സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂക്ക് സ്വദേശി അബ്ദുൾ റഹീമിന് വേണ്ടി ഇടപെട്ട് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി

സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂക്ക് സ്വദേശി അബ്ദുൾ റഹീമിന് വേണ്ടി ഇടപെട്ട് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ഈ മാസം 16ന് ആണ് വധശിക്ഷ നടപ്പാക്കുന്നത്. വിധി നീട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് സുരേഷ് ഗോപി ഇടപെടുക. കേസുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങൾ സുരേഷ് ഗോപി തേടിയിട്ടുണ്ട്. ഇപ്പോൾ കാവൽ മന്ത്രിസഭയായതിനാൽ ഇക്കാര്യത്തിൽ മന്ത്രിതല ഇടപെടൽ പ്രായോഗികമല്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. അതുകൊണ്ട് തന്നെ നയതന്ത്ര തലത്തിൽ കൂടുതൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് സൗദി, ഒമാൻ അംബാസഡറുമായി സുരേഷ് ഗോപി ബന്ധപ്പെട്ടെന്നാണ് വിവരം. ഇതോടൊപ്പം അബ്ദുൾ റഹീമിന്റെ കുടുംബവുമായി സുരേഷ് ഗോപി സംസാരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇന്ന് ഉച്ചയോടെ വിശദീകരിക്കാമെന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്.അതേസമയം, അബ്ദുൾ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കാൻ വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായ ബോബി ചെമ്മണൂർ നേരേത്തെ രംഗത്തെത്തിയിരുന്നു. വിധി മൂന്ന് മാസത്തേക്കെങ്കിലും നീട്ടാൻ കേന്ദ്രമന്ത്രി വി മുരളീധരൻ വഴി സമ്മർദ്ദം നടത്തുമെന്ന് ബോചെ അറിയിച്ചിരുന്നു. നയതന്ത്ര ഇടപെടലിലൂടെ പ്രശ്നപരിഹാരത്തിനാണ് ശ്രമം. ഇതിനായി പ്രധാനമന്ത്രിയെയും സമീപിച്ചിട്ടുണ്ട്.

സഹായം ലഭ്യമാക്കാനായി രൂപീകരിച്ച ട്രസ്റ്റിലേക്ക് ബോചെ ഫാൻസ് ട്രസ്റ്റ് ഒന്നര കോടി രൂപ കൈമാറിയിരുന്നു. മോചനദ്രവ്യം സ്വരൂപിക്കാൻ ബോചെ നടത്തുന്ന യാചകയാത്ര ഇന്ന് രാവിലെ 9 മുതൽ തിരുവനന്തപുരത്ത് ആരംഭിച്ചിരുന്നു. കാസർകോട് വരെയുള്ള വിവിധ റെയിൽവേ സ്‌റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലത്തും പൊതുയിടങ്ങളിലും നേരിട്ടെത്തും. സോഷ്യൽ മീഡിയ അക്കൗണ്ടിലും വാഹനങ്ങളിലും നൽകിയ ക്യൂ. ആർ കോഡ് വഴി തുക സമാഹരിക്കാനാണ് ലക്ഷ്യം. ട്രസ്റ്റ് അക്കൗണ്ടിലേക്ക് തുക നേരിട്ടെത്തിക്കുമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു.

Merlin Antony :