ലോക സിനിമക്ക് ഇന്ത്യയുടെ സമ്മാനം !! 2.0 റിവ്യൂ വായിക്കാം…

ലോക സിനിമക്ക് ഇന്ത്യയുടെ സമ്മാനം !! 2.0 റിവ്യൂ വായിക്കാം…

ഇന്ത്യൻ സിനിമയെ ഇളക്കി മറിച്ച് പ്രേക്ഷകഹൃദയം കവർന്ന ചിട്ടി റോബോട്ടിന്റെയും ബോസ് വസീഗരന്റെയും തിരിച്ചു വരവിനു കൊതിച്ചിരുന്നവരുടെ കാത്തിരിപ്പിനു ഒടുവിൽ അവസാനമായിരിക്കുന്നു. സിനിമ ആസ്വാദകർ ഒന്നടങ്കം കാത്തിരുന്ന രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 2.0 പ്രദർശനത്തിനെത്തിയിരിക്കുന്നത് ഇന്ത്യൻ ചലച്ചിത്രലോകം ഇന്നോളം കണ്ടിട്ടില്ലാത്ത പ്രത്യേകതകളോട് കൂടിയാണ്. 540 കോടിയോളം മുതൽമുടക്കിൽ യന്തിരനു പിന്തുടർച്ചയായെത്തുന്ന ശങ്കർ ചിത്രം പൂർണ്ണമായും 3D യിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ ആദ്യമായി തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയായ 2.0 വിന് സംഗീതം നൽകിയിരിക്കുന്നത് ഓസ്‌കാർ ജേതാവായ എ.ആർ റഹ്മാനാണ്. തമിഴ് സിനിമ ലോക സിനിമക്ക് സമർപ്പിക്കുന്ന മികച്ച ഒരു സയൻസ് ഫിക്ഷൻ ചിത്രം – ഒറ്റ വാക്കിൽ 2.0 അതാണ്. ഒരു ദിവസം നാട്ടിലുള്ള മുഴുവൻ മൊബൈൽ ഫോണുകളും അപ്രത്യക്ഷമാകുന്നതോടെയാണ് 2.0 ക്ക് ചൂട് പിടിക്കുന്നത്.

കേട്ട് കേൾവിയില്ലാത്ത ഈ പ്രതിഭാസത്തിനു മുമ്പിൽ സർക്കാരും പട്ടാളവും പകച്ചു നിൽക്കുമ്പോൾ ശാസ്ത്രജ്ഞനായ വസീഗരൻ (രജനികാന്ത് ) ചിട്ടി റോബോട്ട് കൊണ്ട് മറുപടി നൽകാനൊരുങ്ങുന്നു. നെഗറ്റിവ് എനർജിയെ പോസിറ്റീവ് എനർജി കൊണ്ട് മെരുക്കാനുള്ള വസീഗരന്റെ ശ്രമം ഫലം കാണുമോ ?! കണ്ടറിഞ്ഞു തന്നെ കാണണം. മൊബൈൽ ഫോൺ വിപ്ലവത്തിന്റെ നൂറ്റാണ്ടിൽ നാം ജീവിക്കുമ്പോൾ പലപ്പോഴും മൊബൈൽ ടവറുകൾ വരുത്തുന്ന റേഡിയേഷനെക്കുറിച്ചു ചിന്തിക്കാറില്ല.

അത്യന്തം അപകടകരമായ ഈ വികിരണങ്ങൾ മനുഷ്യരെക്കാൾ അധികമായി പക്ഷികളെ ബാധിക്കുന്നുണ്ട് എന്ന നഗ്ന സത്യത്തോട് ചേർത്താണ് 2.0 യുടെ കഥ എഴുതപ്പെട്ടിരിക്കുന്നത്. ഇത്ര ആഴമായി ഒരു ആരോഗ്യ -പരിസ്ഥിതി പ്രശ്നം സമീപകാല ഇന്ത്യൻ സിനിമ ചർച്ച ചെയ്തിട്ടുണ്ടാകില്ല. മൊബൈൽ ഫോണുകൾ ചേർത്ത് വെക്കപ്പെട്ട വലിയ പക്ഷിയെ ട്രെയിലറിൽ നമ്മൾ കണ്ടതാണ്. എന്നാൽ പക്ഷിയും മൊബൈൽ ഫോണും, അക്ഷയ് കുമാർ കഥാപാത്രവും തമ്മിലുള്ള ബന്ധമാണ് 2.0 കഥയുടെ കേന്ദ്ര ബിന്ദു.

ആദ്യ പകുതിയിൽ പ്രതിനായകനെ വെളിച്ചത്തു കൊണ്ടുവന്ന് ഇന്റർ വെൽ പഞ്ചിൽ എത്തുന്ന ചിത്രം രണ്ടാം പകുതിയുടെ ആദ്യ രംഗങ്ങളിൽ തീർത്തും വ്യത്യസ്തമായ കഥാ പരിസരങ്ങളിലൂടെ സഞ്ചരിക്കുന്നു. അക്ഷയ് കുമാറിനുള്ളിലെ അഭിനേതാവിനെ മുമ്പെങ്ങും കാണാത്ത വിധം, പുറത്തെടുക്കുന്ന കാഴ്ചകളാണ് പിന്നീട് കണ്ടത്. രജനികാന്തും അക്ഷയ് കുമാറും തന്നെയാണ് ചിത്രത്തിന്റെ ജീവൻ. എയ്മി ജാക്സൺ, സുധൻഷു പാണ്ഡേ, ആദിൽ ഹുസ്സൈൻ എന്നിവർക്കൊപ്പം മലയാളത്തിന്റെ അഭിമാനമായി കലാഭവൻ ഷാജോണും ചിത്രത്തിലുണ്ട്.

പല വേഷങ്ങളിൽ, പല ഭാവങ്ങളിൽ രജനികാന്ത് മിന്നുന്ന പ്രകടനം കാഴ്ച വെക്കുമ്പോൾ, പ്രതിനായക വേഷം നന്നായി ഇണങ്ങുമെന്നു കാണിച്ചു കൊണ്ട് അക്ഷയ് കുമാർ അഭിനന്ദനാർഹമായ പ്രകടനം കാഴ്ച വെച്ചു. എന്നാൽ രജനി ഫാൻസിനു ആർപ്പുവിളിക്കാനുള്ള നിമിഷങ്ങൾ അധികം സംവിധായകൻ ഒരുക്കിയിട്ടില്ല. ഒരു സയൻസ് ഫിക്ഷൻ ചിത്രത്തിന് വേണ്ട ചേരുവകൾ കൃത്യമായി പാകപെടുത്തിയ ശങ്കർ, സംവിധാനത്തിൽ പാളിച്ചകൾ വരാതെ നോക്കിയിട്ടുണ്ട്.

ഗൗരവമായ കഥ പറച്ചിലിനിടയിൽ കല്ലുകടിയായി മാറാമായിരുന്ന പാട്ടു സീൻ ക്ളൈമാക്സിനു ശേഷമാക്കിയതും, അനാവശ്യ റൊമാൻസ് രംഗങ്ങൾ ഒഴിവാക്കിയതും ടിപ്പിക്കൽ തമിഴ് ചിത്രത്തിൽ നിന്ന് ലോക സിനിമ നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമമായി തോന്നി. സംഗീതത്തിന് അധികം സ്കോപ്പ് ഇല്ലെങ്കിലും, എ.ആർ റഹ്‌മാന്റെ പശ്ചാത്തല സംഗീതം ഓരോ രംഗങ്ങളെയും ചടുല മാക്കി. റസൂൽ പൂക്കുട്ടിയുടെ ശബ്ദ മിശ്രണം ചിത്രത്തിന്റെ മറ്റു കൂട്ടി. ത്രീഡിയിൽ തന്നെ ആസ്വദിക്കേണ്ട ദൃശ്യ വിസ്മയം തന്നെയാണ് 2.0. ഹോളിവുഡിലെ ചില ‘വമ്പൻ ‘ സിനിമകളുമായി താരതമ്യപെടുത്താതെ ആസ്വദിക്കേണ്ട ഈ ചിത്രം, തമിഴ് സിനിമക്കും ഇന്ത്യൻ സിനിമക്കും അഭിമാനിക്കാവുന്ന കാഴ്ച തന്നെയാണ്.

2.0 Movie Review

Abhishek G S :