സംഗീത പരിപാടിക്കിടെ വേദിയില്‍ വെള്ളം നല്‍കിയ ആള്‍ക്ക് ഇളയരാജയുടെ ശകാരം

ഇന്ത്യൻ സിനിമയുടെ  സംഗീത  ചക്രവർത്തി എന്നറിയപ്പെടുന്ന ഇസൈ ജ്ഞാനി  ഇളയരാജയുടെ 75- -ാം ജന്മദിനാഘോഷങ്ങളുടെ  ഭാഗമായി  നടത്തിയ  സംഗീത നിഷയിൽ സുരക്ഷാ ഉദ്യോഗസ്ഥനോട് ക്ഷുഭിതനായി  ഇളയരാജ. വേദിയിലുണ്ടായിരുന്ന ഗായകര്‍ക്കു കുടിവെള്ളം എത്തിച്ചയാളോടാണ് ഇളയരാജ കസർത്ത് കയറിയത് . ചോദിക്കാതെ വെള്ളം കൊണ്ടു വന്നതിനാണ് ഇളയരാജ സുരക്ഷാ ഉദ്യോഗസ്ഥനോട് കയർത്തത്. 

പരിപാടി നടക്കുന്നതിനിടയില്‍ എന്തിന് വേദിയില്‍ കയറിയെന്നും താങ്കൾ  ഇവിടെ  ആര് പറഞ്ഞിട്ടാണ്  വെള്ളമെത്തിച്ചത്  ? എന്നു ചോദിച്ചു കൊണ്ടായിരുന്നു അദ്ദേഹം ദേഷ്യപ്പെട്ടത്. മൈക്കിലൂടെയായിരുന്നു അദ്ദേഹം കയർത്തത് .   

പ്രശസ്ത ഗായകരായ എസ്.പി. ബാലസുബ്രഹ്മണ്യം, യേശുദാസ്, മനോ തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു . ഗായകര്‍ക്കും മറ്റ് ആര്‍ടിസ്റ്റുകള്‍ക്കും വേദിയിൽ വന്ന് വെള്ളം നല്‍കിയതിന് ശേഷം വേദിയില്‍ നിന്നിറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥനെ വിളിച്ചായിരുന്നു ഇളയരാജ ശകാരിച്ചത്. 

ദാഹിക്കുന്നുവെന്ന് ആര്‍ടിസ്റ്റുകള്‍ അറിയച്ചതിനാലാണ് വെള്ളം എത്തിച്ചതെന്നും ഇത് സ്വാഭാവികമായും ചെയ്തുവരുന്ന ജോലിയാണെന്ന് മറുപടി പറഞ്ഞെങ്കിലും  ഉദ്യോഗസ്ഥന്റെ മറുപടിയില്‍ ഇളയരാജ തൃപ്തനായില്ല. ഒടുവില്‍  ഇളയരാജയുടെ കാലില്‍ വീണ് മാപ്പിരന്നാണ്  സുരക്ഷാ ഉദ്യോഗസ്ഥന്‍ വേദിയിൽ  നിന്നും മടങ്ങിയത്.

പണം നല്‍കിയെത്തുന്ന കാണികള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ നല്ലതല്ലെന്നായിരുന്നു ഇളയരാജ ഇക്കാര്യത്തില്‍  പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാവുകയാണ് . നിരവധി പേരാണ് ഇളയരാജയ്‌ക്കെതിരേ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുള്ളത്.  

Sruthi S :