ഹേമ കമ്മിറ്റി റിപ്പോർട്ടും സിദ്ദിഖിന്റെയും രഞ്ജിത്തിന്റേയും രാജിയ്ക്ക് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികൾ അറിയാൻ താൻ ആകാംഷയിലാണെന്നും കൃത്യമായ അന്വേഷണം വേണമെന്നുമാണ് താരം മാധ്യമങ്ങളുമായി സംസാരിക്കവെ പറഞ്ഞത്. പവര്‍ ഗ്രൂപ്പുണ്ടോയെന്ന ചോദ്യത്തിനും നടൻ പൃഥ്വിരാജ് മറുപടി നല്‍കി.
ആരോപണ വിധേയരുടെ പേരുകൾ പുറത്ത് വിടണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത് ഞാനോ നിങ്ങളോ അല്ല അധികാരത്തിൽ ഇരിക്കുന്നവരാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ആരോപണങ്ങളുണ്ടെങ്കിൽ പഴുതടച്ചുള്ള അന്വേഷണങ്ങൾ ഉണ്ടാകണം. അന്വേഷണത്തിന് ഒടുവിൽ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാവണം. ഇനി അതല്ല അന്വേഷണത്തിൽ ആരോപണങ്ങൾ കള്ളമാണെന്ന് തെളിഞ്ഞാലും മറിച്ചും മാതൃകാപരമായ ശിക്ഷാ നടപടികളുണ്ടാവണം. നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതി അനുസരിച്ച് ഇരകളുടെ പേരുകൾ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണവിധേയരുടെ പേരുകൾ സംരക്ഷിക്കപ്പെടാൻ ഒരു നിയമവ്യവസ്ഥിതി നമ്മുടെ നാട്ടിൽ ഇല്ലാത്തിടത്തോളം കാലം അത് പുറത്ത് വിടുന്നതിൽ നിയമ തടസമുണ്ടെന്ന് ഞാൻ കരുതുന്നില്ല.
അതുകൊണ്ട് തന്നെ ആരോപണ വിധേയരുടെ പേരുകൾ പുറത്ത് വിടണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത് ഞാനോ നിങ്ങളോ അല്ല അധികാരത്തിൽ ഇരിക്കുന്നവരാണ്. ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരിൽ ഒരാളാണ് ഞാൻ. അതുകൊണ്ട് ഞാൻ എന്തിന് റിപ്പോർട്ട് പുറത്ത് വരുമ്പോൾ ഞെട്ടണമെന്നും പൃഥ്വിരാജ് ചോദിക്കുന്നു. തുടർന്നുള്ള നടപടികൾ എങ്ങനെയാണെന്ന് അറിയാൻ നിങ്ങളെപ്പോലെ എനിക്കും ആകാംഷയുണ്ട്. അമ്മയ്ക്ക് വീഴ്ച സംഭവച്ചിട്ടുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. പവർഗ്രൂപ്പില്ലെന്ന് അവകാശപ്പെടാൻ എനിക്ക് കഴിയില്ല. ഞാൻ അവരെ ഫേസ് ചെയ്യേണ്ടി വന്നിട്ടില്ല. അവരാൽ ഞാൻ ബാധിക്കപ്പെട്ടിട്ടില്ല. എന്ന് കരുതി പവർ ഗ്രൂപ്പില്ലെന്ന് തനിക്ക് പറയാൻ കഴിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.