ഇന്ന് രാവിലെയായിരുന്നു നടൻ ബാലയുടെ നാലാം വിവാഹം. തന്റെ അമ്മാവന്റെ മകളായ കോകിലയാണ് ബാലയുടെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
എന്റെ വിവാഹം കഴിഞ്ഞു. എന്റെ സ്വന്തമാണ് കോകില. അവളുടെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു. എന്റെ അമ്മയുടെയും ആഗ്രഹം അതായിരുന്നു. അത് തന്നെ നടന്നു. അനുഗ്രഹിക്കാനും പിന്തുണയ്ക്കാനും ആഗ്രഹം ഉള്ളവർ അനുഗ്രഹിക്കൂ. എന്റെ അമ്മ വിവാഹത്തിന് എത്തിയില്ല, ആരോഗ്യപരമായ വിഷയങ്ങൾ ഉള്ളതുകൊണ്ടാണ് വരാതിരുന്നത്.
കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണം എന്ന് തോന്നൽ വന്നു അങ്ങനെ ആണ് വിവാഹത്തിലേക്ക് എത്തിയത്. ഇപ്പോൾ തന്റെ ആരോഗ്യം തൃപ്തികരമായ അവസ്ഥയിൽ ആണ്. ഭക്ഷണവും മരുന്നും എല്ലാം കൃത്യസമയത്തുതന്നെ കഴിക്കാൻ ആകുന്നു. ജീവിതം സന്തോഷകരമായി മുൻപോട്ട് പോവുകയാണ്, എന്റെ സ്വന്തം ആയതുകൊണ്ടുതന്നെ ആത്മവിശ്വാസം ഉണ്ട് ജീവിതത്തിൽ. കോകിലയ്ക്ക് മലയാളം അറിയില്ല. പഠിച്ചു വരുന്നതേ ഉള്ളൂ എന്നുമാണ് ബാല പറഞ്ഞത്.
റിപ്പോർട്ടുകൾ പ്രകാരം ഇത് ബാലയുടെ നാലാം വിവാഹമാണ്. കന്നഡ സ്വദേശിയായ പെൺകുട്ടിയെ ആണ് ബാല ആദ്യം വിവാഹം കഴിച്ചതെന്ന് നേരത്തേ നടന്റെ മുൻ ഭാര്യയായ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം അദ്ദേഹവുമായുള്ള വിവാഹശേഷമാണ് താൻ അറിഞ്ഞതെന്നായിരുന്നു അമൃത പറഞ്ഞത്. 2010 ലായിരുന്നു അമൃതയെ ബാല വിവാഹം കഴിക്കുന്നത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയ്ക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു.
എന്നാൽ 2015 ൽ ഇരുവരും അകന്നു. 2019 ൽ നിയപരമായി വേർപിരിയുകയും ചെയ്തു. ഈ ബന്ധത്തിൽ ബാലയ്ക്ക് ഒരു മകളുണ്ട്. അമൃത സുരേഷിന് ശേഷം ഡോക്ടറും തൃശൂർ സ്വദേശിയുമായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. എന്നാൽ ഇരുവരും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ഈ വിവാഹ ബന്ധവും അധികനാൾ നീണ്ടു നിന്നില്ല. നാളുകളായി എലിസബത്തും ബാലയും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. തങ്ങളുടെ വിവാഹ ജീവിതത്തിന് എന്ത് സംഭവിച്ചുവെന്നതിനെ പറ്റി തുറന്ന് പറയാൻ തയ്യാറായിട്ടില്ല.
എലിസബത്തുമായുള്ള വിവാഹത്തിലും ബാലയുടെ അമ്മ എത്തിയിരുന്നു. ബാലയുടെ അമ്മയെ കാണാതായതോടെ നിരവധി പേരാണ് ഈ കാര്യം പറഞ്ഞ് കമന്റുകൾ രേഖപ്പെടുത്തുന്നത്. ബാലയുടേത് നാലാം കെട്ട് ആയതിനാലാണ് അമ്മ എത്താത്തതെന്നും അമ്മയ്ക്ക് ഇനിയും നാണം കെടാൻ വയ്യാത്തത് കൊണ്ടാണെന്നും ചിലർ കമന്റുകളായി പറയുന്നുണ്ട്.
നേരത്തെ വിവാഹം കഴിക്കുമെന്ന് ബാല സൂചന തന്നിരുന്നു. എനിക്കും കുടുംബം വേണം. എന്റെ അച്ഛൻ മരിക്കുമ്പോൾ വിശ്വസിച്ച് തന്നത് മനസിലാക്കി നന്മ ചെയ്യണം. അതിന്റെ രജിസ്‌ട്രേഷൻ നടക്കണം. അതിനെ തടയാൻ ആര് ശ്രമിച്ചാലും നടക്കില്ല. ഇതിന് പിന്നിൽ പവർഫുൾ ആയ ആളുകളുണ്ടാകും. ചെറിയ ആളുകൾക്കിത് ചെയ്യാനാകില്ല. എന്നെക്കുറിച്ച് നന്നായി അറിയുന്നവരാണ്.
എനിക്ക് ഭീഷണി കോൾ വന്നിരുന്നു. വർഷങ്ങളായി കൂടെ ഉള്ളവർ ഓരോരുത്തരായി എനിക്കെതിരെ തിരിയുകയാണ്. അവർക്ക് പണം നൽകുകയാണ്. എന്റെ കാര്യത്തിൽ എനിക്ക് വ്യക്തതയുണ്ട്. ഞാൻ നൂറ് ശതമാനം ഉറപ്പായും ഉടനെ വിവാഹം കഴിക്കും. എന്റെ സ്വത്ത് ആർക്ക് പോകണം എന്ന് ഞാൻ തീരുമാനിക്കും.
ഞാൻ ആശുപത്രി കെട്ടും. ഇനി വെറുതെ കൊടുക്കണമെങ്കിൽ കൊടുക്കും. തീരുമാനം എന്റേതാണ്. എനിക്ക് മനസാമാധാനം വേണം. ഭാര്യയും കുട്ടിയും വേണം. എന്റെ കുടുംബ ജീവിതത്തിലേക്ക് ആരും കടന്നു വരരുത്. നാളെ എനിക്ക് കുഞ്ഞ് ജനിച്ചാൽ മീഡിയയിൽ നിന്നും ആരും കാണാൻ വരരുതെന്നുമാണ് ബാല പറഞ്ഞത്.