ഹേമാ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടാത്തതിൽ മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് നടി രഞ്ജിനി. എല്ലാവർക്കും നീതി കിട്ടണമെന്നും സിനിമാ മേഖലയിൽ ഒരു ട്രിബ്യൂണൽ വേണമെന്നും രഞ്ജിനി മാധ്യമങ്ങളോട് പറഞ്ഞു. വിനോദ മേഖലയിൽ വളരെ ഗൗരവമുള്ള സംഭവങ്ങളാണ് നടക്കുന്നത്. ഇതെല്ലാം നിർത്തേണ്ടിയിരിക്കുന്നു. അമ്മ പോലുള്ള സംഘടനകളിലൊന്നും പരാതിയുമായി പോയിട്ട് കാര്യമില്ല. അതുകൊണ്ടാണ് കമ്മീഷന് മുമ്പാകെ ചെന്നത്. എന്റെ മൊഴി അവർ രേഖപ്പെടുത്തി. അതിന്റെ പകർപ്പ് ബന്ധപ്പെട്ടവർ തന്നിട്ടില്ല. അതിലെന്താണ് എഴുതിയിരിക്കുന്നതെന്ന് തനിക്കറിയണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു. സ്വകാര്യതയെ ഹനിക്കുന്ന കാര്യങ്ങളുണ്ടാവില്ല എന്നൊക്കെ എല്ലാവരും പറയുന്നതാണ്. പക്ഷേ അത് എനിക്ക് നേരിൽക്കാണണ്ടേ? കണ്ടിട്ട് പുറത്തുവിടാമല്ലോ. ഈ റിപ്പോർട്ട് പുറത്തുവരാൻ അഞ്ചുവർഷം നമ്മൾ കാത്തിരുന്നു. സംസ്ഥാന വനിതാ കമ്മീഷൻ ഇതേക്കുറിച്ച് ചോദിക്കുമെന്നാണ് ഞാൻ കരുതിയത്. അത് ചോദിക്കാത്തതുകൊണ്ടാണ് ഞാൻ കോടതിയെ സമീപിച്ചത്.”റിപ്പോർട്ട് പുറത്തുവരികതന്നെ വേണം.
തിങ്കളാഴ്ചവരെ സമയമുണ്ടല്ലോ. കോടതിയെ ബഹുമാനമുണ്ട്. റിപ്പോർട്ട് ശനിയാഴ്ച പുറത്തുവരാതെ തടഞ്ഞതിന് മുഖ്യമന്ത്രിയോട് പ്രത്യേകം നന്ദി പറയുന്നുവെന്നും രഞ്ജിനി പറഞ്ഞു. 2019 ഡിസംബർ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്. 2017 ജൂലൈയിലാണ് ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടായിരുന്നു.