2019 മലയാള സിനിമയെ സംബന്ധിച്ച് നഷ്ടങ്ങളും ലാഭങ്ങളും ഉണ്ടായ വര്‍ഷമാണ്. വാണിജ്യപരമായും കലാമൂല്യം കൊണ്ടും നേട്ടങ്ങളും കോട്ടങ്ങളും ധാരാളം ഉള്ള വര്‍ഷം. പുതിയ ചില പരീക്ഷണങ്ങല്‍ നടത്തിയ വര്‍ഷം പ്രതീക്ഷിക്കാത്ത പല സിനിമകളും വിജയം നേടിയപ്പോള്‍ പ്രതീക്ഷയര്‍പ്പിച്ച് സിനിമകള്‍ ചിലത് നിരാശ സമ്മാനിച്ചു. ആകെ 23 ചിത്രങ്ങളാണ് മുടക്കിയ പണം തിരിച്ചുപിടിച്ചത്. അതില്‍ ഏഴണ്ണം മാത്രമാണ് തീയറ്റര്‍ ഹിറ്റായത്. ബാക്കിയുള്ളവ സാറ്റലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങളില്‍ നിന്നെല്ലാമുള്ള വരുമാനം കൊണ്ടാണ് പിടിച്ചുനിന്നത്. മാമാങ്കത്തിനും ലൂസിഫറിനും ജാക്ക് ഡാനിയേലിനും കൂടി മാത്രം 100 കോടിയിലേറെയായിരുന്നു മുതല്‍ മുടക്ക്. ശരാശരി 5 കോടി മുതല്‍മുടക്കുള്ള 40 പടങ്ങളുണ്ട്. ശരാശരി 2 കോടി മുടക്കുള്ള 80 പടങ്ങളുമായിരുന്നു മലയാളത്തില്‍. അതില്‍ ലാഭത്തില്‍ മുന്നില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളായിരുന്നു. വര്‍ഷത്തെ ആദ്യ തിയറ്റര്‍ ബോക്സ് ഓഫിസ് ഹിറ്റ് വിജയ് സൂപ്പറും പൗര്‍ണമിയുമായിരുന്നു. കെട്യോളാണെന്റെ മാലാഖ അവസാനം ഹിറ്റായി. 2 കോടിയില്‍ താഴെ മുതല്‍മുടക്കില്‍ 15 കോടി കലക്ഷന്‍ നേടി.

ഇനി തിയറ്ററില്‍ ഹിറ്റായ പടങ്ങള്‍ നോക്കാം: അതില്‍ ആദ്യത്തേത് വിജയ് സൂപ്പറും പൗര്‍ണമിയും. 2. കുമ്പളങ്ങി നൈറ്റ്സ്. 3. ലൂസിഫര്‍. 4. ഉയരെ. 5. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. 6.ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്. 7.കെട്ട്യോളാണെന്റെ മാലാഖ
ഇനി സാറ്റലൈറ്റ്,ഡിജിറ്റല്‍ റൈറ്റ്സിലൂടെ മുടക്കുമുതല്‍ തിരിച്ചു പിടിച്ച ചിത്രങ്ങള്‍. 1.അള്ള് രാമചന്ദ്രന്. 2.അഡാറ് ലൗ. 3.ജൂണ്‍. 4.കോടതി സമക്ഷം ബാലന് വക്കീല്‍. 5.മേരാ നാം ഷാജി. 6.അതിരന്. 7.ഒരു യമണ്ടന്‍ പ്രണയകഥ. 8.ഇഷ്ക്ക്. 9.വൈറസ്. 10.ഉണ്ട. 11. പതിനെട്ടാംപടി. 12.പൊറിഞ്ചു മറിയം ജോസ്. 13.ലൗ ആക്ഷന്‍ ഡ്രാമ. 14.ഇട്ടിമാണി. 15.ബ്രദേഴ്സ് ഡേ.16.ഹെലന്
കുമ്പളങ്ങി നൈറ്റ്സ്, വിവേകിന്റെ അതിരന്, മനു അശോകന്റെ ഉയരെ, അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്ക്, ഷാനവാസ് കെ ബാവക്കുട്ടിയുടെ തൊട്ടപ്പന്, അഷ്റഫ് ഹംസയുടെ തമാശ, ആഷിക് അബുവിന്റെ വൈറസ്, ഖാലിദ് റഹ്മാന്റെ ഉണ്ട, നിസാം മുഹമ്മദിന്റെ കെട്ട്യോളാണ് എന്റെ മാലാഖ, വിധു വിന്‍സന്റിന്റെ സ്റ്റാന്‍ഡ് അപ്, എ ഡി ഗീരിഷിന്റെ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ വിജയചിത്രങ്ങള്‍. പൃഥ്വിരാജിന്റെ ലൂസിഫര്‍, വൈശാഖിന്റെ മധുരരാജ എന്നീ ചിത്രങ്ങള്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു. ശ്യാം പുഷ്ക്കരന്‍ തിരക്കഥയെഴുതിയ മധു സി നാരായണന് ചിത്രം കുമ്പളങ്ങി നൈറ്റ്സ് പ്രമേയം കൊണ്ടും അവതരണംകൊണ്ടും മലയാള സിനിമക്ക് പുതിയ അനുഭവമായിരുന്നു. തീയറ്റര്‍ കളക്ഷനിലും, പ്രേക്ഷക പ്രതികരണത്തിലും അടുത്ത കാലത്തൊന്നും മറ്റൊരു സിനിമക്കും കിട്ടാത്ത പ്രശംസയാണ് കുമ്പളങ്ങിക്ക് ലഭിച്ചത്. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം പ്രമേയമാക്കിയ സജി പാലമേലിന്റെ നാന് പെറ്റ മകനും ശ്രദ്ധനേടി.

ജനുവരി ആദ്യവാരം ഇറങ്ങിയ തന്‍സീര്‍ മുഹമ്മദിന്റെ ജനാധിപനും, രാജീവ് നടുവിനാടിന്റെ 1948 കാലം പറഞ്ഞതും ആണ് 2019 ലെ ഓപ്പണിങ് സിനിമകള്‍. രണ്ടും കാര്യമായ തീയറ്റര്‍ വിജയം നേടാനാകാതെയാണ് പോയത്. ജനുവരി 11 ന് റിലീസ് ചെയ്ത ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗര്‍ണമിയും ആണ് ഈ വര്‍ഷത്തെ ആദ്യ ഹിറ്റ്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച പ്രതികരണങ്ങാേടെ വിജയം കൊയ്തു. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ഫീല്‍ ഗുഡ് സിനിമയുമായി എത്തിയ ജിസ് ജോയ് ചിത്രം ഈ വര്‍ഷത്തെ ഇതുവരെയുള്ള മികച്ച കളക്ഷന്‍ നേടിയ സിനിമകളിലൊന്നായി മാറി. പ്രമുഖ താരങ്ങളുടെ അധികം സിനിമകള്‍ ആ സമയത്ത് തീയറ്ററില്‍ ഇല്ലാതിരുന്നതും സിനിമയ്ക്ക് ഗുണമായി. പിന്നാലെ ഹനീഫ് അദേനിയുടെ നിവിന്‍ പോളി ചിത്രം മിഖായേലും, അരുണ്‍ഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടും ആദ്യ ദിവസങ്ങളില്‍ തീയേറ്ററില്‍ ചലനമുണ്ടാക്കിയെങ്കിലും പിന്നീട് പുറകോട്ടുപോയി. പ്രണവ് മോഹന്‍ലാലിന് ബ്രേക്ക് നല്‍കുമെന്ന പ്രതീതി ഉണ്ടാക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാലം മാറിയതറിയാത്ത ട്രീറ്റ്മെന്റുകൊണ്ട് പ്രതീക്ഷിച്ച ശ്രദ്ധ നേടിയതുമില്ല.
about malayalam films in 2019