മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് സ്വന്തം ബ്രാൻഡിന്റെ ഷർട്ട് സമ്മാനിച്ച് നടൻ കുഞ്ചന്റെ മകളും പ്രശസ്ത ഫാഷൻ ഡിസൈനറുമായ സ്വാതി കുഞ്ചൻ. വൈറ്റ് മുസ്താഷ് എന്നാണ് ബ്രാൻഡിന്റെ പേര്. വൈറ്റ് മുസ്താഷിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തെത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ വീട്ടിലെത്തായിയിരുന്നു പ്രത്യേകം ഡിസൈൻ ചെയ്ത ഷർട്ട് സ്വാതി സമ്മാനമായി നൽകിയത്.
ചുവന്ന നിറത്തിലുള്ള ഷർട്ടായിരുന്നു സ്വാതി നൽകിയത്. ഷർട്ട് എടുത്ത് നോക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഫാഷൻ ഡിസൈനിങ് മേഖലയിൽ തന്റേതായ ഇടം നേടിയെടുത്ത ആളാണ് സ്വാതി. ഫെമിന, നിത അംബാനിയുടെ ഹെർ സർക്കിൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള സ്വാതി ഇപ്പോൾ ഫ്രീലാൻസ് സ്റ്റൈലിസ്റ്റായി പ്രവർത്തിക്കുകയാണ്.
ആദ്യം ഫെമിനയിലെ ഹെഡ് സ്റ്റൈലിസ്റ്റ് അക്ഷിത സിങ്ങിന് കീഴിലാണ് സ്വാതി പ്രവർത്തിച്ചിരുന്നത്. പിന്നീട് ഹെഡ് സ്റ്റൈലിസ്റ്റാകുകയായിരുന്നു. നിലവിൽ ലക്ഷങ്ങളാണ് പ്രതിഫലം വാങ്ങുന്നത്. നാഷണൽ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫാഷൻ കമ്യൂണിക്കേഷനിൽ ബിരുദം സ്വന്തമാക്കി. ഫെമിനയിലായിരുന്നു ഇന്റേൺഷിപ്പ്.
ശേഷം ദുബായിയിൽ മനീഷ് മൽഹോത്രയ്‌ക്കൊപ്പം വില്ല 88-ൽ പ്രവർത്തിച്ചു. രണ്ട് വർഷത്തോളം ദുബായിൽ ഫാഷൻ ഷോകളിൽ പ്രവർത്തിച്ചു. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തി ഫെമിനയിൽ ഫാഷൻ സ്റ്റൈലിസ്റ്റായി തുടക്കം കുറിച്ചു. ഹെഡ് സ്റ്റൈലിസ്റ്റായതോടെ മാസികയുടെ മുഖചിത്രങ്ങൾക്കുള്ള മോഡലുകളെ ഒരുക്കി.
നിത അംബാനി, ദീപിക പദുക്കോൺ, അദിതി റാവു ഹൈദരി, സൂസെയ്ൻ ഖാൻ എന്നിവർക്കൊപ്പം പ്രവർത്തിച്ചു. കുഞ്ചന്റേയും ശോഭയുടേയും ഇളയ മകളാണ് സ്വാതി. ശ്വേതയാണ് മറ്റൊരു മകൾ. ഹെയർ ആന്റ് മേക്കപ്പ് ആർട്ടിസ്റ്റാണ് ശ്വേത.
ഈ വർഷമായിരുന്നു സ്വാതിയുടെ വിവാഹം. അഭിനന്ദ് ബസന്താണ് ഭർത്താവ്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. കുടുംബസമേതമാണ് മമ്മൂട്ടി വിവാഹത്തിനെത്തിയത്. ഭാര്യ സുൽഫത്ത്. മകൻ ദുൽഖർ സൽമാൻ, മകൾ സുറുമി, ദുൽഖറിന്റെ ഭാര്യ അമാൽ എന്നിവരെല്ലാം ചടങ്ങിനെത്തിയിരുന്നത്.