മലയാളികളുടെ മാത്രമല്ല തമിഴ്‍ സിനിമാലോകത്തും പ്രിയതാരജോഡിയാണ് അജിത്ത് കുമാറും ശാലിനിയും. ഒട്ടുമിക്ക കമിതാക്കളും മാതൃകയാക്കുന്നതും ഇവരുടെ ദാമ്പത്യമാണ്. ഇരുപത്തിനാല് വർഷത്തെ ദാമ്പത്യ ജീവിതമാണ് താരങ്ങളുടേത്. വിവാഹത്തിനുശേഷവും എങ്ങനെ പ്രണത്തിൽ തുടരാം എന്നതിനുള്ള ഉദാഹരണം കൂടിയാണ് അജിത്ത്-ശാലിനി ജോഡി. രണ്ടുപേരും സ്വകാര്യ ജീവിതത്തിന് വളരെ അധികം പ്രാധാന്യം കൊടുക്കുന്നവരാണ്. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത ശാലിനി ഒരു വർഷം മുമ്പാണ് ഇൻസ്റ്റഗ്രാമിൽ ഒരു അക്കൗണ്ട് തുറന്നത്. ശേഷം അടുത്തിടെ എക്സിലും താരം അക്കൗണ്ട് തുറന്നു. എന്നിരുന്നാലും താരപത്നി അത്ര ആക്ടീവൊന്നുമില്ല. വല്ലപ്പോഴും മക്കളുടെയോ, കുടുംബചിത്രങ്ങളോ, സഹോദരങ്ങളുടെ ചിത്രങ്ങളോ പങ്കുവെക്കും അത്രമാത്രം.
അത്തരത്തിൽ ശാലിനി ഏറ്റവും പുതിയതായി പങ്കിട്ട ഒരു ഫോട്ടോയാണ് വൈറലാകുന്നത്. പ്രിയപാതി ശാലിനിയുടെ കൈ ചേർത്തുപിടിച്ച് ആശുപത്രി കിടക്കയിൽ ഇരിക്കുന്ന അജിത്ത്. ചെന്നൈയിലെ ആശുപത്രിയിൽ മൈനർ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ശാലിനി. ശാലിനി തന്നെയാണ് ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. എക്കാലവും സ്നേഹംമാത്രം എന്ന അടിക്കുറിപ്പോടെയാണ് അജിത്തിനൊപ്പമുള്ള ചിത്രം ശാലിനി പങ്കുവച്ചത്. മൂന്ന് ഇമോജികളുമാണ് ചിത്രത്തിന് ക്യാപ്ഷനായി ശാലിനി നൽകിയിരിക്കുന്നത്. ശസ്ത്രക്രിയ സമയത്ത് അജിത്ത് ഒപ്പമുണ്ടായിരുന്നില്ല. വിടാമുയർച്ചി സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി അസർബൈജാനിൽ ആയിരുന്നു. എന്നാൽ ആശുപത്രിയിൽ എല്ലാ സജ്ജീകരണങ്ങളും അജിത്ത് ഒരുക്കിയിരുന്നു. ഡോക്ടർമാരോട് വിവരങ്ങൾ ആരായുകയും ചെയ്തു. ഷൂട്ടിന് ഇടവേള വരുത്തി അജിത്ത് പെട്ടെന്ന് എത്തുകയായിരുന്നു. അടുത്തദിവസം തന്നെ ചിത്രീകരണത്തിനായി അജിത്ത് വീണ്ടും അസർബൈജാനിലേക്ക് തിരിക്കും.
മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്നചിത്രത്തിൽ തൃഷയാണ് നായിക. അമർക്കളം സിനിമയിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. എന്തായാലും ആശുപത്രിയിൽ നിന്നുള്ള ശാലിനിയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ താരപത്നിക്ക് എന്ത് പറ്റിയെന്ന ആശങ്കയായി ആരാധകർക്ക്. നടിയുടെ അസുഖ വിവരങ്ങളെ കുറിച്ച് അന്വേഷിച്ചാണ് കമന്റുകൾ ഏറെയും. ആശുപത്രിയിൽ നിന്നുള്ള കപ്പിൾ ഫോട്ടോ വൈറലായതോടെ മക്കളോടും ഭാര്യയോടുമുള്ള അജിത്തിന്റെ സ്നേഹത്തെ പ്രശംസിച്ചും കമന്റുകൾ വരുന്നുണ്ട്. ഇരുപത്തിനാല് വർഷങ്ങൾക്കുശേഷവും കൈ ചേർത്ത് പിടിച്ച് ഇതുപോലെ ഇരിക്കാൻ സാധിക്കുന്നുവെന്നത് ചെറിയ കാര്യമല്ലെന്നാണ് കമന്റുകൾ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ശാലിനി പൂർണമായും കുടുംബജീവിതം ആസ്വദിക്കുകയാണ്. മക്കളുടെ കാര്യങ്ങൾ അടക്കം ഉത്തരവാദിത്വത്തോടെ ചെയ്യുന്നത് ശാലിനിയാണ്. പാഷനെ ഫോളോ ചെയ്യാനുള്ള പിന്തുണ ശാലിനി നൽകിയിട്ടുള്ളതുകൊണ്ടാണ് ഇപ്പോഴും കെട്ടുകൾ ഇല്ലാതെ ഉലകം ചുറ്റാൻ അജിത്തിന് സാധിക്കുന്നതും. ബൈക്കിൽ ഉലകം ചുറ്റാനുള്ള ആഗ്രഹം കൊണ്ട് തന്നെ വളരെ വിരളമായി മാത്രമാണ് അജിത്ത് ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. അജിത്തിന്റെ യാത്ര വിശേഷങ്ങൾ ശാലിനിയാണ് സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിക്കാറുള്ളത്.