വിവാഹത്തിന് ശേഷം തനിക്ക് അഭിനയിക്കാൻ അനുവാദം തന്നത് ഐശ്വര്യയാണ്, ആരാധ്യയുടെ കാര്യം ഞാൻ ശ്രദ്ധിക്കാമെന്ന് ഐശ്വര്യ പറഞ്ഞു; അഭിഷേക് ബച്ചൻ

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാൽ നടി അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലെ ചർച്ചയാണ്.

റിപ്പോർട്ടുകൾ പ്രകാരം അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിൽ വിളളലുകൾ വീണിട്ടുണ്ട്. ആനന്ദ് അംബാനിയുടെ വിവാഹ വിരുന്നിനെത്തിയ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം കാണിച്ചത് കഴിഞ്ഞ കുറച്ച് കാലമായി താര കുടുംബത്തെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിട്ടുണ്ട്.

ഒരുകാലത്ത് മരുമകളെക്കുറിച്ച് വാതോരാതെ പ്രശംസിച്ചവരായിരുന്നു അമിതാഭ് ബച്ചനും ജയ ബച്ചനും. എന്നാൽ ഇന്ന് സ്ഥിതി​ഗതികൾ മാറി. അഭിഷേകിന്റെ സഹോദരി ജയ ബച്ചൻ ഭർത്താവിന്റെ വീട്ടിൽ നിന്ന് മാറി സ്വന്തം വീട്ടിൽ സ്ഥിരതാമസമാക്കിതയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് വാദമുണ്ട്. മാതാപിതാക്കളും സഹോദരിയും അഭിഷേകിന് പ്രിയപ്പെട്ടവരാണ്.

ഇവരുടെ സ്വാധീനം മൂലം അഭിഷേക് ഐശ്വര്യയിൽ നിന്നും അകന്ന് തുടങ്ങിയോ എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്ന സംശയം. താര കുടുംബം എന്തൊക്കെയോ മറച്ച് പിടിക്കുന്നുണ്ടെന്ന് ഐശ്വര്യ റായുടെ ആരാധകർ ഉറപ്പിച്ച് പറയുന്നു. ഇപ്പോഴിതാ ഐശ്വര്യ വിവാഹ ജീവിതത്തിന് വേണ്ടിയെടുത്ത ത്യാ​ഗങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് സോഷ്യൽ മീഡിയ.

കരിയറിൽ അത്യന്ത്യം ഉയർച്ചയിൽ നിൽക്കെയായിരുന്നു ഐശ്വര്യ അഭിഷേകിനെ വിവാ​ഹം ചെയ്യുന്നത്. എന്നാൽ അഭിഷേകിന് അന്ന് ബച്ചന‍്റെ മകൻ എന്നതിനപ്പുറം വലിയ താരമൂല്യം ഉണ്ടായിരുന്നില്ല. ലോകമെമ്പാടും അറിയപ്പെടുന്ന, നിരവധി ആരാധകരുള്ള ഐശ്വര്യ റായ് ബച്ചൻ കുടുംബത്തിലെ അം​ഗമായപ്പോൾ അത് വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു.

കരിയറിനപ്പുറം കുടുംബ ജീവിതത്തിനാണ് ഐശ്വര്യ റായ് പലപ്പോഴും പ്രാധാന്യം നൽകിയിരുന്നത്. മകൾ ആരാധ്യ ബച്ചൻ പിറന്ന ശേഷം സിനിമകളുടെ എണ്ണം താരം കുറച്ചു. ഐശ്വര്യ സിനിമകൾ ചെയ്യുന്നത് കുറച്ചതിനെക്കുറിച്ച് അഭിഷേക് ബച്ചൻ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. ഐശ്വര്യ മകളുടെ കാര്യങ്ങൾ നോക്കുന്നത് കൊണ്ടാണ് തനിക്ക് സിനിമകളിൽ അഭിനയിക്കാൻ സാധിക്കുന്നതെന്ന് അന്ന് നടൻ പറഞ്ഞു.

വിവാഹത്തിന് ശേഷം തനിക്ക് അഭിനയിക്കാൻ അനുവാദം തന്നത് ഐശ്വര്യയാണ്. നിങ്ങൾ പോയി അഭിനയിക്കൂ. ആരാധ്യയുടെ കാര്യം ഞാൻ ശ്രദ്ധിക്കാമെന്ന് ഐശ്വര്യ പറഞ്ഞു. അത് കൊണ്ട് തനിക്ക് സ്വതന്ത്ര്യമായി പെർഫോം ചെയ്യാൻ പറ്റി. ഒരുപാട് അമ്മമാർ അവരുടെ ഭർത്താവിനോട് ഇതിന് സാഹചര്യമൊരുക്കുന്നു. അവരോട് നന്ദി പറയേണ്ടതുണ്ട്. ഉത്തരവാദിത്വങ്ങൾ പകുതിയായി പങ്കുവെക്കണമെന്ന് പറയാനുള്ള എല്ലാ അവകാശവും അവർക്കുണ്ടെന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കി.

എന്നാൽ സിനിമാ രം​ഗത്ത് തുടർന്നെങ്കിലും കാര്യമായ ഹിറ്റുകളൊന്നും അഭിഷേക് ബച്ചന്റെ കരിയറിൽ ഉണ്ടായില്ല. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ ഐശ്വര്യ റായ് തിരിച്ചെത്തി. അപ്പോൾ വളരെ വലിയ സ്വീകാര്യതയാണ് നടിയ്ക്ക് ലഭിച്ചത്. എന്നാൽ പിന്നീട് മറ്റൊരു സിനിമയിലും ഐശ്വര്യ ഒപ്പുവെച്ചില്ല.

ഐശ്വര്യയെ കരിയറിൽ സജീവമായി കാണണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. 50 കാരിയായ ഐശ്വര്യക്ക് ഇന്നും വൻ ആരാധകർക്കുണ്ട്. മികച്ച തിരക്കഥകൾ വന്നാലെ സിനിമ ചെയ്യൂ എന്ന തീരുമാനത്തിലാണ് ഐശ്വര്യ റായ്. നടിയുടെ ഭർതൃമാതാവ് ജയ ബച്ചൻ കഴിഞ്ഞ വർഷം റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിൽ അഭിനയിച്ചു. അമിതാഭ് ബച്ചൻ ഇന്നും സിനിമാ രംഗത്ത് സജീവമാണ്. നടന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

അഭിഷേകിന് മുകളിൽ നിൽക്കുന്ന ഐശ്വര്യയുടെ താരപ്രഭയിൽ നടന്റെ വീട്ടുകാർക്ക് അതൃപ്തിയുണ്ടെന്നാണ് ബോളിവുഡിലെ സംസാരം. ഒരുപരിധി വരെ ഭർതൃപിതാവ് അമിതാഭ് ബച്ചന് പോലും മുകളിലാണ് ഐശ്വര്യ റായുടെ താരമൂല്യം. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി കൂടിയാണ് ഐശ്വര്യ. റിപ്പോർട്ടുകൾ പ്രകാരം 862 കോടിയാണ് നടിയുടെ ആസ്തി.

Vijayasree Vijayasree :