‘ഒറ്റവാക്കിൽ ഇച്ചാക്കയെ നിർവചിക്കാമോ’, ‘ബറോസ് എന്നു തുടങ്ങും’, ‘എമ്പുരാൻ ഈ വർഷം ഇറങ്ങുമോ’ എന്നു തുടങ്ങി ആരാധകരുടെ ഒട്ടേറെ ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ ഉത്തരം നൽകിയിരിക്കുകയാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ. ദൃശ്യം 2 സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ആരാധകരുമായി നടത്തിയ ലൈവ് ട്വിറ്റർ ചാറ്റിലായിരുന്നു ഈ ചോദ്യങ്ങളും ഉത്തരങ്ങളും. മമ്മൂട്ടിയെക്കുറിച്ച് (ഇച്ചാക്ക) ചോദിച്ചപ്പോൾ ഒറ്റവാക്കില്‍, ‘കിടു’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാലും മമ്മൂട്ടിയും. സിനിമാ താരങ്ങൾക്കിടയിലും താരരാജാക്കന്മാർക്ക് കൈനിറയെ ആരാധകരുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂട്ടിയെ കുറിച്ചുളള മോഹൻലാലിന്റെ വാക്കുകളാണ്. ട്വിറ്ററിൽ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് മെഗാസ്റ്റാറിനെ കുറിച്ച് താരം വാചലനായത്. മ്മൂട്ടിയെ കുറിച്ച് മാത്രമല്ല ശോഭന, ജഗതി ശ്രീകുമർ, പൃഥ്വിരാജ് തുടങ്ങിയവരെ കുറിച്ചും പ്രേക്ഷകർ ചോദ്യവുമായി എത്തിയിരുന്നു. ശോഭനയുമായി ഭാവിയിൽ ഒരു ചിത്രം ചെയ്യാൻ സാധ്യതയുണ്ടോ എന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. ഞാനും കാത്തിരിക്കുകയാണ് അങ്ങനെ സംഭവിക്കട്ടെ എന്ന് താരം മറുപടി നൽകി.
പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് ചോദിച്ചപ്പോൾ സമർഥൻ എന്നായിരുന്നു മറുപടി. ജഗതി ശ്രീകുമാറിനെ കുറിച്ച് ചോദിച്ചപ്പോൾ ദ കംപ്ലീറ്റ് ആക്ടർ എന്നും മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ കിടു എന്നുമായിരുന്നു താരത്തിന്റെ മറുപടി. തന്റെ ജന്മദിനമാണ് ഒരു ആശംസ പറയുമോ എന്ന് ചോദിച്ച ആരാധകന് ഉമ്മയും മോഹൻലാൽ നൽകി. ജീവിതത്തിൽ മുന്നോട്ട് നയിക്കുന്ന ഊർജമെന്തെന്ന ചോദ്യത്തിന് സിനിമയെന്നായിരുന്നു ഉത്തരം. ബോബനും മോളിയുമാണെന്നാണ് താരത്തിന്റെ പ്രിയപ്പെട്ട കാർട്ടൂൺ താരങ്ങൾ. ദൃശ്യം 2 ആണ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ മൂന്നാം ഭാഗം കാണുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ആദ്യം ദൃശ്യം രണ്ട് കാണൂ എന്നിട്ടാകാം എന്ന് കുസൃതി നിറഞ്ഞ മറുപടിയാണ് ഇതിന് മോഹൻലാൽ നൽകിയത്. ഓടിടി റിലീസിന് ശേഷം ദൃശ്യം തീയേറ്ററിൽ പ്രദർശിപ്പിക്കുമോ എന്നും ഒരു ആരാധകൻ ചോദിച്ചിരുന്നു, അതിന് സാധ്യതയുണ്ടെന്നായിരുന്നു മറുപടി. അടുത്തതായി താൻ ചെയ്യുന്ന ചിത്രം ബറോസ് ആണെന്നും താനിപ്പോൾ കൊച്ചിയിലാണുള്ളതെന്നും ആരാധകർക്കുള്ള മറുപടിയായി താരം പറഞ്ഞു. ഫെബ്രുവരി19 നാണ് ദൃശ്യം 2 റിലീസിനെത്തുന്നത്. ആമസോണിലൂടെയാണം ചിത്രം പുറത്തു വരുന്നത്. സിനിമയുടെ ടീസറും ട്രെയിലറും പോസ്റ്ററുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു.
about an actor