കന്നഡ നടന്‍ ദര്‍ശന് നേരെ ചെരുപ്പ് എറിഞ്ഞ സംഭവം; മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്

കന്നഡ നടന്‍ ദര്‍ശന് നേരെ ചെരുപ്പ് എറിഞ്ഞ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ക്രാന്തിയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കാണികളില്‍ നിന്നും ദര്‍ശനു നേരെ ചെരുപ്പേറുണ്ടായത്. പരിപാടിയുടെ സംഘാടകര്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പോലീസ് നടപടി.

‘ജനുവരി ആറു വരെ പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണ്. എണ്ണായിരത്തോളം പേര്‍ പങ്കെടുത്ത ചടങ്ങിനിടെയാണ് സംഭവം. 100 കണക്കിന് വീഡിയോകള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടുപിടിച്ചിരിക്കുന്നത്.’എന്ന് ഹോസ്‌പെട്ട് പോലീസ് പറഞ്ഞു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് വ്യക്താക്കി.

ദര്‍ശന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെത്തുടര്‍ന്നാണ് നടന് നേരെ കല്ലേറുണ്ടായത്. ക്രാന്തിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ ഇന്റര്‍വ്യൂവിലാണ് ദര്‍ശന്റെ വിവാദ പരാമര്‍ശം.

‘ഭാഗ്യദേവത എല്ലായ്‌പ്പോഴും നമ്മുടെ വാതിലില്‍ മുട്ടണമെന്നില്ല. അവള്‍ മുട്ടുമ്പോള്‍ അവളെ ബലമായി പിടിച്ച് കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്ക്കണം. അതിനു ശേഷം അവളെ നഗ്‌നയാക്കണം. അവള്‍ക്കു വസ്ത്രങ്ങള്‍ നല്‍കിയാല്‍ അവള്‍ പുറത്തു പോകും.’ എന്നിങ്ങനെയായിരുന്നു ദര്‍ശന്റെ പരാമര്‍ശം.

ദര്‍ശന്റെ പരാമര്‍ശം കടുത്ത സ്ത്രീവിരുദ്ധതയുളവാക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തു വന്നത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരവധി പ്രമുഖര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. 2011ല്‍ ഭാര്യയെ ഉപദ്രവിച്ചതിന് ദര്‍ശനെ പോലീസ് അറസ്റ്റു ചെയ്തിരുന്നതും അന്ന് ഏറെ വാര്‍ത്തയായിരുന്നു.

Vijayasree Vijayasree :