മലയാളികളുടെ മാത്രമല്ല തമിഴ്‍ സിനിമാലോകത്തും പ്രിയതാരജോഡിയാണ് അജിത്ത് കുമാറും ശാലിനിയും. ഒട്ടുമിക്ക കമിതാക്കളും മാതൃകയാക്കുന്നതും ഇവരുടെ ദാമ്പത്യമാണ്. ഇരുപത്തിനാല് വർഷത്തെ ദാമ്പത്യ ജീവിതമാണ് താരങ്ങളുടേത്. വിവാഹത്തിനുശേഷവും എങ്ങനെ പ്രണത്തിൽ തുടരാം എന്നതിനുള്ള ഉദാഹരണം കൂടിയാണ് അജിത്ത്-ശാലിനി ജോഡി. രണ്ടുപേരും സ്വകാര്യ ജീവിതത്തിന് വളരെ അധികം പ്രാധാന്യം കൊടുക്കുന്നവരാണ്.
വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത ശാലിനി ഒരു വർഷം മുമ്പാണ് ഇൻസ്റ്റഗ്രാമിൽ ഒരു അക്കൗണ്ട് തുറന്നത്. ശേഷം അടുത്തിടെ എക്സിലും താരം അക്കൗണ്ട് തുറന്നു. എന്നിരുന്നാലും താരപത്നി അത്ര ആക്ടീവൊന്നുമില്ല. വല്ലപ്പോഴും മക്കളുടെയോ, കുടുംബചിത്രങ്ങളോ, സഹോദരങ്ങളുടെ ചിത്രങ്ങളോ പങ്കുവെക്കും അത്രമാത്രം. ഇപ്പോഴിതാ ശാലിനിയുടെയും മകൻ ആദ്‌വിക് അജിത്ത് കുമാറിന്റെയും ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശാലിനിക്ക് നെറ്റിയിൽ ചുംബനം നൽകുന്ന ആദ്‌വികിന്റെ ചിത്രമാണിത്.
മകന്റെ മാതൃസ്നേഹം തുളുമ്പുന്ന ചിത്രം ശാലിനി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നിരവധി ആരാധകരാണ് ഇരുവരുടെയും ചിത്രത്തിൽ രസകരമായ കമന്റുകൾ പങ്കുവയ്ക്കുന്നത്. മാത്രമല്ല സർജറിയ്ക്ക് ശേഷം താരം ഇതുവരെ എണീറ്റില്ലേ? കൂടാതെ എന്താ പറ്റിയെ എന്നൊക്കെ ഉള്ള ചോദ്യങ്ങളും ആവർത്തിക്കുകയാണ്. അടുത്തിടെ, ശാലിനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച മറ്റൊരു ചിത്രം ആരാധകരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ആശുപത്രിയിൽ നിന്നുള്ള ചിത്രമായിരുന്നു ഇത്. ശാലിനിക്കരുകിൽ കൈപിടിച്ച് നിൽക്കുന്ന അജിത്തും ചിത്രത്തിലുണ്ടായിരുന്നു.
ശാലിനി ശസ്ത്രക്രിയക്ക് വിധേയയായെന്ന് പിന്നീട് റിപ്പോർട്ടുകൾ പുറത്തു വരികയും ചെയ്തിരുന്നു. ചെന്നൈയിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അജിത്തുമായുള്ള വിവാഹത്തിനു ശേഷം 2000-ൽ ആണ് ശാലിനി അഭിനയം അവസാനിപ്പിക്കുന്നത്. അനൗഷ്കയും ആദ്‌വികുമാണ് മക്കൾ. അമർക്കളം സിനിമയിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ശാലിനി പൂർണമായും കുടുംബജീവിതം ആസ്വദിക്കുകയാണ്. മക്കളുടെ കാര്യങ്ങൾ അടക്കം ഉത്തരവാദിത്വത്തോടെ ചെയ്യുന്നത് ശാലിനിയാണ്. പാഷനെ ഫോളോ ചെയ്യാനുള്ള പിന്തുണ ശാലിനി നൽകിയിട്ടുള്ളതുകൊണ്ടാണ് ഇപ്പോഴും കെട്ടുകൾ ഇല്ലാതെ ഉലകം ചുറ്റാൻ അജിത്തിന് സാധിക്കുന്നതും. ബൈക്കിൽ ഉലകം ചുറ്റാനുള്ള ആഗ്രഹം കൊണ്ട് തന്നെ വളരെ വിരളമായി മാത്രമാണ് അജിത്ത് ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. അജിത്തിന്റെ യാത്ര വിശേഷങ്ങൾ ശാലിനിയാണ് സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിക്കാറുള്ളത്. 80-ലധികം മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശാലിനി അഭിനയിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തിൽ മാധവനോടൊപ്പം നായികാ വേഷമാണ് തെന്നിന്ത്യയിൽ ശ്രദ്ധനേടിക്കൊടുത്തത്.