പറന്നിറങ്ങിയ ഹെലികോപ്റ്ററില്‍ നിന്ന് ചാടി, നടന്‍ ജോജു ജോര്‍ജിന് പരിക്ക്!; അപകടം കമല്‍ഹാസനൊപ്പമുള്ള രംഗം ചിത്രീകരിക്കുന്നതിനിടെ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജോജു ജോര്‍ജ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്.

ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. ജോജുവിന്റെ ഇടതു കാല്‍പ്പാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരിക്കേറ്റതിനെ തുടര്‍ന്ന് രാത്രിയില്‍ തന്നെ താരം കൊച്ചിയിലേക്ക് തിരിച്ചെത്തി. അപകടസമയത്ത് നടന്‍ കമല്‍ഹാസനും നസീറും ജോജുവിനൊപ്പമുണ്ടായിരുന്നു. ഇരുവര്‍ക്കുമൊപ്പം പറന്നിറങ്ങിയ ഹെലികോപ്റ്ററില്‍ നിന്ന് ജോജു ചാടിയപ്പോഴാണ് അപകടമുണ്ടായത്.

പോണ്ടിച്ചേരിയില്‍ വച്ചായിരുന്നു ഷൂട്ടിങ്. ഇന്നലെ രാത്രി ജോജു കൊച്ചിയിലേയ്ക്ക് തിരിച്ചെത്തി. മലയാളി താരം ഐശ്വര്യ ലക്ഷ്മിയും തഗ് ലൈഫിന്റെ ഭാഗമാണ്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് തഗ് ലൈഫ് നിര്‍മ്മിക്കുന്നത്.

മൂന്നര പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ കമല്‍ഹാസന്‍ മണിരത്‌നം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘തഗ് ലൈഫ്’. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കമല്‍ഹാസന്‍ എത്തുന്നത്. അതി ഗംഭീരമായ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ടൈറ്റില്‍ അന്നൗണ്‍സ്‌മെന്റ് വിഡിയോയില്‍ കൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രേക്ഷകരിലേക്കെത്തിയത്.

ജാപ്പനീസ് ആയോധനകലകളില്‍ അഗ്രഗണ്യനായ ഗ്യാങ്സ്റ്ററായാകും ചിത്രത്തില്‍ കമല്‍ഹാസന്‍ എത്തുക എന്നാണ് വിവരം. അതേസമയം ചിത്രം നായകന്റെ സീക്വല്‍ ആണോ എന്ന ചോദ്യവും ഇതിനോടകം ശക്തമാണ്. 1987ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായിരുന്നു നായകന്‍. വേലു നായ്ക്കര്‍ എന്ന കഥാപാത്രമായാണ് കമല്‍ ഹാസന്‍ ഈ ചിത്രത്തില്‍ എത്തിയിരുന്നത്.

സിനിമയുടെ ക്ലൈമാക്‌സില്‍ വരുന്ന വേലു നായ്ക്കറുടെ കൊച്ചു മകന്റെ പേരും ശക്തിവേല്‍ എന്നാണ്. അതാണ് പ്രേക്ഷകരില്‍ സംശയങ്ങള്‍ക്കിടയാക്കിയത്. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. മണിരത്‌നത്തിനോടൊപ്പം പ്രഗത്ഭരായ ടീമാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം കമല്‍ഹാസനും മണിരത്‌നവും എ.ആര്‍.റഹ്മാനൊപ്പം വീണ്ടും കൈകോര്‍ക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Vijayasree Vijayasree :