എന്റെ ആദ്യത്തെ ചോറു പാത്രം… പക്ഷെ ഈ കഥാപാത്രം എന്നെക്കാൾ മൂത്തതാണ്; രമേശ് പിഷാരടി

പുതിയ അധ്യയന വർഷത്തിലേക്ക് ചുവടുവയ്ക്കുന്ന കുരുന്നുകൾക്ക് ആശംസകളുമായി നടൻ രമേശ് പിഷാരടി. തന്റെ ആദ്യത്തെ ചോറുപാത്രത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ ആശംസ. കുട്ടികൾക്ക് ഇതു പുതിയ അനുഭവം ആണെങ്കിലും ശീലം മാറിയത് അധ്യാപകർക്കാണെന്നും പിഷാരടി പറയുന്നു.

രമേശ് പിഷാരടിയുടെ വാക്കുകൾ:

എന്റെ ആദ്യത്തെ ചോറു പാത്രം. (എനിക്ക് മുൻപ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ’പാത്രം’ എന്നെക്കാൾ മൂത്തതാണ്)

കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിച്ചും പഠിക്കാതെയും പോകുമ്പോൾ …ഇന്ന് ഒരു പാട് കുരുന്നുകൾ ഒന്നാം തരത്തിലേക്ക് കടക്കുന്നു. കുട്ടികൾക്ക് ഇതും പുതിയ അനുഭവം തന്നെ ആണ്. ശീലം മാറിയത് അധ്യാപകർക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും. എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും നന്മകൾ നേരുന്നു.

പ്രവേശനോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കുട്ടികൾ സ്‌കൂളിൽ എത്തുന്ന കാലം വിദൂരമാവില്ലെന്ന പ്രതീക്ഷ മുഖ്യമന്ത്രി പങ്കുവെച്ചു.
ഇത്തവണ അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഓൺലൈൻ ക്ലാസ് സൗ കര്യമൊരുക്കുമെന്നും ഘട്ടം ഘട്ടമായി ഇത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

മാസങ്ങളായി വീട്ടിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് മാനസികോല്ലാസത്തിന് ടെലിവിഷനിലൂടെ തന്നെ ക്ലാസുകൾ നൽകുമെന്നും ഇക്കുറി സംഗീതം, കായികം, ചിത്രകല എന്നിവയ്ക്കുള്ള ക്ലാസുകൾ കൂടി ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെ കുട്ടികളെ ക്ലാസുകളിൽ നേരിട്ട് എത്തിക്കാൻ കഴിയും എന്നത് സർക്കാർ പഠിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Noora T Noora T :