കോറോണയ്ക്ക് മുൻപ് മൂന്ന് മഹാമാരികൾ;ഓരോ 100 വർഷവും മരിക്കുന്നത് ലക്ഷക്കണക്കിനാളുകൾ!

ഇന്ന് ലോകം നേരിടുന്ന മഹാമാരിയാണ് കോവിഡ് 19 എന്ന് വിശേഷിപ്പിക്കുന്ന ചൈനീസ് കൊറോണ വൈറസ്.ലോകത്തിലെ 400 ലധികം പ്രധാന നഗരങ്ങളെ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് ഉത്ഭവിച്ച വൈറസ് ബാധിചിരിക്കുകയാണ്.എന്നാൽ ഇത് ആദ്യമായാണോ ഇത്തരം വൈറസുകൾ ഒരു ലോകത്തെ മുഴുവനായി വിഴുങ്ങുന്നത്? അല്ല,ഓരോ 100 വർഷത്തിനിടയിലും ഇത്തരം മാരകമായ രോഗത്തിന് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്.അതിന് അടിസ്ഥാനമായ തെളിവുകൾ ചരിത്രം നിങ്ങളിലേക്ക് പരിശോധിക്കുന്നു..

ഓരോ 100 വർഷം, അത് കടന്ന് വരുന്നത് ലോകം തകർക്കുന്ന മഹാമാരിയുമായി. 1720 ൽ പ്ളേഗ്, 1820 ൽ കോളറ, 1920ൽ സ്പാനിഷ് ഫ്ലൂ, ഇപ്പോൾ ഏറ്റവും ഒടുവിൽ 2020 ൽ ചൈനീസ് കൊറോണ വൈറസ് എന്ന മഹാ രോഗം.എന്ത് പ്രതിഭാസം എന്ന് വേണമെങ്കിലും പറയാം..പക്ഷേ നൂറ്റാണ്ടുകളായി ഇത് നമ്മെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്.

1720 ൽ ആയിരുന്നു കോവിഡ് 19 ന് സമാനമായ ബ്യൂബോണിക് പ്ലേഗിന്റെ മാരകമായ ഒരു പകർച്ചവ്യാധി പൊട്ടിപുറപ്പെടുന്നത്.ഫ്രാൻസിലെ മാർസേയിൽ പകർന്നു പിടിച്ച ഈ രോഗം പിന്നീട് “മാർസേലിന്റെ മഹാ ബാധ” എന്ന് അറിയപ്പെട്ടു.ലെവന്റിൽ നിന്ന് ഫ്രാൻസിലെ മാർസെയിൽ തുറമുഖത്ത് എത്തിയ വ്യാപാര കപ്പൽ ഗ്രാൻഡ്-സെന്റ്-അന്റോയിലാണ് പ്ലേഗ് ആദ്യം ഉടലെടുക്കുന്നത്.ഈച്ചകളിലൂടെ പ്ലേഗ് മിക്കവാറും ഭൂഖണ്ഡങ്ങളിലെയ്ക്ക് വ്യാപിച്ചു. അക്കാലത്ത് പ്രധാന നഗരകേന്ദ്രങ്ങളായ തുറമുഖങ്ങൾ എലികൾക്കും ഈച്ചകൾക്കുമുള്ള മികച്ച പ്രജനന കേന്ദ്രമായിരുന്നു. അതിനാൽ ബാക്ടീരിയ അവിശ്വസനീയമാം വിധം വളർന്ന്, മൂന്ന് ഭൂഖണ്ഡങ്ങളെയും നശിപ്പിച്ചു. അന്ന് ഫ്രാൻസിലെ ഈ പട്ടണത്തിൽ ആദ്യം ഒരു ലക്ഷം പേരും, അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ സമീപപ്രദേശങ്ങളിൽ ഒരു ലക്ഷം പേരും മരണമടഞ്ഞു.

1820 ൽ വീണ്ടും ഒരു ദുരന്തത്തിന് ലോകം ഇരയാകുകയായിരുന്നു.
ഏഷ്യാറ്റിക് കോളറ എന്നായിരുന്നു ആ മഹാരോഗത്തിന്റെ പേര്. 1817 ൽ തുടങ്ങിയ രോഗം അതിന്റെ രൗദ്രഭാവത്തിൽ എത്തിയത് 1820 ലായിരുന്നു. കൽക്കട്ടയ്ക്കടുത്തുനിന്നാണ് അസുഖത്തിന്റെ വ്യാപനം തുടങ്ങിയത്. ഇന്തോനേഷ്യ ഉൾപ്പെടെയുള്ള ദക്ഷിണപൂർവ്വേഷ്യ, മദ്ധ്യപൂർവപ്രദേശങ്ങൾ, ചൈന, കിഴക്കൻ ആഫ്രിക്ക, മെഡിറ്ററേനിയൻ തീരം, കാസ്പിയൻ കടൽ മേഖല എന്നിവിടങ്ങളിലേയ്ക്ക് അസുഖം വ്യാപിച്ചു.

ഇതിനുമുൻപും ഇന്ത്യയാകമാനം കോളറ വ്യാപിച്ചിട്ടുണ്ടായിരുന്നുവെങ്കിലും ഇത്തവണ അസുഖം ഏഷ്യയിലെ ഏതാണ് എല്ലാ രാജ്യങ്ങളിലേയ്ക്കും അതിനു വെളിയിലേയ്ക്കും വ്യാപിച്ച ശേഷമാണ് കെട്ടടങ്ങിയത്.ഒരു ലക്ഷത്തോളം ആളുകളാണ് രോഗം ബാധിച്ച് മരിച്ചത്.ഈ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ വ്യാപിച്ച തടാകങ്ങളിൽ നിന്നുള്ള ജലത്തിന്റെ ഉപയോഗമാണ് അണുബാധയുടെ പ്രധാന കാരണം.

പിന്നീട് 100 വർഷത്തിന് ശേഷം 1920-ൽ ഏറ്റവും മാരകമായ ഒരു പകർച്ചവ്യാധി സംഭവിച്ചു.H1N1 വൈറസിന്റെ മാരകമായ ഉപവിഭാഗമായ സ്പാനിഷ് ഫ്ലൂ. ആധുനിക ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയായി സ്‍പാനിഷ് ഫ്ലൂ കണക്കാക്കപ്പെട്ടു. വെറും 18 മാസത്തിനുള്ളിൽ 50 ദശലക്ഷം മുതൽ 100 ദശലക്ഷം ആളുകളാണ് ഇത് മൂലം കൊല്ലപ്പെട്ടത്. ഏകദേശം 500 ദശലക്ഷം പേർക്ക് വൈറസ് ബാധയുണ്ടെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാന മാസങ്ങളിൽ ഈ രോഗം വ്യാപകമായിരുന്നു. ആദ്യം സ്പെയിനിൽ കണ്ടെത്തിയ ഇത്, പിന്നീട് ഇന്ത്യയിൽ പടരുകയും ഒരു കോടിയിലേറെ ആളുകളെ കൊല്ലുകയും ചെയ്‍തു. പ്രായമായവരെയും കുട്ടികളെയും പ്രധാനമായും ബാധിക്കുന്ന മറ്റ് ഫ്ലൂ വൈറസുകളിൽ നിന്ന് വ്യത്യസ്‍തമായി, സ്‍പാനിഷ് ഇൻഫ്ലുവൻസ ചെറുപ്പക്കാരെയും രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകളെയും ബാധിച്ചു.

ഇപ്പോൾ വീണ്ടും 100 വർഷം പിന്നിടുമ്പോൾ കോവിഡ് 19 എന്ന മാരകരോഗത്തിന്റെ പിടിയിൽ പകച്ചു നിൽക്കുകയാണ് ലോക ജനത.2019 ഡിസംബറിൽ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് ആരംഭിച്ച കൊറോനോവൈറസ് എന്ന ഒരു ചെറിയ വൈറസ് ലോകം മുഴുവൻ ഇടിമുഴക്കി. ഈ ശക്തമായ വൈറസ് ഇതിനകം ലോകമെമ്പാടും വ്യാപിച്ചു. യൂറോപ്പിലും പ്രത്യേകിച്ച് ഇറ്റലി, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും ഇതിന്റെ ഏറ്റവും മോശം ആഘാതം ഉണ്ടായി. മറ്റ് രാജ്യങ്ങളും സാഹചര്യം നേരിടുന്നതിൽ വലിയ വെല്ലുവിളി നേരിടുന്നു.

മരണ സംഖ്യ ഇതുവരെ പഴയ മഹാമാരിയുടെ ഏഴയലത്തേക്ക് വന്നിട്ടില്ല എങ്കിലും, ഇതിന്റെ ലോകവ്യാപന സ്വഭാവം നിമിത്തം ഏതുനിമിഷവും നിയന്ത്രണം വിട്ടുയരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് .
എന്നാൽ ഇപ്പോഴും ഒരു ചോദ്യം മാത്രം ബാക്കി നിൽക്കുന്നു.ഇതെന്ത് പ്രതിഭാസമാണ്? .നൂറ്റാണ്ടുകളുടെ ഇരുപതുകൾ രോഗത്തിന്റെ പിടിയിൽ പെട്ട് ഞെരിഞ്ഞമരുന്നത് യാദൃച്ഛികം എന്ന് കരുതാൻ കഴിയുമോ? തെളിവുകൾ ചോദ്യങ്ങളായി മാത്രം നിലനിൽക്കുന്നു…

about the history of pandemics

Vyshnavi Raj Raj :