ഓണപ്പോരിനെത്തുന്നത് 5 മലയാളം ചിത്രങ്ങൾ; മമ്മൂട്ടിയും ഫഹദും നിവിനും ഓരോ ചിത്രങ്ങളുമായെത്തുമ്പോൾ മോഹൻലാലെത്തുന്നത് ഇത്തിക്കര പക്കിയായി…

ഓണപ്പോരിനെത്തുന്നത് 5 മലയാളം ചിത്രങ്ങൾ; മമ്മൂട്ടിയും ഫഹദും നിവിനും ഓരോ ചിത്രങ്ങളുമായെത്തുമ്പോൾ മോഹൻലാലെത്തുന്നത് ഇത്തിക്കര പക്കിയായി…

കിടിലൻ സിനിമകളുടെ ആർപ്പുവിളികളുമായി ഓണത്തിനെ വരവേൽക്കാൻ തിയ്യേറ്ററുകൾ ഒരുങ്ങിക്കഴിഞ്ഞു. മലയാള സിനിമകളുടെ ചാകരക്കാലമെന്നറിയപ്പെടുന്ന ഓണത്തിന് എല്ലാ സൂപ്പർ താരങ്ങളും സിനിമകളുമായെത്താറുണ്ട്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങളോട് പൊരുതാൻ ബിജു മേനോൻ, ഫഹദ് ഫാസിൽ, നിവിൻ പോളി ചിത്രങ്ങളുമുണ്ട്. എല്ലാ ഓണത്തിനും കുടുംബങ്ങളെ കയ്യിലെടുക്കാൻ സിനിമകളുമായെത്തുന്ന ദിലീപ് പക്ഷെ ഇത്തവണ അങ്കത്തിനില്ല എന്ന പ്രത്യേകതയുമുണ്ട്.

കായംകുളം കൊച്ചുണ്ണി

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ കൊച്ചുണ്ണിയുടെ ജീവിതകഥയെ ആസ്പദമാക്കി റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചിരുക്കുന്ന കായംകുളം കൊച്ചുണ്ണി ഓഗസ്റ്റ് 18 ന് തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാലും, നിവിന്‍പോളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ, ഐതിഹ്യ മാലയില്‍ ഇല്ലാത്ത കൊച്ചുണ്ണിയുടെ ജീവിതത്തിലെ പല ഏടുകളും പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് റോഷന്‍.

ഒരു കുട്ടനാടന്‍ ബ്ലോഗ്

കുട്ടനാട് പ്രധാന പശ്ചാത്തലമാക്കി സേതു സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്. അനു സിത്താരയാണ് ഇതില്‍ മമ്മുട്ടിയുടെ നായികയായി എത്തുന്നത് . കോഴി തങ്കച്ചന്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം നിര്‍ദേശിച്ചിരുന്നു പേര്‌. ഹരി എന്ന ബ്ലോഗറുടെ വേഷത്തിൽ മമ്മൂട്ടിയെത്തുന്ന ചിത്രത്തിൽ അനു സിത്താരയെ കൂടാതെ റായ് ലക്ഷ്മി, ഷംന കാസിം എന്നിവരും നായികമാരായെത്തുന്നുണ്ട്.

പടയോട്ടം

ബിജുമേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനംചെയ്യുന്ന പടയോട്ടവും ഓണത്തിന് റിലീസിനൊരുങ്ങുന്നു. പടയോട്ടത്തില്‍ ബിജു മേനോന്റെ കിടിലന്‍ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന കുടുംബ ചിത്രത്തില്‍ ചെങ്കല്‍ രഘു എന്ന കഥാപാത്രമായാണ് ബിജു മേനോൻ എത്തുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഉള്ള രഘുവിന്റെ യും സംഘത്തിന്റെയും യാത്രയും തുടര്‍ന്ന് ഉണ്ടാകുന്ന രസകരവുമായ സംഭവങ്ങളുമാണ് പടയോട്ടത്തിന്റെ ഇതിവൃത്തം. ഹരീഷ് കണാരന്‍, സുധി കോപ്പ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വരത്തൻ

ഫഹദിനെ കേന്ദ്രകഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയുന്ന ചിത്രമാണ് വരത്തൻ. ഇയോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. അമല്‍നീരദ്‌ പ്രൊഡക്ഷനുമായി ചേര്‍ന്ന് നടിയും ഫഹദിന്റെ ഭാര്യയുമായ നസ്രിയ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക.

ചാലക്കുടിക്കാരൻ ചങ്ങാതി

കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയുന്ന ചാലകുടിക്കാരന്‍ ചങ്ങാതിയുമുണ്ട് ഓണ ചിത്രങ്ങളുടെ കൂട്ടത്തില്‍. സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണി നായകനായി എത്തുന്ന ചിത്രത്തില്‍ ഹണി റോസും പുതുമുഖം നിഹ നിഹാരികയുമാണ് നായികമാര്‍. ആല്‍ഫ ഫിലിംസിന്റെ ബാനറില്‍ ഗ്ലാഡ്സ്റ്റന്‍ യേശുദാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

6 malayalam movies for onam 2018

Abhishek G S :