രജനീകാന്തിനെ കളിയാക്കി; ജയം രവി ചിത്രം ‘കോമാളി’ ബഹിഷ്‌കരിക്കണമെന്ന് ആരാധകര്‍!

രജനീകാന്തിനെ പരിഹസിച്ചുവെന്ന് ആരോപിച്ച് നടന്‍ ജയം രവിയുടെ പുതിയ ചിത്രം കോമാളി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ആരാധകര്‍. ട്രെയിലറില്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ടുള്ള രംഗമാണ് ആരാധകരുടെ രോഷത്തിന് കാരണം.

പതിനാറ് വര്‍ഷം കോമയിലായിരുന്ന ശേഷം സാധാരണജീവിതത്തിലേക്ക് വരുന്ന ജയം രവിയുടെ കഥാപാത്രം ‘ഇതേത് വര്‍ഷമാണെന്ന്’ ചോദിക്കുന്നു. പിന്നാലെ യോഗി ബാബു അവതരിപ്പിക്കുന്ന കഥാപാത്രം ടിവി ഓണ്‍ ചെയ്യുന്നു.രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിക്കുന്ന രജനീകാന്തിന്റെ പ്രസംഗം ആണ് ടിവിയില്‍. എന്നാല്‍ ഇത് 2016 ആണെന്ന് വിശ്വസിക്കാതെ ‘ആരെയാണ് നിങ്ങള്‍ പറ്റിക്കാന്‍ നോക്കുന്നത്? ഇത് 1996 ആണ്’ എന്ന് പറയുന്നിടത്താണ് ട്രെയിലര്‍ അവസാനിക്കുന്നത്.

ഇക്കുറിയും ജയലളിത ജയിച്ചാല്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാനാകില്ലെന്ന് 96ല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് രജനീകാന്ത് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ആ തിരഞ്ഞെടുപ്പില്‍ ജയലളിത തോല്‍ക്കുകയും ചെയ്തു. എന്നാല്‍ 2017 ഡിസംബര്‍ 31നാണ് രജനീകാന്ത് രാഷ്ട്രീയപ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ചിത്രത്തില്‍ നിന്ന് രംഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

about jayam ravi new movie comali

Sruthi S :