സിനിമാലോകം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ; ഓണം റിലീസ് നീളും!

സിനിമാലോകം ആകെ ഇപ്പോൾ പ്രളയ കെടുതിയിൽപെട്ടവർക്കൊപ്പമാണ് .പ്രളയത്തിൽ കുടുങ്ങി എന്ത് ചെയ്യണമെന്നറിയാതെ ഉഴലുകയാണ് ഏവരും അവർക്കുള്ള സഹായവുമായി സിനിമ ലോകത്തുള്ളവരും ഒന്നിച്ചിരിക്കയാണ്. തങ്ങളാല്‍ക്കഴിയാവുന്ന സഹായവുമായാണ് താരങ്ങള്‍ എത്തിയത്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് നേരിട്ടെത്തിയവരും കലക്ഷന്‍ സെന്ററുകളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുമൊക്കെ താരങ്ങള്‍ സജീവമാണ്. താരപരിവേഷം മാറ്റിവെച്ച് സാധാരണക്കാരിലൊരാളായാണ് പലരും ഇടപഴകുന്നത്. കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇത്തവണയും ടൊവിനോ തോമസും പൂര്‍ണിമയും ഇന്ദ്രജിത്തുമൊക്കെ സഹായഹസ്തവുമായി എത്തിയിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് റിലീസ് സിനിമകളും മാറ്റിവെച്ചുവെന്ന വിവരങ്ങളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് ഈയാഴ്ച റിലീസ് ചെയ്യുമെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ സിനിമയുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണെന്നും പുതിയ തീയതി തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി നിര്‍മ്മാതാവ് എത്തിയിട്ടുണ്ട്. ഓണത്തിന് എത്തുമെന്നറിയിച്ച പല സിനിമകളുടെ റിലീസും നീട്ടാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രങ്ങളില്‍ പലതും ഓണത്തിന് എത്തുമെന്നായിരുന്നു നേരത്തെ ലഭിച്ച വിവരങ്ങള്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം യുവതാരനിരയും ഏറ്റുമുട്ടുമ്പോള്‍ ആരൊക്കെ നേടും എന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. കൃത്യമായ റിലീസ് തീയതി പുറത്തുവന്നില്ലെങ്കിലും ആരാധകരെല്ലാം തങ്ങളുടെ പ്രിയ നടന്റെ സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെ അതിജീവിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനാല്‍ത്തന്നെ ഓണച്ചിത്രങ്ങളുടെ റിലീസ് വൈകിയേക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

Eid special poster of Brother’s Day

ആഘോഷമേതായാലും കുടുംബത്തോടൊപ്പം സിനിമയെന്നത് മലയാളികളുടെ ശീലമാണ്. ആഘോഷം പൂര്‍ത്തിയാവണമെങ്കില്‍ പുതിയ സിനിമ എന്നത് സിനിമാക്കാരും ഏറ്റെടുത്ത കാര്യമാണ്. ഓണം റിലീസ് ലക്ഷ്യമാക്കി നിരവധി സിനിമകളാണ് ഒരുങ്ങുന്നതും. എന്നാല്‍ അവ എന്നെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ചൈന, മമ്മൂട്ടിയുടെ ഗാനഗന്ധര്‍വന്‍, പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ, നിവിന്‍ പോലിയുടെ ലവ് ആക്ഷന്‍ ഡ്രാമ, രജിഷ വിജയന്റെ ഫൈനല്‍സ് തുടങ്ങിയ സിനിമകള്‍ ഓണത്തിന് എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു ലഭിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് തീയതി മാറാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.

ലൂസിഫറിന് ശേഷം മോഹന്‍ലാല്‍ നായകവേഷത്തിലെത്തുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷയുമായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാര്‍ഗംകളി വേഷത്തില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് ചൈനീസ് വേഷത്തിലുള്ള പോസ്റ്റര്‍ എത്തിയത്. രാധിക ശരത് കുമാര്‍, ധര്‍മ്മജന്‍, അജു വര്‍ഗീസ്, ഹണി റോസ്, സലീം കുമാര്‍, പാഷാണം ഷാജി, അരിസ്റ്റോ സുരേഷ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. നവാഗതരായ ജിബിയും ജോജുവും ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമ നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

അടി, ഇടി, ഡാന്‍സ് ഈ കോംപിനേഷനുകളെല്ലാം ചേര്‍ന്ന സിനിമയുമായെത്തുകയാണ് പൃഥ്വിരാജ്. ലൂസിഫറിന് ശേഷം താരം നായകനായെത്തുകയാണ് ബ്രദേഴ്‌സ് ഡേയിലൂടെ. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ ഇതിനകം തന്നെ ശ്രദ്ധ നേടിയിരുന്നു. വിജയരാഘവന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, തമിഴകത്തിന്റെ സ്വന്തം താരമായ പ്രസന്ന, ഐശ്വര്യ ലക്ഷ്മി, മിയ, മഡോണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കട്ടത്താടിയും കൂളിങ് ഗ്ലാസുമൊക്കെയായി സ്‌റ്റൈലിഷ് ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിക്ക് പിന്നാലെ ഷാജോണും സംവിധായകവേഷം അണിയുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

about onam movies

Sruthi S :