മലയാളത്തിന്റെ ഗാനഗന്ധർവ്വൻ അതുല്യ ഗായകൻ കെ.ജെ. യേശുദാസിന് ഇന്ന് 84ാം പിറന്നാൾ. ശതാഭിഷിക്തനാകുന്ന അദ്ദേഹം യു.എസിലെ ടെക്സസിലുള്ള ഡാലസിലെ സ്വവസതിയിലാണ് ഇക്കുറി ജന്മദിനമാഘോഷിക്കുക. സംഗീത പ്രതിഭയ്ക്ക് ആശംസകൾ നേരുകയാണ് സംഗീതലോകം. ഒരു സ്വരം… നമ്മുടെ തന്നെ ഇന്നലെകളെ ഓര്‍മപ്പെടുത്തുന്ന ഒരു സ്വരം. ഓര്‍മകളിലേക്ക് പിന്തിരിഞ്ഞ് നടക്കുന്ന ഓരോ മലയാളിയും ജീവിതഘട്ടങ്ങളെ ഗാനങ്ങള്‍ കൊണ്ട് രേഖപ്പെടുത്തിയാല്‍ അതെല്ലാം ഈ ഒറ്റ സ്വരത്തിലാവും. ആ സ്വരസാധനയ്ക്ക് മുന്നില്‍ തോറ്റുപോയവര്‍ ഒരുപാടുണ്ട്. പോറല്‍ ഏല്‍പ്പിക്കാനാവാതെ പോയ കാലം. വിശേഷണങ്ങള്‍ ചാര്‍ത്തിനല്‍കാന്‍ പദങ്ങളില്ലാതെപോയ ഭാഷ, കീഴടക്കാനൊരുമ്പെട്ട് കീഴ്പ്പെട്ടുപോയ ഈണങ്ങള്‍. കെ.ജെ.യേശുദാസ് മനുഷ്യസാധ്യമായ കല്പനകള്ക്കെല്ലാമപ്പുറം ഒരു വിസ്മയമായതിന് ഉത്തരമില്ല..ഇപ്പൊഴും. ഗന്ധര്വസ്വനംതൊട്ട ഈണങ്ങളെല്ലാം പിറവിയില്‍തന്നെ സുകൃതംപൂകി. തലമുറകള്‍ ആ സുകൃതഗീതികള് നെഞ്ചേറ്റി ഏറ്റുപാടി. അതിലെല്ലാം ഈ നാടിന്റെ ജീവിതമുണ്ടായിരുന്നു. യേശുദാസ് പാടിയപ്പോഴെല്ലാം വരികള്‍ സംഗീതംപോലെ തരളമായി. ഈണം കാവ്യംപോലെ മധുരതരവും. മലയാള ചലച്ചിത്രഗാനശാഖയ്ക്ക് സിദ്ധിച്ച പുണ്യം.
