മർദ്ദിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ഫോൺ സന്ദേശം എത്തി! നമ്പർ സഹിതം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാലോകത്തെ പിടിച്ച് കുലുക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. ഒന്നിലേറെ താരങ്ങൾക്കെതിരെ ഇതിനോടകം ആരോപണം വന്നു. തുറന്ന് പറച്ചിലുകൾ തുടരെ വന്ന് കൊണ്ടിരിക്കുകയാണ്. സിനിമാ രം​ഗത്തെ പ്രശ്നങ്ങൾക്കെതിരെ ശബ്ദിച്ച ഡബ്ല്യുസിസി സംഘടനയെ നിരവധി പേർ ഇപ്പോൾ അഭിനന്ദിക്കുന്നുണ്ട്. ഇപ്പോഴിതാ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്ക് ഭീഷണി എത്തിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താറുള്ള ആളാണ് ഭാഗ്യ ലക്ഷ്മി. മർദ്ദിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ഫോൺ സന്ദേശം എത്തിയതായി ഭാഗ്യലക്ഷ്മി പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ഭാഗ്യലക്ഷ്മി.

രാവിലെയോടെയായിരുന്നു ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ കോൾ എത്തിയത്. ഡബ്ല്യുസിസിയ്‌ക്കൊപ്പം നിന്നാൽ അടിയ്ക്കുമെന്ന് വിളിച്ചയാൾ പറഞ്ഞതായി ഭാഗ്യലക്ഷ്മി പറഞ്ഞു. ഫോൺവിളിച്ചയാൾ ഭാഗ്യലക്ഷ്മിയാണോ എന്ന് സൗമ്യമായി ചോദിച്ചു. ഇതിന് പിന്നാലെ അയാൾ ഭീഷണി തുടരുകയായിരുന്നു. താൻ അത്യാവശ്യം നന്നായി മറുപടി കൊടുത്തു. ഇതോടെ അയാൾ ഫോൺ കട്ട് ചെയ്ത് പോയി എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇത് താൻ പ്രതീക്ഷിച്ചിരുന്നു. പരാതിയായി മുന്നോട്ട് തന്നെ പോകും. ആദ്യമായിട്ടാണ് തനിക്ക് ഇത്തരം അനുഭവം. നമ്പർ നോട്ട് ചെയ്തിട്ടുണ്ട്. സൈബർ സെല്ലുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതെല്ലം തനിക്ക് തമാശ ആയിട്ടാണ് തോന്നുന്നത് എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

Merlin Antony :