കന്നഡ സിനിമ നടനും എഴുത്തുകാരനുമായ ടി എസ് ലോഹിതാശ്വ അന്തരിച്ചു!

മുതിർന്ന കന്നഡ നടനും നാടകകൃത്തും എഴുത്തുകാരനുമായ ടി.എസ്. ലോഹിതാശ്വ (80) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ചികിത്സയിലായിരുന്നു.500-ഓളം കന്നഡ സിനിമകളിൽ അഭിനയിച്ച ലോഹിതാശ്വ നാടകകൃത്തും കൂടിയാണ്. ‘എ കെ 47’, ‘ദാദ’, ‘ദേവ’, ‘നീ ബരെദ’ ‘കാദംബരി’, ‘സംഗ്ലിയാന’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ലോഹിതാശ്വ.

ഒട്ടേറെ നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘അന്തിം രാജ’, ‘ഗൃഹ ഭംഗ’, ‘മാൽഗുഡി ഡെയ്‌സ്’, ‘നാട്യറാണി’ ‘ശന്താള’ എന്നിങ്ങനെ ജനപ്രിയ സീരിയലുകളിലും ലോഹിതാശ്വ വേഷമിട്ടു. റിട്ട. ഇംഗ്ലീഷ് പ്രൊഫസർ കൂടിയായ ലോഹിതാശ്വ നാടകവും കവിതാ സമാഹാരവും ഉൾപ്പെടെ നിരവധി കൃതികളും രചിച്ചിട്ടുണ്ട്. കർണാടക നാടക അക്കാദമി പുരസ്കാരം, കർണാടക രാജ്യോത്സവ പുരസ്കാരം എന്നിവ നേടി. കന്നഡ നടൻ ശരത് ലോഹിതാശ്വ മകനാണ്.

ബെംഗളൂരുവിൽ കുമാരസ്വാമി ലേ ഔട്ടിലായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച രാവിലെ സ്വദേശമായ തുമകൂരു തൊണ്ടഗെരെയിലേക്ക് കൊണ്ടുപോകും. സംസ്കാരം ബുധനാഴ്ച വൈകീട്ട് നടക്കും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തുടങ്ങിയവർ ലോഹിതാശ്വയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ചു.

AJILI ANNAJOHN :