താനൂര്‍ ബോട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് 2018 സിനിമയുടെ നിര്‍മ്മാതാക്കള്‍

മലപ്പുറം താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി 2018 സിനിമയുടെ നിര്‍മ്മാതാക്കള്‍. ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് നിര്‍മ്മാതാക്കാളായ കാവ്യ ഫിലിംസ് അറിയിച്ചു. കഴിഞ്ഞ ദിവസം താനൂരില്‍ ഉണ്ടായ ബോട്ടപകടത്തില്‍ 22 പേര്‍ മരിച്ചിരുന്നു.

മരിച്ചവരില്‍ 15 പേരും കുട്ടികളാണ്. ഇതില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. മൂന്നു വയസ്സ്, മൂന്നര വയസ്സ്, ആറു വയസ് തുടങ്ങിയ പ്രായത്തിലുള്ള ചെറിയ കുട്ടികളാണ് മരിച്ചതില്‍ ഭൂരിഭാഗവും. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. രണ്ടു പുരുഷന്മാരും മരിച്ചു. തിരൂരങ്ങാടി താലൂക്കില്‍പ്പെട്ട 16 പേരാണ് ദുരന്തത്തില്‍ മരിച്ചത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍പ്പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളെ സര്‍ക്കാരിന്റെ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരൂരങ്ങാടി ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ച മുഖ്യമന്ത്രി മരിച്ചവരുടെ വീടുകളിലും പോയി.താനൂരില്‍ യോഗം ചേര്‍ന്നാണ് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചത്. ദുരന്തത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളോട് യോജിക്കുന്നതായി മുന്‍മന്ത്രിയും ലീഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Vijayasree Vijayasree :