ബലാല്‍സംഗക്കേസില്‍ നടൻ സിദ്ദിഖിന് ഇന്ന് നിർണായകം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖിന്റെ മകൻ ഷഹീനും ഡൽഹിയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അന്വേഷണസംഘം സിദ്ദിഖിന്‍റെ മകന്‍ ഷഹീനേയും സുഹൃത്തുക്കളെയും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. രണ്ട് തവണ പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തിയെന്നും മൊഴിയെടുത്തെന്നും ഷഹീൻ പറഞ്ഞു. സുപ്രീം കോടതിയില്‍ നിന്ന് ഇന്ന് തന്നെ ഒരു തീരുമാനം ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷഹീൻ സിദ്ദിഖിന്റെ സുഹൃത്തുക്കളായ പോള്‍, ലിബിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയുമായി ബന്ധുക്കളാണ് രംഗത്തെത്തിയത്.
ലെെംഗിക അതിക്രമ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു. സിദ്ദിഖ് ഒളിവില്‍ പോയ കാറുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നിന്നാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കടവന്ത്രയിലേയും മേനകയിലേയും ഫ്ലാറ്റുകളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തുവെന്നാണ് പരാതി. യുവാക്കളുടെ കുടുംബങ്ങൾ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. അതേസമയം കേസുമായി ബന്ധപ്പെട്ട് ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് കൊച്ചി സിറ്റി പോലീസിന്റെ വിശദീകരണം. അതേസമയം സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ ശക്തമായ തെളിവുണ്ടെന്നാണ് സർക്കാർ വാദം. കുറ്റകൃത്യം ഗുരുതരമാണ്. പരാതിക്കാരിയുടെ മൊഴികൾ ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് സുപ്രീംകോടതിയെ അറിയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണിത്. പരാതി നല്‍കാന്‍ വൈകിയത് കേസിനെ ബാധിക്കുന്നതല്ല.
അതിജീവിത മാനസിക ആഘാതത്തിലായിരുന്നു, ചികില്‍സ തേടിയതിനും തെളിവുണ്ട്. കേസിനുപിന്നില്‍ സിനിമാമേഖലയിലെ ചേരിപ്പോരെന്ന വാദം തെറ്റാണെന്നും സർക്കാർ കോടതിയെ ബോധ്യപ്പെടുത്തും. സിദ്ദിഖ് സ്വാധീനശേഷിയുള്ളയാളാണ് അതുകൊണ്ടു തന്നെ ജാമ്യം നല്‍കിയാല്‍ അത് അതിജീവിതയ്ക്ക് ഭീഷണിയുണ്ടാക്കുമെന്നും വ്യക്തമാക്കും.അതിനിടെ പൊലീസും സിദ്ദിഖും ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി അതിജീവിത രംഗത്തെത്തി. സിദ്ദിഖിന് ഒളിവിൽ പോകാൻ സമയം നൽകിയെന്ന് കോടതിയില്‍ വാദിക്കും, നിരവധി ഇലക്ട്രോണിക് തെളിവുകൾ സിദ്ദിഖ് നശിപ്പിച്ചെന്നും അതിജീവിത ആരോപിക്കുന്നു.