‘ജനിച്ചതിനും.. ജീവിക്കുന്നതിനും.. പൊരുതുന്നതിനും.. ഒക്കെ കാരണമായ ഞങ്ങളുടെ അമ്മപ്പൊന്ന്’; അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ കുടുംബമാണ് അമൃതയുടെയും അഭിരാമിയുടെയും. ഇവരുടെ വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അമ്മ ലൈലയ്ക്ക് 60ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ഗായിക അഭിരാമി സുരേഷ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഹൃദ്യമായ കുറിപ്പ് ആരാധകശ്രദ്ധ നേടുകയാണ്.

അമ്മയെ ചേര്‍ത്തുപിടിച്ചു ചുംബിക്കുന്ന ചിത്രങ്ങളും ഗായിക പോസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെ മകള്‍ പാപ്പു എന്ന അവന്തികയെയും ചിത്രത്തില്‍ കാണാം. അമൃത സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് യാത്രയിലാണെന്ന് അഭിരാമി കുറിപ്പിലൂടെ വ്യക്തമാക്കി.

‘ജനിച്ചതിനും.. ജീവിക്കുന്നതിനും.. പൊരുതുന്നതിനും.. ഒക്കെ കാരണമായ ഞങ്ങളുടെ അമ്മപ്പൊന്നിന് ഇന്ന് 60 ാം പിറന്നാള്‍. എത്രയൊക്കെ വേദനകളുണ്ടെങ്കിലും ഞങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും താങ്ങായും തണലായും ഭഗവന്‍ ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഞങ്ങളുടെ സ്വത്തിന് ആഘോഷിക്കാന്‍ തരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.. അച്ഛ എന്നും അമ്മേടെ കൂടെ തന്നെ കാണുംട്ടാ.. ഭഗവാനും.. ഞങ്ങളുടെ പൊന്നമ്മക്ക് ആയിരമായിരം ഉമ്മ’, അഭിരാമി സുരേഷ് കുറിച്ചു.

അമൃത അടുത്തില്ലാത്തതിന്റെ വിഷമവും അഭിരാമി പ്രകടമാക്കി. ‘ചേച്ചിക്കുട്ടി… താനില്ലാതെ എന്തോ പോലെ. വേഗം ഷോ ഒക്കെ തീര്‍ത്ത് ഓടി വാ’ എന്ന വരികളോടെയാണ് ഗായിക കുറിപ്പ് അവസാനിപ്പിക്കുന്നത്.

അഭിരാമിയുടെ പോസ്റ്റിനു പിന്നാലെ നിരവധി പേരാണു ലൈലയ്ക്ക് ഷഷ്ടിപൂര്‍ത്തി ആശംസകള്‍ അറിയിക്കുന്നത്. സംഗീതജീവിതത്തില്‍ എല്ലാവിധ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്നയാളാണ് അമ്മയെന്നും മുന്നോട്ടു ജീവിക്കാനുള്ള പ്രചോദനം പകരുന്നത് അമ്മയാണെന്നും അമൃതയും അഭിരാമിയും മുന്‍പ് അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ തുറന്നു പറഞ്ഞിട്ടുണ്ട്.

Vijayasree Vijayasree :