പ്രമദവനം വീണ്ടും…..

ചലച്ചിത്രഗാനചരിത്രത്തില്‍ പരിവര്‍ത്തനത്തിന്റെ അതിര്‍ത്തി രേഖ പണിഞ്ഞതില്‍ പ്രധാന പങ്കുവഹിച്ച മലയാളിയുടെ പ്രിയഗാനം ‘പ്രമദവന’ത്തിന് മുപ്പത് വര്‍ഷം തികയുകയാണ്. നമ്മുടെ ഹൃദയഗീതങ്ങളിലൊന്നായ പ്രമദവനത്തിന് മുമ്പും പിമ്പും എന്ന് ചലച്ചിത്രഗാന ചരിത്രം അടയാളപ്പെടുത്തുന്നു.

ഒരുതലമുറയുടെ സംഗീത സംസ്‌കാരത്തെ നിര്‍ണ്ണയിച്ചതില്‍ ഈ പാട്ടിന് വലിയ പങ്കാണുള്ളത്. പുത്രവിയോഗത്തില്‍ ഓര്‍മ്മയുടെ ഇതളുകള്‍ ഓരോന്നായി അടര്‍ന്നുവീണ ഒരമ്മയുടെ മൗനവിലാപത്തിലേക്കാണ് ഈ പാട്ട് പടര്‍ന്നുകയറുന്നത്. അമ്മയുടെ നഷ്ടപ്പെട്ടുപോയ ഉണ്ണിയായി വരുന്ന മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജീവിതഗതി തന്നെ മാറുന്ന ഒരു ‘നമ്പറാ’യാണ് ഈ ഗാനം തിരശ്ശീലയില്‍ അലയടിക്കുന്നത്. ഈ ഗാനത്തിലൂടെ അയാള്‍ എല്ലാവരെയും ‘പാട്ടിലാക്കു’ന്നു. ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത നായകന്‍ ജീവിതവൃത്തിക്കായി സംഗീതപ്രിയനായ തമ്പുരാനെ അപായപ്പെടുത്തുന്ന ദൗത്യമേറ്റെടുക്കുന്നു. കുടുംബസ്വത്ത് തട്ടിയെടുക്കാനുള്ള തത്രപ്പാടിലാണ് ചുറ്റുമുള്ളവരെല്ലാം. സംഗീതത്തിന്റെ ഒരു ശ്രീലവസന്തം എല്ലാവരുടെയും മനസ്സിലേക്ക് കടന്നുവരികയാണ് ഈ പാട്ടില്‍. ആര്‍ദ്രതയും വാത്സല്യവും നഷ്ടസ്മൃതിയും പ്രണയവുമെല്ലാം ഒഴുകിനിറയുമ്പോള്‍ ഈ ഗാനം സനാതന സ്വഭാവമുള്ള ഒരു മധുരഗീതമായി മാറുന്നു.

കഥയുടെയും കഥാപാത്രത്തിന്റെയും ഹൃദയരാഗമുണ്ട് ‘പ്രമദവന’ത്തില്‍. ഓരോതവണ കേള്‍ക്കുമ്പോഴും പുതിയ അറിവുകളും അനുഭൂതികളും മുഴങ്ങുന്ന നാദപ്രപഞ്ചം. മലയാളത്തില്‍ ക്ലാസിക്കല്‍ മെലഡിയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ പാട്ട് കൂടിയാണിത്. സിനിമഗാനത്തില്‍ രാഗത്തിന്റെ ഇഴപിരിയാത്ത ഇണക്കത്തെ ബോധ്യപ്പെടുത്തുവാനും സംഗീതത്തിന്റെ മഹാസാമ്രാജ്യത്തിലേക്ക് ഓരോരുത്തരെയും ആകര്‍ഷിക്കുവാനും ഈ പാട്ടിന് കഴിഞ്ഞിട്ടുണ്ട്. ‘ജോഗ്’ രാഗത്തിന്റെ അനവദ്യമായ അനുഭൂതിവിശേഷം വാറ്റിയെടുത്ത ഗാനമാണ് പ്രമദവനം.


സ്വന്തം അഭിരുചി ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ രവീന്ദ്രനെ പ്രേരിപ്പിച്ച ഗാനം കൂടിയാണിത്. ശുദ്ധസംഗീതത്തിന്റെയും മെലഡിയുടെയും വസന്തകാലത്തെ അടയാളപ്പെടുത്തുന്നു എന്നതാണ് ഈ ഗാനത്തിന്റെ ചരിത്രപരമായ പ്രാധാന്യം.അഭിജാതപദവിയിലുള്ള ശാസ്ത്രീയസംഗീതത്തെ ആര്‍ക്കും മൂളാവുന്ന ലളിതസംഗീതമാക്കി ജനപ്രിയത കൂട്ടിയതില്‍ ഈ ഗാനത്തിന് അതിന്റേതായ പങ്കുണ്ട്. പല്ലവികള്‍ക്കും ചരണങ്ങള്‍ക്കുമിടയില്‍ എവിടെയോക്കെയോ പോയിമടങ്ങിവരുന്ന ഉപകരണ സംഗീതത്തിന്റെ മാസ്മരികത ഈ ഗാനത്തില്‍ കാണാന്‍ കഴിയും. ഓരോ ബിജിഎമ്മും ഓരോ വ്യത്യസ്ത ഗാനമാണെന്ന് തോന്നിപ്പിക്കുന്ന രവീന്ദ്രശൈലി ഈ പാട്ടിന് അന്യമല്ല. തീരെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകള്‍. ആന്തരിക സ്വരങ്ങളും ഗമഗങ്ങളും ചേര്‍ന്ന് സൂക്ഷ്മമായി അപഗ്രഥിച്ചെടുക്കാവുന്ന ഒരു ഗാനശില്പമായി പ്രമദവനം മാറുന്നു. നിരവധി വയലിനുകളും ഫ്‌ളൂട്ടുകളും സിത്താറും വീണയും തബലയുമെല്ലാം അകമ്പടി ചേരുന്ന നാദപ്രപഞ്ചം.

കൈതപ്രത്തിന്റെ വരികളില്‍ നിറഞ്ഞുനില്‍ക്കുന്ന രാഗമധുരിമകള്‍ തന്നെയാണ് ഈ പാട്ടിനെ ഉയര്‍ത്തുന്ന മറ്റൊരു ഘടകം. രാഗവും സാഹിത്യവും എത്രകണ്ട് ഇഴചേര്‍ക്കാമോ അത്രയും സുഘടിതമായ സൗന്ദര്യം ഈ പാട്ടിലുണ്ട്. യേശുദാസെന്ന മഹാഗായകന്റെ ശബ്ദലാവണ്യ ഈ പാട്ടില്‍ അത്രമാത്രം വെണ്‍ശോഭയോടെ ഉയര്‍ന്നുനില്‍ക്കുന്നു. അദ്ദേഹത്തിന്റെ സംഗീത സപര്യയിലെ ഏറ്റവും മികച്ച ശബ്ദസാന്നിദ്ധ്യം സ്വായത്തമാക്കിയ ഒരുകാലഘട്ടത്തിന്റെ സമ്മാനം കൂടിയാണ് പ്രമദവനം.

ഒരു സംഗീത സംവിധായകന് ഏതുരാഗവും ഏതുതലത്തില്‍ വേണമെങ്കിലും കൊണ്ടുപെകാന്‍ കഴിയുമെന്നതിന് നിര്‍ദശനമാണ് ഈ ഗാനം. ജോഗ് രാഗത്തിന്റെ ഗാനരസാമൃത ലഹരികള്‍ മുഴുവനും നാം അറിയുന്നത് ഒരുപക്ഷേ ഈ പാട്ടിലൂടെയായിരിക്കും. ജോഗ്‌രാഗത്തില്‍ രവീന്ദ്രന്‍മാഷ് സംഗീതം നിര്‍വ്വഹിച്ച ‘ഇരുഹൃദയങ്ങളിലൊന്നായി വീശി’ (ഒരു മേയ്‌സമാസപ്പുലരിയില്‍) എന്ന പാട്ടില്‍ നിന്ന് പ്രമദവനം വ്യത്യസ്മാകുന്നതെങ്ങനെ എന്ന് ആലോചിക്കുന്നത് കൗതുകകരമായിരിക്കും. പക്വതയാര്‍ന്ന ഒരു ക്ലാസിക് ശൈലി നവ്യാനുഭൂതികള്‍ മുഴുവന്‍ പകര്‍ന്നുതരുന്നുണ്ട് പ്രമദവനം. ഏതൊരു സംഗീത സംവിധായകനും ആഗ്രഹിക്കുന്നതുപോലെ മനസ്സിനെ തൊട്ടുണര്‍ത്തുന്ന അനശ്വരഗാനങ്ങള്‍ ചിട്ടപ്പെടുത്താനുള്ള പ്രചോദനമായി ഈ ഗാനം നിലകൊള്ളുകയാണ്. വരുംകാല സംഗീത സംവിധായകര്‍ക്ക് സംഗീത സംവിധാന രീതികളില്‍ പാഠപുസ്തകമായി ഈ ഗാനത്തെ കാണാന്‍ കഴിയും. മലയാളിയുടെ ചലച്ചിത്ര സംഗീത സംസ്‌കാരത്തെ വീണ്ടും വീണ്ടും തെളിച്ച് വരച്ചുതരികയാണ് പ്രദമവനം എന്ന ഗാനം. ആത്മാവിനെ പിടിച്ചുനിര്‍ത്തുന്ന ഗാനത്തില്‍ സെമിക്ലാസിക്കല്‍ സംഗീതത്തിന്റെ ഒരു പാട്ടുകാലം മിഴിവോടെ അടയാളപ്പെടുത്തുകയായിരുന്നു.

30 years… Pramadhavanam veendum…

Noora T Noora T :