അന്ന് പൊട്ടിചിരിച്ചവർ; ഈ കഥാപാത്രം കണ്ട് അടിച്ചു ചെകിട് പൊട്ടിക്കുമെന്ന് പറഞ്ഞു!

മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് തിരിച്ചറിയപ്പെട്ടതെങ്കിലും അതിനും മുൻപേ നാടകവേദികളിലൂടെ പ്രശസ്തനായിരുന്നു വിജിലേഷ്. വിജിലേഷിന്റെ ആ സ്പീഡിലുള്ള നടത്തത്തിന് ഒരു ‘കാരക്ടർ’ സ്വഭാവമുണ്ടെന്നു പറഞ്ഞായിരുന്നു ‘മഹേഷിന്റെ പ്രതികാര’ത്തിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തത് തന്നെ. നമ്മളും ആ നടത്തം തിയേറ്ററിൽ കൺനിറയെ കണ്ടു ചിരിച്ചിട്ടുണ്ട്. പെങ്ങളെ കമന്റടിച്ച ഓട്ടോക്കാരനെ കങ് ഫു പഠിച്ച് ഇടിക്കാൻ പോയപ്പോൾ വിജിലേഷ് പുറത്തെടുത്ത അതേ നടത്തം.അസാധാരണ അഭിനയമികവുള്ള ഒരു സാധാരണക്കാരൻ. നാടകം കളിച്ച് സിനിമയിലെത്തിയ വിജിലേഷ് എന്ന പേരാമ്പ്രക്കാരനെ ഇങ്ങനെയെ വിശേഷിക്കാൻ കഴിയൂ. മഹേഷിന്റെ പ്രതികാരത്തിലെ ഒരൊറ്റ കുങ്ഫൂ സീൻ മതി പ്രേക്ഷകർക്ക് വിജിലേഷിനെ ഓർമ്മിക്കാൻ. എന്നാൽ വരത്തനിലെത്തിയപ്പോഴോ? ആ ചിരി ദേഷ്യത്തിലേക്കും വഴിമാറി. നേരിട്ടു കണ്ടിരുന്നെങ്കിൽ അടിച്ച് ചെകിട് പൊട്ടിച്ചേനെ എന്നാണ് സിനിമ കണ്ട് പലരും തനിക്ക് മെസേജ് അയച്ചതെന്ന് വിജിലേഷ് പറയുന്നു.

മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രം ആളുകളെ ഒരുപാട് ചിരിപ്പിച്ചെങ്കിലും പിന്നീട് ചെയ്‌ത വരത്തനിലും തീവണ്ടിയിലും നെഗറ്റീവ് വേഷങ്ങളായിരുന്നു. പ്രത്യേകിച്ചും വരത്തനിലേത്, വെറുപ്പ് തോന്നുന്ന രീതിയിലുള്ള ഒരു സൈക്കോ കഥാപാത്രം. പക്ഷേ അതെനിക്ക് ഏറെ ഗുണം ചെയ്‌തു. തമാശ വേഷങ്ങളിൽ ടൈപ്പ് കാസ്‌റ്റ് ചെയ്യപ്പെടേണ്ടി വന്നില്ല. വ്യത്യസ്‌ത വേഷങ്ങൾ ലഭിക്കുമ്പോഴാണല്ലോ നടനെന്ന രീതിയിൽ അംഗീകാരം ലഭിക്കുന്നത്.

വരത്തൻ കണ്ടിറങ്ങിയ ശേഷം ഒരുപാട് കോളുകളും മേസേജുകളും വന്നു. ഇപ്പോഴും കാണുമ്പോൾ ചിലർ പറയാറുണ്ട്. ആ സമയത്ത് കിട്ടിയിരുന്നെങ്കിൽ അടിച്ച് ചെകിട് പൊട്ടിക്കുമായിരുന്നെന്ന്. കണ്ടാൽ വില്ലന്റെ ലുക്കില്ലെങ്കിലും വരത്തനിലെ കഥാപാത്രം കണ്ട് ആളുകൾക്ക് വെറുപ്പ് തോന്നി എന്നുപറയുമ്പോൾ തന്നെ എനിക്ക് സന്തോഷമാണ്. ഞാൻ അഭിനയിച്ചതിൽ വീട്ടുകാരുടെ ഒപ്പം പോയി കാണാത്ത ഏക സിനിമയും വരത്തനാണ്.ആയിരത്തോളം വേദികളിൽ നാടകം കളിച്ചിട്ടും ആരും തിരിച്ചറിയാതിരുന്നിട്ട് ഇപ്പോൾ എവിടെ വച്ച് കണ്ടാലും അഭിനന്ദനങ്ങളും സ്നേഹപ്രകടനങ്ങളുമൊക്കെയായി ആൾക്കാർ ചുറ്റും കൂടുമ്പോൾ വിജിലേഷിന് സന്തോഷമാണ്.

about actor vijilesh

Sruthi S :