ആടുജീവിതത്തിൽ എ.ആർ. റഹ്മാൻ ഈണം നൽകിയ ‘ഹോപ്’ എന്ന പ്രൊമോ ഗാനം കേരള ക്രിക്കറ്റ് ലീഗ് ടീമായ ‘കൊച്ചി ബ്ലൂ ടൈഗേഴ്സ്’ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് ‘ആടുജീവിതം’ സിനിമയുടെ നിർമാതാക്കളായ വിഷ്വൽ റൊമാൻസിന്റെ പരാതി. ഇത് സംബന്ധിച്ച് നിയമപരമായി മുന്നോട്ട് പോകാനാണ് നിർമാതാക്കളുടെ തീരുമാനം.
ഗാനം ഉപയോഗിക്കാൻ അനുവാദമില്ലെന്ന് കാണിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന് വിഷ്വൽ റൊമാൻസ് നോട്ടീസ് അയച്ചിട്ടുണ്ട്. തങ്ങൾ യുകെ ആസ്ഥാനമായ, ’കൊച്ചി ബ്ലൂ ടൈഗേഴ്സ്’ ടീമിൻ്റെ ഉടമയായ സുബാഷ് ജോർജിന്റെ കമ്പനിക്ക് തന്നെയാണ് വിഷ്വൽ റൊമാൻസ് ഗാനത്തിൻ്റെ അവകാശം കെെമാറിയത്.
എന്നാൽ അത് എഡിറ്റ് ചെയ്യാനോ, റീമിക്സ് ചെയ്ത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാനോ അനുമതി നൽകിയിട്ടില്ലെന്നാണ് നിർമാതാക്കൾ പറയുന്നത്. ആടുജീവിതം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി ഭാഷകളിൽ പുറത്തിറങ്ങിയ ആൽബത്തിന്റെ മലയാളം പതിപ്പാണ് ഇപ്പോൾ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഔദ്യോഗിക ഗാനമായി പുറത്തിറക്കിയത്.
ആഗസ്റ്റ് 30നാണ് കൊച്ചി ബ്ലൂ ടൈഗേർസിന്റെ ഒഫീഷ്യൽ ആന്തം പുറത്തിറങ്ങിയത്. എന്നാൽ ഗാനത്തിന്റെ അവകാശം പണം കൊടുത്ത് വാങ്ങിയിരുന്നു. അവകാശമുള്ള പാട്ടുകൾ കമ്പനികൾ ഇങ്ങനെ ഉപയോഗിക്കാറുണ്ടെന്നും കൊച്ചി ബ്ലൂ ടൈഗേർസ് ഉടമകൾ പറഞ്ഞു. എആർ റഹ്മാൻ, റിയാഞ്ജലി എന്നിവർ ചേർന്നാണ് ‘ഹോപ്പ്’ സോങ് ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, പ്രസൂൺ ജോഷി, വിവേക്, ജയന്ത് കൈകിനി, എ.ആർ റഹ്മാൻ, റിയാഞ്ജലി എന്നിവർ ചേർന്നാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.