ഇന്ത്യൻ സിനിമയിൽ ചരിത്ര വിജയവുമായി ദേവദൂതൻ (Devadoothan) അൻപതാം ദിവസത്തിേലേക്ക്. റീ റിലീസ് ചെയ്ത് ആറാഴ്ചകൾ പിന്നിടുമ്പോൾ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തീയേറ്ററുകളിലായി റിലീസ് തുടരുകയാണ്. മറ്റു ഭാഷകളിൽ നിന്നുള്ള റീ റിലീസ് ചിത്രങ്ങളുടെ കളക്ഷൻ റിപ്പോർട്ടുകളെയും ദേവദൂതൻ പിന്നിലാക്കി എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിന് പുറമേ ജി സി സി, തമിഴ്നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഏറ്റവും മികച്ച കളക്ഷൻ നേടിയിട്ടുണ്ട് ഇതിനകം ദേവദൂതൻ.
2000ൽ ദേവദൂതൻ ആദ്യമായി റിലീസ് ചെയ്തത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിത്രം അന്ന് പരാജയപ്പെട്ടു. ആ ചിത്രമാണ് 24 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററിലെത്തിയതും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നതും. കോവിഡ് കാലത്തായിരുന്നു ദേവദൂതനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത്. ചിത്രത്തിന്റെ സാങ്കേതികതയും പാട്ടുകളും സീനുകളുമെല്ലാം ചർച്ചയായതോടെ റീ റിലീസ് എന്ന ചിന്തയിലേക്ക് അണിയറ പ്രവർത്തകരും സിനിമ പ്രേമികളും ഒരുപോലെ എത്തുകയായിരുന്നു. അങ്ങനെ ദേവദൂതൻ വീണ്ടും തീയറ്ററിൽ എത്തിക്കാനുള്ള അവസരം ‘ഹെെ സ്റ്റുഡിയോസ്’ എന്ന സ്ഥാപനത്തിന്റെയും അതിൻെ ടീമിന്റേയും കൈകളിലെത്തി. സിബി മലയിൽ സംവിധാനം ചെയ്ത് ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാണ്.