‘സുകുമാരൻ എന്ന മഹാനായ നടൻ്റെ മകനാണോ താങ്കൾ?’ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം!

സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. മലബാര്‍ കലാപത്തിന്റെ വീരനായകനായ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രവുമായി തങ്ങളെത്തുന്നുണ്ടെന്നായിരുന്നു പൃഥ്വിരാജും ആഷിഖ് അബുവും പ്രഖ്യാപിച്ചത്.
ഇതിനു ശേഷം കടുത്ത സൈബർ ആക്രമണമാണ് പൃഥ്വിരാജ് നേരിടുന്നത്. സിനിമയെപ്പറ്റിയുള്ള അനൗൺസ്മൻ്റ് പങ്കുവച്ച പൃഥ്വിരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആക്രമണം നടക്കുന്നത്.

‘സുകുമാരൻ എന്ന മഹാനായ നടൻ്റെ മകനാണോ താങ്കൾ?’ എന്നാണ് ചിലരുടെ ചോദ്യം. ‘നാളെ ചിലപ്പോൾ മുംബൈ ഭീകരാക്രമണം നടത്തിയ നടത്തിയ കസബിനെ നായകനാക്കി വരെ സിനിമയെടുക്കും’ എന്ന് മറ്റൊരു കമൻ്റ്. ആഷിഖ് അബുവും പൃഥ്വിരാജും കൂടി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും കമൻ്റുകൾ നിറയുന്നുണ്ട്.
‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.;- ഇങ്ങനെയായിരുന്നു പൃഥ്വിയുടെ കുറിപ്പ്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി വേഷമിടാനുള്ള പൃഥ്വിരാജിന്റെ തീരുമാനത്തെ വിമര്‍ശിച്ച്‌ സംവിധായകനും അധ്യാപകനുമായ ജോണ്‍ ഡിറ്റൊ രംഗത്ത് വന്നിരുന്നു. ‘കലികാല വാര്യംകുന്നനെ ആരും പേടിക്കേണ്ട. മേക്കപ്പിട്ട് ഒറിജിനല്‍ വാളുമായി ഇനി ചാടിയിറങ്ങിയാലും ദശമൂലം രാമുവേ ആകൂ’-എന്നാണ് സംവിധായകന്റെ പരിഹാസം.1921 ലെ ഇരകളുടെ പിന്‍മുറക്കാര്‍ മുണ്ടുമടക്കിക്കുത്തി ഇന്നൊന്നു തിരിഞ്ഞു നിന്നാല്‍ .. കണ്ടറിയണം കോശി, നിനക്കെന്തു സംഭവിക്കുമെന്ന് -ജോണ്‍ ഡിറ്റൊ ഫേസ്ബുക്കില്‍ കുറിച്ചു.

about prithviraj

Vyshnavi Raj Raj :