ്ഞാലും ഒന്നുകൂടി ആലോചിക്ക് കേട്ടോ, പിന്നീട് ഇത് എന്റെ തലയിൽ വരരുത് എന്ന് പറയും. കാരണം സ്ക്രിപ്റ്റ് തിരുത്തുന്ന ആള് തല്ലിപ്പൊളിയായിപ്പോയി എന്നൊക്കെ പിന്നെ പറയും.
ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു. ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട്. അതിന്റെ കാരണം എന്താണെന്ന് വെച്ചാൽ ചിലപ്പോൾ നമ്മൾ കുഴപ്പം പിടിച്ച സ്ക്രിപ്റ്റുള്ള പടത്തിൽ പോയി വീഴും. ഈ പടം സൂപ്പർഹിറ്റാകില്ലെന്നും പൊട്ടുമെന്നും ഉറപ്പുള്ള പടമാണ്.
പൊട്ടുമെന്ന് ഉറപ്പുള്ള പടം എങ്ങനെയെങ്കിലും ആവറേജ് ആക്കാനായി അയാൾ അതിൽ കുത്തിക്കുറിക്കുന്നതാണ്. അല്ലാതെ നമ്മുടെ പടത്തിലൊന്നും പുള്ളി ഇടപെട്ടിട്ടില്ല. തകർന്നുപോകുമെന്ന് കരുതിയിട്ട് കൈ കടത്തുന്നതാണ് എന്നും ലാൽ അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു.