പ്രളയബാധിതര്‍ക്ക് കിറ്റ് വിതരണം; വിജയ് എത്തിയ പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ക്ക് പരിക്ക്

പ്രളയബാധിതര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വിജയ് നടത്തിയ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ക്ക് പരിക്ക്. തിരുനെല്‍വേലിയില്‍ നടന്ന പരിപാടിക്കിടെയാണ് രണ്ട് സ്ത്രീകളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റത്. സഹായങ്ങളുമായി വിജയ് തൂത്തുകുടി, തിരുനെല്‍വേലി ജില്ലകളില്‍ എത്തിയിരുന്നു.

തിരുനെല്‍വേലി കെഡിസി നഗറിലുള്ള സ്വകാര്യ ഹാളില്‍ നടന്ന പരിപാടിയില്‍ അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റ് വിജയ് നേരിട്ട് വിതരണം ചെയ്തു. പരിപാടി കഴിഞ്ഞു താരം മടങ്ങുന്നതിനിടെ ഫോട്ടോ എടുക്കുന്നതിനായി ജനങ്ങള്‍ കൂടിയതാണ് അപകടത്തിന് കാരണമായത്.

എന്നാല്‍ ആരുടെയും പരുക്ക് ഗുരുതരമല്ല. അതേസമയം, വീടുകള്‍ക്ക് കേടുപാട് വന്നവര്‍ക്ക് 10,000 രൂപയും, വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് 50,000 രൂപയും വിജയ് നല്‍കി. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ഒരു സ്ത്രീയ്ക്ക് ഒരു ലക്ഷം രൂപയും വിജയ് നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് പുറമെ ഭക്ഷണ സാധനങ്ങളും മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്തു. അര്‍ഹരായവര്‍ക്ക് ഇനിയും സഹായം എത്തിക്കുമെന്ന് വിജയ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് നടന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയുള്ള ഒരുക്കങ്ങളാണ് എന്ന വിമര്‍ശനങ്ങളും എത്തുന്നുണ്ട്.

അതേസമയം, വിജയ്യുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചകളില്‍ തുടരുകയാണ്. 2024ലെ തിരഞ്ഞെടുപ്പില്‍ വിജയ് നേരിട്ട് ഇറങ്ങി മത്സരിക്കുമെന്ന പ്രചാരണങ്ങള്‍ കുറച്ചേറെ കാലമായി പ്രചരിക്കുന്നുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എസ്എസ്എല്‍സി വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വിജയ് സൂചനകള്‍ നല്‍കിയിരുന്നു.

Vijayasree Vijayasree :