കഴിഞ്ഞ 25 വര്‍ഷമായി അമ്മയുടെ അമരത്ത് ഇടവേള ബാബു ഉണ്ടായിരുന്നു. ഇന്നസെന്റും മോഹന്‍ലാലും പ്രസിഡന്റുമാരായി വന്നപ്പോഴും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ബാബു തന്നെയായിരുന്നു. പേരില്‍ മാത്രം ഇടവേള നിലനിര്‍ത്തി അമ്മയ്ക്ക് വേണ്ടി ഇടവേളയില്ലാതെ അദ്ദേഹം പ്രവര്‍ത്തിച്ചു. അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഇടവേള ബാബു പിന്‍മാറിയിരിക്കുകയാണ്. പകരം ആ സ്ഥാനത്തേക്ക് കടന്നു വന്നത് നടന്‍ സിദ്ധീഖാണ്. വിവാഹം പോലും കഴിക്കാതെ അമ്മയ്ക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തി എന്നാണ് പലരും ഇടവേള ബാബുവിനെക്കുറിച്ച് പറയുന്നത്.
പലപ്പോഴും ഇടവേള ബാബുവിനോട് പലരും ചോദിച്ച ചോദ്യമാണ്, എന്തുകൊണ്ടാണ് വിവാഹം കഴിക്കാതിരുന്നത് എന്ന്, വിവാഹം എന്നെങ്കിലും ഉണ്ടാവുമോ എന്ന്? എന്നാലിപ്പോഴിതാ എന്തുകൊണ്ടാണ് താൻ വിവാഹം കഴിക്കാതെ പോയതെന്നതിനെപ്പറ്റി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുകയാണ്. സംഗീതവും നൃത്തവുമറിയാവുന്ന ഒരാളെ ജീവിത സഖിയാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. വീട്ടുകാർ വിവാഹാലോചന നടത്തുന്നതിനിടയിൽ കുടുംബത്തിലെ ഒരു പെൺകുട്ടി തന്നോട് പ്രണയം തുറന്നുപറഞ്ഞു. അങ്ങനെ തങ്ങൾ പ്രണയത്തിലായി. എന്നാൽ ഇരുവീട്ടുകാരും ബന്ധത്തെ എതിർത്തു. സിനിമാക്കാരനാണെന്നതായിരുന്നു പെൺകുട്ടിയുടെ വീട്ടുകാർ കണ്ട പോരായ്മ. വീട്ടുകാരുടെ മനസ് മാറാൻ വേണ്ടി എട്ടു വർഷത്തിലധികം കാത്തിരുന്നു.
ഇരുവീട്ടുകാരും തമ്മിൽ പ്രശ്നങ്ങളുണ്ടായി. വിഷയത്തിൽ അമൃതാനന്ദമയിയും കരുണാനിധിയും വരെ ഇടപെട്ടിട്ടുണ്ടെന്ന് ഇടവേള ബാബു പറയുന്നു. അമൃതാനന്ദമയിക്ക് ആ പെൺകുട്ടിയെ അറിയാമായിരുന്നു. ആ പെൺകുട്ടിയെക്കുറിച്ച് സംസാരിക്കാനായി താൻ അമൃതപുരിയിലേക്ക് പോയി. വിവാഹവുമായി മുന്നോട്ടുപോകാനായിരുന്നു അമൃതാനന്ദമയിയുടെ നിർദേശം. എന്നാൽ ഇതിനിടയിൽ പെൺകുട്ടിയെ വീട്ടുകാർ തമിഴ്‌നാട്ടിലേക്ക് കടത്തി. അവിടെ നിന്ന് കാനഡയിലേക്ക് കടത്താനായിരുന്നു പ്ലാൻ. അങ്ങനെ കൊച്ചിൻ ഹനീഫ വഴി കരുണാനിധിയെ ബന്ധപ്പെട്ടു. ഹെബിയസ് കോർപസ് നൽകാൻ തീരുമാനിച്ചു.
എന്നാൽ ഒരുപാട് പേരെ വേദനിപ്പിച്ചുകൊണ്ട് ഒന്നിക്കേണ്ടെന്ന് തങ്ങൾ തീരുമാനിച്ചു. മറ്റൊരു വിവാഹം വേണ്ടെന്ന് അന്ന് തന്നെ തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ആ പെൺകുട്ടി ഇന്ന് വിദേശത്ത് ഡോക്‌ടറാണെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. പക്ഷെ താൻ വിവാഹിതനാവാത്തത് അമ്മയുടേയും അച്ഛന്റെയും വലിയ ദുഖമായിരുന്നുവെന്നും വീട്ടിലെത്തുന്ന സുഹൃത്തുക്കളോടൊക്കെ പെട്ടെന്ന് വിവാഹം കഴിക്കാൻ തന്നെ നിർബന്ധിക്കണമെന്ന് പറയുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. താൻ പക്ഷേ അതിന് വഴങ്ങിയല്ലെന്നും അച്ഛനും അമ്മയും പറഞ്ഞതിൽ വിവാഹക്കാര്യം മാത്രമാണ് താൻ അനുസരിക്കതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.