യുവനടിയെ പീഡിപ്പിച്ച കേസിൽ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയുമായി ബന്ധപ്പെട്ട കേസിലെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ യുവനടി പീഡന പരാതിയുമായി രംഗത്ത് വന്നത്. ഇതിന് മുന്നേയും യുവനടി സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് സിദ്ദിഖ് പീഡിപ്പിച്ചുവെന്നായിരുന്നു നടിയുടെ പരാതി. ഇത് പ്രകാരം പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 ബലാത്സംഗം, 506 ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ സിദ്ദിഖിനെതിരെ ചുമത്തി കേസെടുക്കുകയായിരുന്നു.

പല വസ്തുതകളും സിദ്ദിഖ് മറച്ചുവെക്കുകയാണെന്നും ഇരുവരും മസ്‌ക്കറ്റ് ഹോട്ടലില്‍ എത്തിയതിന് തെളിവുണ്ടെന്നും സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി നാരായണന്‍ കോടതിയിൽ വാദിച്ചു. സിനിമയുടെ സ്ക്രീനിം​ഗുമായി ബന്ധപ്പെട്ട തെളിവുകളും ഇരുവരും സംഭവ ദിവസം മസ്കറ്റ് ഹോട്ടലിൽ എത്തിയതിന്റേയും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാഹചര്യ തെളിവുകൾ സിദ്ദീഖിന് എതിരായിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

Merlin Antony :