തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടൻ ബിജുമേനോന് സോഷ്യൽ മീഡിയയിൽ വൻതോതിൽ സൈബറാക്രമണം നേരിടേണ്ടിവന്നിരുന്നു. ഏറെ ജനപ്രിയനായ ബിജു മേനോനെ പോലൊരു നടന്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് കരുതിയില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്ന പ്രതികരണങ്ങളില്‍ ഭൂരിഭാഗവും. നടന്റെ ഫേസ്ബുക്ക് പേജില്‍ ആരാധകര്‍ നിരാശയും രോഷവും പ്രകടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ സുരേഷ് ഗോപിക്കുവേണ്ടി വോട്ട് ചോദിച്ച് എത്തിയത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജു മേനോൻ. ജ്യേഷ്ഠസ്ഥാനത്തുള്ള ഒരാൾക്ക് വിജയാശംസകൾ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണെന്ന വിശ്വാസത്തിലാണ് പ്രചാരണത്തിനു പോയതെന്നും ബിജു മേനോൻ വ്യക്തമാക്കുന്നു. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നുമായിരുന്നു ബിജു മേനോന്‍ പ്രചാരണവേദിയില്‍ പറഞ്ഞത്. എന്നാൽ ഇതിനെതിരെ ഉയർന്ന പല കമന്റുകളും തന്നെ വേദനിപ്പിച്ചെന്ന് താരം പറയുന്നു.
എന്റെ സഹപ്രവർത്തകനും ജ്യേഷ്ഠതുല്യനുമായ ഒരാൾ തൃശൂരിൽ മത്സരിക്കുമ്പോൾ പാർട്ടിയോ മറ്റോ നോക്കിയിട്ടല്ല പിന്തുണക്കുന്നത്. അദ്ദേഹത്തിന് വിജയാശംസകൾ നേരേണ്ടത് എന്റെ ബാധ്യതയും കടമയുമാണെന്ന് തോന്നിയിട്ടാണ് ഞാൻ അവിടെ പോയത്. അതിന് ആളുകൾ പ്രതികരിച്ചു, അതിൽ ചെറിയ വിഷമം തോന്നി. എന്നാൽ കുറച്ചുനാള്‍ കഴിയുമ്പോൾ ഇതിന്റെ വാസ്തവം ആളുകൾ തിരിച്ചറിയും- ബിജു മേനോൻ പറഞ്ഞു.
actor biju menon about suresh gopi’s election campaign