അറുപത്തിന്റെ നിറവിൽ താരസുര്യൻ ;ലാലേട്ടന്റെ ജന്മദിനം ആഘോഷമാക്കാൻ സിനിമ ലോകം!

മലയാളികളുടെ ഇടയിലേക്ക് രാജാവിന്റെ മകനായി വന്ന് രാജാവായി മാറിയ നമ്മുടെ സ്വന്തം ലാലേട്ടന്റെ ജന്മദിനമാണിന്ന്.ഒടുങ്ങാത്ത ഒരുപാട് വിസ്മയങ്ങള്‍ ഒളിപ്പിച്ച്, ഒരു കള്ള ചിരിയോടെ വരുന്ന മോഹന്‍ലാല്‍ എന്ന ലാലേട്ടൻ മലയാളിയ്ക്ക് സ്വന്തം ജീവിതത്തിന്റെ ഭാഗം കൂടിയാണ്.ഇന്നും മലയാളികൾ നെഞ്ചോട് ചേർത്തുപിടിക്കുന്ന ഒട്ടേറെ കഥാപത്രങ്ങൾക്ക് ജീവൻ നൽകിയ ആ അതുല്യപ്രതിഭയ്ക്ക് ഇന്ന് അറുപത് തികയുകയാണ്.അതേ ആ താര സൂര്യൻ ഉദിച്ചിട്ട് 60 വർഷം പിന്നിട്ടിരിക്കുന്നു.രേവതിയിൽ വിരിഞ്ഞ സൂര്യ പുത്രന് ഒരായിരം പിറന്നാൾ ആശംസകൾ.

ഇതിഹാസതാരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാലോകവും ലോകമെമ്ബാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയത്തിന് ആശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.

മോഹന്‍ലാല്‍ മലയാളത്തിന്റെ അസാമാന്യ പ്രതിഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളില്‍ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. വൈവിധ്യം നിറഞ്ഞതും ജീവസ്സുറ്റതുമാണ് ആ കഥാപാത്രങ്ങള്‍. ഏതുതരം കഥാപാത്രമായാലും അതില്‍ ലാലിന്റേതായ സംഭാവനയുണ്ടാകും. ഭാവംകൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകമനസ്സില്‍ ആ കഥാപാത്രം നിറഞ്ഞുനില്‍ക്കുകയും ചെയ്യും. ഈ അസാധാരണത്വമാണ് മോഹന്‍ലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നത്.

ആപത്‌ഘട്ടങ്ങളില്‍ സഹജീവികളെ സഹായിക്കാനും ലാല്‍ താല്‍പ്പര്യം കാണിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നല്‍കിയത്. പ്രളയകാലത്തും ഇതേ നിലയില്‍ സഹായമെത്തിക്കാന്‍ അദ്ദേഹം തയ്യാറായി. നടനകലയില്‍ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ. ഈ ഷഷ്ടിപൂര്‍ത്തി ഘട്ടത്തില്‍ എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നുവെന്ന് മുഖ്യമന്ത്രി ആശംസാസന്ദേശത്തില്‍ പറഞ്ഞു.

about mohanlal

Vyshnavi Raj Raj :