കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തെത്തിയ മോഹൻലാൽ ചിത്രം എമ്പുരാനെ കുറിച്ചുള്ള ചർച്ചളാണ് സോഷ്യൽ മീഡിയയിൽ. രാഷ്ട്രീയ പാർട്ടികളെല്ലാം സംഭവം ഏറ്റെടുത്തതോടെ സിനിമയ്ക്കെതിരായ വിവാദം പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങുകയാണ് സിപിഎം.
മറ്റു സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ. റഹീം എംപി രാജ്യസഭാ അധ്യക്ഷന് കത്തു നൽകി.രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം സംഘപരിവാർ നടത്തുകയാണെന്നും ഇതാണ് എമ്പുരാൻ വിഷയത്തിൽ പ്രകടമാകുന്നതെന്നുമാണ് റഹീം പറയുന്നത്.
അതേസമയം വിവാദങ്ങൾക്കിടെ ചിത്രം റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. വിവാദങ്ങൾക്കിടയിലും എമ്പുരാൻ ആഗോളതലത്തിൽ ഇതുവരെ നേടിയത് 165 കോടി കളക്ഷനാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും സിനിമ റെക്കോർഡുകൾ തകർത്തെറിയുകയാണ്. കോംസ്‌കോറിന്റെ റിപ്പോർട്ട് പ്രകാരം മാർച്ച് 27 മുതൽ 30 വരെയുള്ള വീക്കെൻഡിൽ എമ്പുരാനിൽ ആഗോള കളക്ഷനിൽ മൂന്നാം സ്ഥാനം കൈവരിച്ചിരിക്കുകയാണ്. ‘ഛാവ’യെയും മറികടന്നാണ് എമ്പുരാൻ ഈ നേട്ടത്തിലേക്ക് എത്തിയത്.
നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്. അതേസമയം പ്രമേയവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെത്തുടർന്ന് മൂന്ന് മിനിറ്റാണ് ചിത്രത്തിൽ നിന്ന് നീക്കം ചെയ്തത്. 17 സീനുകളാണ് കട്ട് ചെയ്ത് മാറ്റിയതെന്നാമ് പുറത്ത് വരുന്ന ചില റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.