ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും സ്വന്തമാക്കിയാണ് ലൂസിഫര്‍ കുതിച്ചത്. അഭിനേതാവായെത്തിയപ്പോള്‍ തന്നെ സംവിധാനമോഹത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നു. അന്ന് താരപുത്രന്റെ അതിമോഹമാണെന്ന് പറഞ്ഞ് വിമര്‍ശിച്ചവര്‍ പോലും അദ്ദേഹത്തിനായി കൈയ്യടിച്ച് രംഗത്തെത്തിയിരുന്നു. ആദ്യദിനത്തില്‍ 12 കോടി സ്വന്തമാക്കിയ ചിത്രം 8 ദിവസം കൊണ്ടുതന്നെ 100 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, സാനിയ ഇയ്യപ്പന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.
കാസ്റ്റിങ്ങിന്റെ കാര്യത്തിലും മോഹന്‍ലാലെന്ന അഭിനേതാവിനെ കൃത്യമായി വിനിയോഗിക്കുന്നതിലും പൃഥ്വിരാജ് വിജയിച്ചുവെന്നായിരുന്നു സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും ഒരുപോലെ പറഞ്ഞത്. മുരളി ഗോപിയായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. നാളുകള്‍ക്ക് ശേഷം പഴയ പ്രൗഢിയോടെ മോഹന്‍ലാലിനെ തിരിച്ചുകിട്ടിയെന്നായിരുന്നു ആരാധകരും പറഞ്ഞത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. യഥാര്‍ത്ഥത്തില്‍ ആരാണ് സ്റ്റീഫനെന്നുള്ള കാര്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല. ഇതിനായി രണ്ടാം ഭാഗം ഒരുക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
ഇപ്പോഴിതാ ലൂസിഫര്‍ 2 യാഥാര്‍ത്ഥ്യമാകുന്നതിന്‍റെ വ്യക്തമായ സന്ദേശവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാലും പൃഥ്വിരാജും മുരളി ഗോപിയും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവര്‍ ലൂസിഫര്‍ 2 എത്തുന്നുവെന്ന സൂചന നല്‍കിയത്. ഹാഷ്ടാഗില്‍ എല്‍ എന്ന് എഴുതിയിട്ടുള്ളതാണ് ആരാധകരെ ത്രസിപ്പിക്കുന്നത്. നാളെ വൈകുന്നേരം ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും താരങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു. മോഹന്‍ലാലിന്‍റെ കൊച്ചിയിലെ വീട്ടില്‍ വച്ച് അഞ്ച് മണിക്കാകും പ്രഖ്യാപനമെന്നാണ് സൂചന. ചിത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പൃഥ്വിരാജ് തന്നെയാകുമോ സംവിധാനം എന്നകാര്യത്തിലും വ്യക്തത കൈവരേണ്ടതുണ്ട്. അതേസമയം താരങ്ങളുടെ പോസ്റ്റിന് താഴെ കട്ടവെയിറ്റിംഗ് എന്ന കമന്‍റുകളുമായി ആവേശത്തോടെ ആരാധകര്‍ നിറഞ്ഞിട്ടുണ്ട്.
എല്‍.ദ് ഫിനാലെ നാളെ വൈകിട്ട് ആറ് മണിക്ക് എന്നാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്. നേരത്തെ രണ്ടാം ഭാഗത്തെക്കുറിച്ച് ചില റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ മോഹന്‍ ലാല്‍ തന്നെ ചിത്രം ഔദ്യേഗികമായി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍ . അടുത്തിടെ ഒരഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
രണ്ടാം ഭാഗത്തിന്റെ ചില ആശയങ്ങൾ മനസ്സിലുണ്ട്. അതിൽ മുന്നോട്ടുപോകുന്നുമുണ്ട്. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ കാന്‍വാസില്‍ രണ്ടാം ഭാഗം അണിയിച്ചൊരുക്കേണ്ടി വരും. ലൂസിഫര്‍ 2 യാഥാർഥ്യമാക്കണമെങ്കില്‍ തീര്‍ച്ചയായും വലിയൊരു ബജറ്റ് തന്നെ വേണ്ടി വരും.’തിരക്കഥാകൃത്ത് മുരളി ഗോപിയും ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ചുളള ചില സൂചനകള്‍ നല്‍കിയിരുന്നു. മുരളി ഗോപി സമൂഹമാധ്യമത്തിൽ ഒരു കറുത്ത കുതിരയുടെയും വെളുത്ത കുതിരയുടെയും ചിത്രം പങ്കു വച്ചു കൊണ്ട് ഇങ്ങനെ കുറിച്ചു ‘In the same garden, under the same grey sky, graze Black and White. #L’.രണ്ടാം ഭാഗം യാഥാർഥ്യമാവുകയാണെങ്കില്‍ അബ്രാം ഖുറേഷിക്കൊപ്പം തുല്യ പ്രാധാന്യമുളള റോളില്‍ സയിദ് മസൂദ് എത്തുമെന്നും റിപ്പോർട്ട് ഉണ്ട്. ലൂസിഫര്‍ 2വില്‍ മോഹന്‍ലാലും പൃഥ്വിയും ഉണ്ടെന്ന ഊഹാപോഹങ്ങൾ ഏറുമ്പോൾ മറ്റ് താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.