സിനിമാ പ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ശങ്കറിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായി എത്തിയ ഇന്ത്യൻ 2. എന്നാൽ സിനിമയ്ക്ക് പ്രതീക്ഷിച്ച അത്ര വിജയം കൈവരിക്കാൻ ആയില്ല. സമ്മിശ്ര പ്രതികരണം മാത്രമാണ് വൻ ഹൈപ്പിൽ എത്തിയ ചിത്രത്തിന് ലഭിച്ചത്.
എന്നാൽ ഇപ്പോഴിതാ ഈ നെഗറ്റീവ് റിവ്യൂകളെ കുറിച്ച് നടൻ ബോബി സിംഹ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിയൽ വൈറലായി മാറുന്നത്. ‘ബുദ്ധിയുള്ളവർ ആണെന്നാണ് എല്ലാവരും സ്വയം കരുതുന്നത്. നല്ലകാര്യങ്ങളെക്കുറിച്ച് നല്ലത് പറഞ്ഞാൽ മറ്റുള്ളവർ തങ്ങളെ ബുദ്ധിയില്ലാത്തവരെന്ന് വിലയിരുത്തും എന്ന് വിചാരിക്കുന്നു. അത്തരം ബുദ്ധിജീവികളെ നമുക്ക് ആവശ്യമില്ല. പ്രേക്ഷകരെയാണ് ആവശ്യം,’ എന്നായിരുന്നു ബോബി സിംഹ പറഞ്ഞത്.
പിന്നാലെ നടനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ‘പ്രേക്ഷകരെ കുറ്റപ്പെടുത്തുന്നതിനുപകരം, സിനിമയിലെ പിഴവുകൾ തിരിച്ചറിഞ്ഞ് പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമകൾ ചെയ്യൂ’, മണ്ടത്തരം പറയാതിരിക്കൂ എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ചിത്രത്തിൽ പ്രമോദ് കൃഷ്ണസ്വാമി എന്ന സുപ്രധാന കഥാപാത്രത്തെയാണ് ബോബി സിംഹ അവതരിപ്പിച്ചത്. ഇന്ത്യൻ മൂന്നാം ഭാഗത്തിലും നടൻ ഉണ്ടാകുമെന്നാണ് വിവരം. കമൽഹാസനും ബോബി സിംഹയ്ക്കും പുറമെ എസ് ജെ സൂര്യ, വിവേക്, സാക്കിർ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡൽഹി ഗണേഷ്, സമുദ്രക്കനി, നിഴൽഗൾ രവി, ജോർജ് മര്യൻ, വിനോദ് സാഗർ, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദൈർഘ്യം കൂടുതലാണെന്ന കാരണത്താൽ ചിത്രത്തിന്റെ 20 മിനുറ്റ് ദൈർഘ്യം വെട്ടിക്കുറച്ചിരുന്നു. ആദ്യ ദിനം തന്നെ വിമർശനങ്ങൾ വന്നുവെങ്കിലും 26 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു.
രണ്ടാം ദിനം 6 കോടി രൂപയാണ് കളക്ഷൻ നേടിയത്. ലൈക പ്രൊഡക്ഷൻസ്, റെഡ് ജയിന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദാണ്.
1996ൽ ആണ് ഇന്ത്യൻ പ്രദർശനത്തിനെത്തിയത്. ചിത്രത്തിൽ ഇരട്ടവേഷത്തിൽ അഭിനയിച്ച കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടർച്ചയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു. 250 കോടി ബജറ്റിൽ ആണ് ഇന്ത്യൻ 2 ഒരുക്കിയിരിക്കുന്നത്.