ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ സിനിമ രംഗത്തു നിന്നും നേരിട്ട ദുരനുഭവങ്ങൾ പറഞ്ഞ് രംഗത്തെത്തിയത് നിരവധി പേരാണ്. ഇപ്പോഴിതാ സംവിധായകൻ മോശമായി പെരുമാറിയെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവ നടൻ. സിനിമയിൽ അവസരം ചോദിച്ചപ്പോഴാണ് സംവിധായകൻ മോശമായി പെരുമാറിയതെന്നാണ് നടൻ പറയുന്നത്.
എനിക്ക് വർഷങ്ങളായി പരിചയമുള്ള സംവിധായകനാണ് അദ്ദേഹം. അയാളുടെ സിനിമയിലേയ്ക്ക് ഞാൻ അവസരം ചോദിച്ചിരുന്നു. തുടർന്ന് ഒരു ദിവസം അയാളുടെ ഫ്ലാറ്റിൽ വെച്ച് സംസാരിക്കാം അങ്ങോട്ടേയ്ക്ക് വരാൻ പറഞ്ഞു. തുടർന്ന് ഞാൻ അവിടെത്തി സംസാരിച്ച ശേഷം സിനിമയിൽ അവസരം നൽകാം എന്നാൽ എനിക്കെന്താണ് ഗുണമെന്ന് എന്റെ തുടയിൽ പിടിച്ചുകൊണ്ടാണ് അയാൾ ചോദിച്ചത്.
അത്തരം കാര്യങ്ങളോട് എനിക്ക് താത്പര്യമില്ലെന്ന് ഞാൻ പറഞ്ഞെങ്കിലും അതൊന്നും അയാൾ കേട്ടതായി ഭാവിച്ചില്ല. വളരെ മോശമായി, അശ്ലീലമായാണ് പെരുമാറിയിരുന്നത്. അയാളുടെ മുഖത്തടിച്ച ശേഷമാണ് ഞാൻ അവിടെ നിന്ന് തിരിച്ചു പോയത് എന്നുമാണ് യുവ നടൻ പറഞ്ഞത്.
അതേസമയം, സിനിമാ മേഖലയിൽ നിന്ന് ഇതുവരെ പൊലീസിന് ലഭിച്ചത് 18 പരാതികളാണ്. വെളിപ്പെടുത്തൽ നടത്താത്ത സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം പ്രത്യേക സംഘത്തിൻറെ അന്വേഷണപരിധിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വേണ്ടെന്ന് ഡി.ജി.പി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടിൻറെ പൂർണരൂപം സർക്കാരിൽ നിന്ന് ആവശ്യപ്പെടേണ്ടെന്നാണ് തീരുമാനം.
സിനിമാരംഗത്ത് നിന്ന് ദുരനുഭവം നേരിട്ട സ്ത്രീകൾക്ക് സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് പരാതികൾ ഉന്നയിക്കാൻ പ്രത്യേക അന്വേഷണ സംഘം ഇ- മെയിൽ ഐ.ഡിയും വാട്സ്ആപ്പ് നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയുടെ മെയിൽ ഐഡിയിൽ പരാതി നൽകാം. 0471-2330747 എന്ന നമ്പരിലും പരാതികൾ അറിയിക്കാം. ഇതുവഴി ലഭിക്കുന്ന പരാതികളിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസുകൾ രജിസ്റ്റർ ചെയ്യും.