‘മലയാള സിനിമകൾ തീയറ്ററുകളിലെത്താതെ ഡിജിറ്റൽ പ്രീമിയർ ചെയ്യുന്ന കാലം വരും’ പ്രത്വിരാജിന്റെ ആ പ്രവചനം സത്യമായി!

ജയസൂര്യ നായകനാകുന്ന ചിത്രം ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.സൂഫിയും സുജാതയും എന്ന ചിത്രമാണ് നിര്‍മാതാവ് ആമസോണിന് വിറ്റത്. ആദ്യമായാണ് മലയാള സിനിമ തീയേറ്ററിന് മുമ്ബെ ഓണ്‍ലൈനില്‍ എത്തുന്നത്.എന്നാൽ 5 മാസം മുമ്പ് മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് മലയാള സിനിമയുടെ ഡിജിറ്റൽ റിലീസിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകവെയാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്.

‘നമുക്ക് എല്ലാവർക്കും കിട്ടുന്ന സൂചനകൾ പോലെ തീർച്ചയായും സിനിമകൾ വളർന്നു കൊണ്ടേയിരിക്കും. പക്ഷേ ഈ വളർച്ച നമ്മൾ പ്രതീക്ഷിക്കുന്ന ദിശയിലേക്ക് ആയിരിക്കില്ല. മാർക്കറ്റ് വലുതാകും. എനിക്കു തോന്നുന്നത് പോകെപ്പോകെ ഡിജിറ്റൽ സ്പേസ് വലിയ സാധ്യതയായി മാറും. അങ്ങനെ വരുമ്പോൾ അതൊരു ഇൻഡിപെൻഡന്റ് മാർക്കറ്റായി രൂപം കൊള്ളും. അതിലേക്കു വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്ന സിനിമകൾ ഉണ്ടാവും. ഭാവിയിൽ ഒരു ശതമാനം സിനിമകൾ തിയറ്റർ റിലീസുകളില്ലാതെ ഡിജിറ്റൽ പ്രീമിയർ എന്നും പിന്നീട് സാറ്റലൈറ്റ് ടെലികാസ്റ്റ് എന്നുള്ളതിലേക്കും മാത്രം മാറും. അങ്ങനെയൊരു കാലഘട്ടം വരുമ്പോൾ അതിനെ താഴ്ത്തിക്കെട്ടി കാണേണ്ട കാര്യമില്ലെന്ന് നാം ഇന്നേ തിരിച്ചറിയണം. ഒരു സിനിമയുടെ ലക്ഷ്യം ജനങ്ങളിലേക്ക് എത്തുക എന്നതാണ്.’

‘തിയറ്ററിൽ വലിയ സ്ക്രീനിൽ കാണേണ്ട സിനിമയാണ് എന്ന തോന്നൽ സൃഷ്ടിക്കാൻ കഴിയുന്ന ലാർജ് സ്കെയിൽ സിനിമകൾക്കായിരിക്കും തിയറ്ററിക്കൽ റണ്ണിന്റെ പ്രസക്തി ഉണ്ടാവുക. മാർട്ടിൻ ‌സ്കോർസെസി എന്ന പ്രമുഖ സംവിധായകൻ പണ്ട് അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂവിൽ സിനിമകൾ തിയറ്ററിലാണ് കാണേണ്ടതെന്നും തിയറ്റർ റിലീസ് വേണമെന്നും വളരെ ശക്തമായി വാദിച്ച‌ിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഡ്രീം പ്രോജക്ടായ ഐറിഷ് മാൻ അദ്ദേഹം ചെയ്തത് ഒരു ഒടിടി പ്ലാറ്റ് ഫോമിലാണ്. നെറ്റ്ഫ്ളിക്സിനുവേണ്ടിയാണതു ചെയ്തത്. ഇതിനെ നമുക്ക് ഫൈറ്റ് ചെയ്യാൻ പറ്റില്ല. ഇതൊരു യാഥാർഥ്യമാണ്. നാളെ ഒരു സിനിമ തിയറ്ററിൽ റിലീസ് ചെയ്യുന്നില്ല, ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് കാണിക്കുന്നതെന്നു പറഞ്ഞാൽ അതൊരു അണ്ടർ അച്ചീവ്മെന്റായി കാണേണ്ട കാര്യമില്ല എന്നുള്ളതിലേക്ക് നാളെ മലയാള സിനിമയും എത്തിപ്പെടും.’

അന്ന് പൃഥ്വി പറഞ്ഞ ഇൗ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. തങ്ങളുടെ പ്രിയതാരം പറഞ്ഞത് ഇത്ര വേഗം യാഥാർഥ്യമാകുമായിരുന്നെന്ന് ഒരുപക്ഷേ ആരാധകർ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

about prithviraj

Vyshnavi Raj Raj :