ബലാ ത്സംഗക്കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് നടന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് ബാബുരാജിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ചത്. പരാതി നൽകാനുള്ള കാലതാമസം പരിഗണിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിക്കണം, പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണം എന്നീ ഉപാധികളാണ് ജാമ്യം അനുവദിച്ചു കൊണ്ട് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ജൂനിയർ നടിയെ പീ ഡിപ്പിച്ചു എന്നായിരുന്നു ബാബുരാജിനെതിരായ കേസ്.
ബാബുരാജിന്റെ ആലുവയിലെ വീട്ടിൽ വെച്ചും അടിമാലിയിലെ റിസോർട്ടിലും വെച്ച് പീ ഡിപ്പിച്ചുവെന്നാണ് ജൂനിയർ ആർട്ടിസ്റ്റ് ആയ യുവതി പരാതിയിൽ ആരോപിക്കുന്നത്. യുവതി ഡിജിപിക്കാണ് പരാതി നൽകിയത്. ഡിജിപി ഈ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ബാബുരാജ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
പരാതി നൽകാനിടയായ കാലതാമസം ചൂണ്ടിക്കാട്ടി നടൻ സിദ്ദിഖിന് നേരത്തെ സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതി സിനിമാ വ്യവസായത്തിനെതിരെയാണെന്നും തനിക്കെതിരെ അല്ലെന്നും സൽപ്പേര് നശിപ്പിക്കാനുള്ള അപായകരമായ നീക്കമാണെന്നുമുള്ള വാദമാണ് സുപ്രീംകോടതിയിൽ സിദ്ദിഖ് ഉന്നയിച്ചത്.
പരാതിക്കാരി സമൂഹമാധ്യമത്തിലൂടെ ഒട്ടേറെപ്പേർക്കെതിരെ ആരോപണമുന്നയിച്ചു. അതിലൊന്നും തനിക്കെതിരെ പരാതിയില്ല. പ്രിവ്യൂവിന് നിള തിയറ്ററിൽ രക്ഷിതാക്കൾക്കൊപ്പം എത്താനാണ് ആവശ്യപ്പെട്ടത്. അതിന് ശേഷം നടിയെ കണ്ടിട്ടേയില്ലെന്നും സിദ്ദിഖ് അവകാശപ്പെട്ടു. പരാതിക്കാരി എന്തുകൊണ്ട് ഹേമ കമ്മിറ്റിക്ക് മുന്നിൽപ്പോയില്ലെന്ന ചോദ്യവും നടൻ ഉയർത്തി. അമ്മ–ഡബ്ല്യുസിസി ഭിന്നതയ്ക്കുശേഷമാണ് പരാതി ഉടലെടുത്തത്. താൻ ‘അമ്മ’ സെക്രട്ടറിയും പരാതിക്കാരി ഡബ്ല്യുസിസി അംഗവുമായിരുന്നുവെന്നും നടൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു.