ബാങ്ക് തട്ടിപ്പ്; നടന്‍ അന്നു കപൂറിന് നഷ്ടമായത് 4.36 ലക്ഷം രൂപ

ബാങ്ക് തട്ടിപ്പുവഴി സിനിമാ നടന്‍ അന്നു കപൂറിന് നഷ്ടമായത് 4.36 ലക്ഷം രൂപ. പ്രമുഖ സ്വകാര്യ ബാങ്കിന്റെ പേരില്‍ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാനെന്ന് പറഞ്ഞ് വന്ന നടന്നത്. ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചതിനാല്‍ 3.08 ലക്ഷം രൂപ തിരികെ ലഭിക്കും. വ്യാഴാഴ്ചയാണ് സംഭവം. ബാങ്കിലെ ജീവനക്കാരനെന്ന വ്യാജേന ഒരാള്‍ കപൂറിനെ വിളിച്ചു.

കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാനായി വിവരങ്ങള്‍ ആവശ്യപ്പെട്ടു. അതിനായി ബാങ്ക് വിവരങ്ങളും പിന്നീട് ഒ.ടി.പിയും താരം ഫോണില്‍ പങ്കുവെച്ചതായി ഓഷിവാര പൊലീസ് പറഞ്ഞു. അല്‍പ്പസമയത്തിനുള്ളില്‍ കപൂറിന്റെ അക്കൗണ്ടില്‍ നിന്ന് രണ്ട് അക്കൗണ്ടുകളിലേക്കായി 4.36 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു.

ഇടപാട് സംബന്ധിച്ച് ബാങ്ക് കപൂറിനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പൊലീസിനെ സമീപിക്കുകയായിരുന്നു.
പണം കൈമാറ്റം ചെയ്യപ്പെട്ട ബാങ്കുകളുമായി പൊലീസ് ബന്ധപ്പെടുകയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തതിനാല്‍ കപൂറിന് 3.08 ലക്ഷം രൂപ തിരികെ ലഭിക്കും.

സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പ് നടത്തിയയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Vijayasree Vijayasree :