സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്. നടിയായും മോഡലായും ഗായികയായുമെല്ലാം അഭിരാമി തിളങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ നിരന്തരമായ ആക്രമണങ്ങളേയും അഭിരാമിയ്ക്ക് നേരിടേണ്ടി വരാറുണ്ട്.
ഇപ്പോഴിതാ വയനാട് ദുരിതത്തിന്റെ പശ്ചാത്തലത്തിൽ കഴിയുന്നവരെല്ലാം തങ്ങളാൽ ആകുന്ന സഹായം നൽകണമെന്ന് പറയുകയാണ് അഭിരാമി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. അഭിരാമിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു;
‘എല്ലാവരും സുഖമായി ഇരിക്കുന്നുവെന്ന് കരുതുന്നു. വിഡിയോസൊക്കെ ഇടണമെന്നുണ്ട്. മുൻപെടുത്ത കുറെ വിഡിയോസ് ഷെയർ ചെയ്യാനുമുണ്ട്. വലിയ പ്രശ്നങ്ങൾക്കിടയിൽ എന്തോ മനസ്സ് ശരിയാവുന്നില്ല. പക്ഷേ, നമ്മൾ ഓരോരുത്തരും നമ്മുടെ മേഖലയിലെ ജോലികൾ ചെയ്ത് മുന്നോട്ട് പോയല്ലേ പറ്റൂ. അതുകൊണ്ട് മെല്ലെ, എല്ലാം എഡിറ്റ് ഒക്കെ ചെയ്തുതുടങ്ങാമെന്നു കരുതുന്നു.
വയനാട്ടിലെ നിലവിലെ സാഹചര്യത്തിൽ നമ്മളാൽ കഴിയുന്നതെന്തോ ചെറുതോ, വലുതോ ഇനിയും ചെയ്യുക. ഒരുപാട് നന്മയും മനുഷ്യസ്നേഹവും ഉള്ളവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. ആ നന്മയെ എല്ലാർക്കും പങ്കുവെക്കുക. എല്ലാർക്കും എന്റെ സ്നേഹവും പ്രാർഥനകളും. സ്നേഹം മാത്രമെന്നും അഭിരാമി പറയുന്നു.
ഇതിന് മുമ്പും വയനാടിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് അഭിരാമി രംഗത്തെത്തിയിരുന്നു. ഒന്നുമറിയാതെ എല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല.. കുടുംബവും കഷ്ടപ്പെട്ടുണ്ടാക്കിയ സ്വപ്നഭവനവും കുഞ്ഞുങ്ങളും എല്ലാം മണ്ണോടലിഞ്ഞു എന്നൊക്കെ പറയാൻ തന്നെ ഒരുപാട് വേദനസഹാചനം ആവുന്നു .. രക്ഷാപ്രവർത്തനങ്ങളിലും, സഹായങ്ങളിലും ഒത്തു ചേരാൻ കഴിഞ്ഞില്ലെങ്കിലും, ദയവായി എല്ലാരും വയനാട്ടിലെ ആ പാവങ്ങൾക്കായി മനസ്സുരുകി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുന്നു ..
ദൈവ വിശ്വാസം വേണമെന്നില്ല, മതം ഒന്നാവണമെന്നില്ല, മനസ്സുണ്ടെങ്കിൽ ദയവായി പ്രകൃതിയുടെ കനിവിനായി പ്രാർത്ഥിക്കുക .. എന്തൊക്കെയോ പറയണം എന്നുണ്ട്, പക്ഷെ, ഉള്ളിന്റെ ഉള്ളിൽ ഒരു ആന്തൽ വരുന്നു.. കൂടുതൽ വലിച്ചു നീട്ടുന്നില്ല.. രക്ഷാപ്രവർത്തകർക്കും അവരുടെ പൂർണാരോഗ്യത്തിനുംകൂടെ നമുക്ക് പ്രാർത്ഥിക്കാം.. നമുക്കൊരുമിച്ചു അവർക്കായി പ്രാർത്ഥിക്കാം.. വയനാടിനായി പ്രാർത്ഥിക്കാം .. പ്രാർത്ഥിക്കണം എന്നുമായിരുന്നു അഭിരാമി പറഞ്ഞിരുന്നത്.
അതേസമയം, ഉരുൾപൊട്ടലിനെത്തുടർന്നുള്ള മലവെള്ളപ്പാച്ചിൽ നിലവിലെ നദീതടത്തിൽനിന്ന് 20 മീറ്റർ ഉയരത്തിൽ പൊങ്ങിയെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധനസംഘത്തിന്റെ പ്രാഥമിക നിരീക്ഷണത്തിൽ വ്യക്തമായി. ഇത്രയും ഉയരത്തിൽ ഉരുൾപൊട്ടിയെത്തിയതിന് പിന്നിലുള്ള ചാലകശക്തിയെന്തെന്നതിനെ കേന്ദ്രീകരിച്ചാണ് പരിശോധന.
2020-ൽ ഈ പ്രദേശത്ത് ഉരുൾപൊട്ടിയതിന്റെ പാറയടക്കമുള്ള അവശിഷ്ടങ്ങൾ ഇപ്പോഴും ഇതേ നദീതടത്തിലുണ്ട്. ഇതും ഇപ്പോഴത്തെ ഉരുൾപൊട്ടലിന്റെ ശക്തി വർധിപ്പിക്കുന്നതിന് കാരണമായെന്നാണ് പറയപ്പെടുന്നത്. മേഖലയിൽ സുരക്ഷിതമായ പ്രദേശങ്ങളേതെന്നും സംഘം അടയാളപ്പെടുത്തും. ഇതേത്തുടർന്നായിരിക്കും ദുരന്തബാധിതപ്രദേശത്ത് താമസം അനുവദിക്കണമോ എന്ന് നിശ്ചയിക്കുന്നത്.
അതേസമയം, വയനാട് ഉരുൾപ്പൊട്ടലിൽ ദുരന്തബാധിതരായി ക്യാമ്പുകളിൽ കഴിയുന്നവർക്ക് വാടകവീടുകളിലേക്ക് മാറുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വാടക ഇനത്തിൽ പ്രതിമാസ തുക അനുവദിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നൽകുമെന്നാണ് വിവരം. ബന്ധു വീടുകളിലേയ്ക്ക് മാറുന്നവർക്കും 6000 രൂപ ലഭിക്കും.