കഴിഞ്ഞ ദിവസമാണ് നടി ഭാമ വിവാഹത്തെ സംബന്ധിച്ച് തന്റെ കുറിപ്പ് പോസ്റ്റിട്ടത്. ഇതോടെ ഭാമയുടെ ഡിവോഴ്സിന് കാരണം ഇതാണോ എന്ന രീതിയിലായി ചർച്ചകൾ. എന്നാലിപ്പോഴിതാ തന്റെ പോസ്റ്റിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാമ. പറഞ്ഞതിലെ വസ്തുത മനസ്സിലാക്കാതെയാണ് തന്നെ വിമർശിക്കുന്നതെന്നും സ്ത്രീധനം കൊടുത്ത് സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും ഭാമ പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ വിശദീകരണം. ‘‘ഇന്നലെ ഞാനിട്ട എഴുത്തില്‍ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മള്‍ സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്.
അങ്ങനെ ചെയ്താലുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ചുമാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്ക് കൊടുക്കുന്ന സമ്മര്‍ദ്ദം, അതുമൂലം സ്വന്തം ജീവനു വരെ ഭീഷണിയോടെ ഒരു വീട്ടില്‍ പേടിച്ച് കഴിയേണ്ടി വരിക. കുഞ്ഞുങ്ങള്‍ കൂടെ ഉണ്ടെങ്കില്‍ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതെല്ലാമാണ് പറയാന്‍ ശ്രമിച്ചത്. അങ്ങനെ സ്ത്രീകള്‍ ഒരിക്കലും വിവാഹം ചെയ്യരുതേ എന്നാണ്’’. വിവാഹശേഷമാണെങ്കില്‍ സമ്മര്‍ദ്ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. അല്ലാതെ സ്ത്രീകള്‍ വിവാഹമേ ചെയ്യരുത് എന്നല്ല. എഴുതിയതിന്റെ ആശയം മനസ്സിലാക്കുമെന്ന് കരുതുന്നു. നന്ദി. എല്ലാവര്‍ക്കും നല്ലൊരു ദിവസം ആശംസിക്കുന്നു എന്നുമായിരുന്നു പോസ്റ്റ്.