സിനിമരംഗത്തെ മയക്കുമരുന്ന് മാഫിയയുടെ പ്രധാനി പ്രമുഖ നടന്‍; പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്!

ബോളിവുഡിലെ 3 പ്രമുഖര്‍ ലഹരി ഇടപാടുകാരുമായി ബന്ധം പുലര്‍ത്തിയതായി വിവരം ലഭിച്ചതായി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. കേസില്‍ നേരത്തെ ചോദ്യം ചെയ്ത നടിമാരുടെ അറസ്റ്റ്, ബോളിവുഡ് നടന്‍മാരടക്കം കൂടുതല്‍പ്പേരുടെ ചോദ്യം ചെയ്യല്‍ എന്നിവയടക്കം തുടര്‍നടപടികളെക്കുറിച്ച്‌ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തി ബോളിവുഡിലെ പ്രമുഖരെ ലഹരിമരുന്ന് മാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണെന്ന വാദം എന്‍സിബി ആവര്‍ത്തിക്കുകയും ചെയ്തു. ഒരു കാലത്ത് സൂപ്പര്‍ മോഡലായി തിളങ്ങുകയും പിന്നീട് ബോളിവുഡില്‍ അതിവേഗം ചുവടുറപ്പിക്കുകയും ചെയ്ത നായകനിലേക്ക് അന്വേഷണം നീങ്ങുന്നതായി എന്‍സിബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

എന്‍സിബിയോ അഭിമുഖം പുറത്തു വിട്ട മാധ്യമമോ ആരോപണ വിധേയനായ നടന്‍ ആരാണെന്ന് വെളിപ്പെടുത്തിയില്ല. ബോളിവുഡിലെ ഉന്നതര്‍ക്ക് ലഹരി മരുന്ന് എത്തിച്ചിരുന്നത് ഈ നടനാണെന്നും കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബോളിവുഡിലെ പ്രമുഖ താരങ്ങളെ പ്രതിക്കൂട്ടിലാക്കി നടി റിയ ചക്രവര്‍ത്തിയുടെ പേരില്‍ പ്രചരിക്കുന്ന മൊഴികള്‍ കളവാണെന്നും റിയ അത്തരമൊരു മൊഴി ആര്‍ക്കും നല്‍കിയിട്ടില്ലെന്നും റിയയുടെ അഭിഭാഷകന്‍ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

സുശാന്ത് സിങ്ങിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്താനായില്ലെന്നു ഡല്‍ഹി എംയിസിലെ ഫൊറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ, ലഹരിക്കേസിന്, നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി കാര്യമായ ബന്ധമില്ലെന്നാണ് ഇപ്പോള്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നിലപാട്. മരണത്തിലേക്കു നയിച്ചത് ലഹരിമരുന്നല്ല എന്ന സൂചനകളാണു 2 വെളിപ്പെടുത്തലുകളും നല്‍കുന്നത്.

ദീപിക പദുകോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിങ് എന്നിവരില്‍ നിന്ന് ലഹരിമരുന്നു കണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഫോണ്‍വിളി, ചാറ്റ് എന്നിങ്ങനെ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണം ഇവര്‍ക്കെതിരെയുള്ള തുടര്‍നടപടികള്‍ തീരുമാനിക്കാന്‍. ലഹരിക്കേസില്‍ ദീപിക പദുകോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിങ് എന്നീ നടിമാര്‍ക്കു ക്ലീന്‍ ചിറ്റ് നല്‍കിയെന്ന പ്രചാരണം എന്‍സിബി തള്ളിയിരുന്നു. ലഹരി ഇടപാടുകാരുമായി നടിമാര്‍ക്കു നേരിട്ടു ബന്ധമുള്ളതായും കണ്ടെത്തിയിട്ടില്ല. ബോളിവുഡിലെ ടാലന്റ് മാനേജ്‌മെന്റ് കമ്ബനിയായ ‘ക്വാന്‍’ കേന്ദ്രീകരിച്ചും കൂടുതല്‍ അന്വേഷണമുണ്ടാകും.

about sara ali khan

Vyshnavi Raj Raj :