വാഹനാപകടത്തില്‍ മരണപ്പെട്ട നടന്‍ കൊല്ലം സുധിയും നടി ലക്ഷ്മി നക്ഷത്രയും തമ്മിലുള്ള ആത്മബന്ധം പലർക്കും അറിവുള്ള കാര്യമാണ്. ഒരു സഹോദരനെപ്പോലെ സുധിയെ കണ്ടിരുന്ന ലക്ഷ്മി നക്ഷത്ര താരത്തിന്റെ മരണ ശേഷം കുടുബത്തിന് സഹായങ്ങളുമായി ഒട്ടനവധി തവണ രംഗത്ത് വരികയും ചെയ്തു. സുധിയുടെ ഭാര്യ രേണു തന്നെയാണ് ലക്ഷ്മി നക്ഷത്ര സാമ്പത്തികമായി സഹായിച്ച കാര്യങ്ങളൊക്കെ തുറന്ന് പറഞ്ഞത്. രേണുവിന്റെ ആഗ്രഹപ്രകാരം കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ലക്ഷ്മി നക്ഷത്ര പെർഫ്യൂമാക്കി മാറ്റിയിരുന്നു. ലക്ഷ്മി ഇതിന്‍റെ വീഡിയോ തന്‍റെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ലക്ഷ്മിയ്ക്ക് കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിട്ട പുതിയ പോസ്റ്റും അതിന് വന്ന കമന്റുകളുമാണ് വൈറലാകുന്നത്. തന്റെ ഗ്യാരേജിലേക്ക് പുതിയൊരു അംഗം കൂടി എത്തിയ സന്തോഷമാണ് പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ലക്ഷ്മി നക്ഷത്ര അറിയിച്ചിരിക്കുന്നത്. താരം ഏറ്റവും പുതിയതായി വാങ്ങിയ വാഹനം മഹേന്ദ്രയുടെ ഥാർ ആണ് . കറുപ്പ് നിറത്തിലുള്ള ഥാറിന്റെ മുന്നിൽ സ്റ്റൈലൻ ലുക്കിൽ നിൽക്കുന്ന ചിത്രം പങ്കിട്ടുകൊണ്ടാണ് പുതിയ വാഹനം വാങ്ങിയ സന്തോഷം ലക്ഷ്മി നക്ഷത്ര പങ്കിട്ടത്. കുറച്ച് നാളുകൾക്ക് മുമ്പ് ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കിയിരുന്നു ലക്ഷ്മി നക്ഷത്ര. കുട്ടിക്കാലത്ത് സിനിമയില്‍ കറുത്ത ബിഎംഡബ്ല്യു കണ്ടപ്പോൾ മനസിൽ കയറികൂടിയ ആഗ്രഹം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ഒന്നര വർഷം മുമ്പ് ലക്ഷ്മി ബിഎംഡബ്ല്യു 3 സീരിസ് വാങ്ങിയത്. ലക്ഷ്മിയുടെ പുത്തൻ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ സ്റ്റാർ മാജിക്കിലെ സഹതാരങ്ങളും ആരാധകരുമെല്ലാം ലക്ഷ്മിക്ക് ആശംസ അറിയിച്ചെത്തി. എന്നാൽ ഒരു വിഭാഗം ആളുകൾ കൊല്ലം സുധിയുടെ പേരിൽ ലക്ഷ്മിയെ പരിഹസിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്.
കൊല്ലം സുധിയുടെ പേരിൽ ചെയ്ത വീഡിയോകളിൽ നിന്നും ലഭിച്ച പ്രതിഫലം ഉപയോഗിച്ചാണ് ലക്ഷ്മി പുതിയ വാഹനം സ്വന്തമാക്കിയത് എന്ന തരത്തിൽ പരിഹസിച്ചുള്ളതായിരുന്നു കമന്റുകൾ. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിവരങ്ങൾ ലക്ഷ്മിയുടെ യുട്യൂബ് ചാനൽ വഴിയാണ് ആരാധകർ അറിയാറുള്ളത്. അതുകൊണ്ടു തന്നെ കൊല്ലം സുധിയേയും കുടുംബത്തേയും വെച്ച് വീഡിയോ ചെയ്ത് ലക്ഷ്മി കാശ് സമ്പാദിക്കുന്നുവെന്നാണ് വിമർശനം. സുധിയെ വെച്ച് കുറേ നേടുന്നുണ്ടല്ലോ… സിസി അടവാകുമ്പോൾ വീണ്ടും സുധിയെ ഓർക്കും, അടുത്ത വണ്ടി എടുക്കാനാകുമ്പോൾ വീണ്ടും വരും എന്റെ സുധിയേട്ടൻ എന്നും പറഞ്ഞ്, സുധി ചേട്ടനെ വെച്ച് മാർക്കറ്റ് ഉണ്ടാക്കി മേടിച്ച വണ്ടി, എല്ലാം സുധി ചേട്ടന്റെ അനുഗ്രഹം എന്നിങ്ങനെ നീളുന്നു കമന്റുകൾ. കാശ് മോഹിച്ചല്ല വീഡിയോ ചെയ്യുന്നതെങ്കിൽ എന്തിന് മോണിറ്റൈസേഷൻ ഓണാക്കിവെക്കുന്നുവെന്നാണ് ലക്ഷ്മിയുടെ യുട്യൂബ് വീഡിയോയെ വിമർശിക്കുന്നവർ പ്രധാനമായും ചോദിക്കുന്നത്. എന്നാൽ ഒരു വിമർശനത്തോടും ലക്ഷ്മി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മലയാളികളുടെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ചിന്നു എന്നാണ് ആരാധകരും ലക്ഷ്മിയെ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സ്റ്റാർ മാജിക്കിന്റെ ഭാഗമാകുന്നതിന് മുമ്പ് ആർജെയായി ഒരുപാട് കാലം പ്രവർത്തിച്ചിട്ടുണ്ട് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്കിലെ താരങ്ങൾക്കുള്ളതിനേക്കാൾ ആരാധകർ ഇന്ന് അവതാരകയായ ലക്ഷ്മിക്കുണ്ട്. ഓരോ പിറന്നാളിനും കെട്ട് കണക്കിന് സമ്മാനങ്ങളാണ് ആരാധകർ ലക്ഷ്മിക്ക് എത്തിച്ച് നൽകാറുള്ളത്. യുട്യൂബ് ചാനൽ ആരംഭിച്ചശേഷം ആരാധകരുടെ സ്നേഹം നേരിട്ട് അനുഭവിക്കാനും അറിയാനും ലക്ഷ്മിക്ക് സാധിക്കാറുണ്ട്. മാത്രമല്ല തന്നെ സ്നേഹിക്കുന്നവർക്ക് സഹായവും സ്നേഹവും നൽകി ചേർത്ത് നിർത്താറുമുണ്ട് ലക്ഷ്മി നക്ഷത്ര. തൃശൂർ സ്വദേശിനിയായ ലക്ഷ്മി അടുത്തിടെയാണ് വിദേശ യാത്ര കഴിഞ്ഞ് നാട്ടിലെത്തിയത്. കേരളത്തിലും വിദേശത്തുമായി നിരവധി ഷോകളും ഉദ്ഘാടനങ്ങളുമെല്ലാം ലക്ഷ്മിയെ തേടി എത്താറുണ്ട്.